സംസ്ഥാനത്ത് സംരംഭകത്വ വികസന കേന്ദ്രങ്ങള്‍ തുടങ്ങുന്നു
1 min readഅങ്കമാലി ഇന്‍കെല്‍ ടവറിലാണ് ആദ്യ കേന്ദ്രം
തിരുവനന്തപുരം: ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് സംരംഭകത്വ വികസന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള സംരഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെനര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്)ന്റെ നേതൃത്വത്തില്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്.
അങ്കമാലി ഇന്‍കെല്‍ ടവറിലാണ് ആദ്യ കേന്ദ്രം. തൊഴില്‍ നൈപുണ്യ വികസന വകുപ്പിന് കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെഎഎസ്ഇ) കാമ്പസിലാണ് സംരംഭകത്വ വികസന കേന്ദ്രം തുടങ്ങുന്നത്. കെഎഎസ്ഇ കാമ്പസില്‍ കോ-വര്‍ക്കിങ് / ഇന്‍കുബേഷന്‍ സൗകര്യങ്ങളോടു കൂടിയാണ് സംരംഭകത്വ വികസന കേന്ദ്രം ആരംഭിക്കുന്നത്.
ഇന്‍കുബേഷനും വര്‍ക്കിങ് സ്പേസും നല്‍കുക, സംരംഭകത്വം ത്വരിതപ്പെടുത്തുക, പരിശീലനവും നൈപുണ്യ വികസനവും നല്‍കുക എന്നിവയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. മെന്ററിംഗ് സേവനം, മാര്‍ക്കറ്റിംഗ് ലിങ്കേജുകള്‍, സംഭംരഭകര്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവയും സംരംഭകത്വ വികസന കേന്ദ്രത്തിലൂടെ ലഭ്യമാക്കും.കളമശ്ശേരിയിലുള്ള കീഡിന്റെ കാമ്പസില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക്കും ആരംഭിക്കുന്നുണ്ട്.