ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപത്തില്‍ വിശദാംശങ്ങള്‍ തേടിയെന്ന് ധനകാര്യ മന്ത്രാലയം
ന്യൂഡെല്‍ഹി: ദീര്‍ഘകാല പ്രവണതയില്‍ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം സ്വിസ്ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കുതിച്ചുയര്‍ന്നതില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയും. നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ സ്വിസ് കേന്ദ്രബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
2019 മുതല്‍ സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ ഉപഭോക്തൃ നിക്ഷേപം കുറയുകയാണ്. എന്നാല്‍ 2020 ല്‍ വ്യക്തികളും സ്ഥാപനങ്ങളും ട്രസ്റ്റുകളും നടത്തിയ നിക്ഷേപത്തില്‍ വലിയ മാറ്റം ഉണ്ടാകാനുള്ള കാരണങ്ങളെ കുറിച്ചുള്ള അവരുടെ വീക്ഷണത്തിനൊപ്പം, പ്രസക്തമായ വസ്തുതകളെ കുറിച്ചും വിശദാംശങ്ങള്‍ നല്‍കണമെന്നാണ് സ്വിസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇതിന്‍റെ കൃത്യം എണ്ണം വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും 2020ല്‍ സ്വിസ് ബാങ്കുകളില്‍ നടത്തിയ നിക്ഷേപം 20,700 കോടി രൂപയിലധികമാണെന്ന് (2.55 ബില്യണ്‍ സ്വിസ് ഫ്രാങ്ക്) കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ശാഖകളിലൂടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലൂടെയും നടത്തിയ നിക്ഷേപങ്ങള്‍ ഉള്‍പ്പടെയാണിത്.
ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപങ്ങളില്‍ 4,000 കോടിയിലധികം കസ്റ്റമര്‍ ഡെപ്പോസിറ്റുകളാണ്. മറ്റ് ബാങ്കുകളുടെ നിക്ഷേപം 3,100 കോടിയിലധികം വരും. വിശ്വസ്തര്‍ അല്ലെങ്കില്‍ ട്രസ്റ്റുകള്‍ വഴി 5 16.5 കോടി ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ബോണ്ടുകള്‍, സെക്യൂരിറ്റികള്‍, മറ്റ് വിവിധ സാമ്പത്തിക ഉപകരണങ്ങള്‍ എന്നിവയുടെ രൂപത്തിലുള്ള നിക്ഷേപം 13,500 കോടി രൂപയോളമാണ്.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ കൈവശം വച്ചിരിക്കുന്നതായി ആരോപിക്കപ്പെടുന്ന കള്ളപ്പണത്തിന്‍റെ അളവ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നില്ലെന്ന് ധനകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യന്‍ കമ്പനികളുടെ ബിസിനസ്സ് ഇടപാടുകള്‍ വര്‍ദ്ധിക്കുന്നത്, ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന സ്വിസ് ബാങ്ക് ശാഖകളുടെ ബിസിനസ്സ് മൂലം നിക്ഷേപം വര്‍ദ്ധിക്കുന്നത്, സ്വിസ്, ഇന്ത്യന്‍ ബാങ്കുകള്‍ തമ്മിലുള്ള അന്തര്‍ ബാങ്ക് ഇടപാടുകള്‍ എന്നിവ ഉള്‍പ്പടെയുള്ള കാരണങ്ങള്‍ നിക്ഷേപങ്ങളുടെ വര്‍ദ്ധനവിന് കാരണമായേക്കൊം എന്ന നിഗമനവും മന്ത്രാലയം മുന്നോട്ടുവെക്കുന്നുണ്ട്.
കൂടാതെ, ഒരു സ്വിസ് കമ്പനിയുടെ ഇന്ത്യന്‍ ഉപകമ്പനിയുടെ മൂലധന വര്‍ധനയും ഡെറിവേറ്റീവ് ഫിനാന്‍ഷ്യല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട ബാധ്യതകളുടെ വര്‍ധനവുമാണ് നിക്ഷേപത്തിന്‍റെ കുതിപ്പിന് മറ്റ് കാരണങ്ങളെന്ന് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
സ്വിറ്റ്സര്‍ലന്‍ഡും ഇന്ത്യയും തമ്മില്‍ നികുതി കാര്യങ്ങളിലെ സ്വാഭാവിക കൈമാറ്റം 2018 മുതല്‍ പ്രാബല്യത്തില്‍ ഉണ്ട്. ഈ ചട്ടക്കൂടിനു കീഴില്‍, 2018 മുതല്‍ സ്വിസ് ധനകാര്യ സ്ഥാപനങ്ങളില്‍ എക്കൗണ്ടുള്ള എല്ലാ ഇന്ത്യന്‍ നിവാസികളുടെയും വിശദമായ സാമ്പത്തിക വിവരങ്ങള്‍ ഇന്ത്യന്‍ നികുതി അധികാരികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം പറയുന്നു. 2019 സെപ്റ്റംബറിലാണ് ആദ്യമായി വിവരങ്ങള്‍ കൈമാറിയത്. ഇത് എല്ലാ വര്‍ഷവും തുടരുകയാണെന്നും മന്ത്രാലയം പറഞ്ഞു.