മസ്ക്കിന്‍റെ സാറ്റലൈറ്റിന് ഇന്ത്യയില്‍ തടയിട്ടത് ഇവര്‍…
- ഇന്‍റര്‍നെറ്റ് ജനകീയവല്‍ക്കരിക്കുന്ന ഇലോണ്‍ മസ്ക്കിന്‍റെ പദ്ധതിക്കെതിരെ ടെലികോം ഭീമൻമാർ
- ഫേസ്ബുക്കും ഗൂഗിളും മൈക്രോസോഫ്റ്റും ഉള്‍പ്പടെയുള്ള വമ്പൻമാർ മസ്ക്കിനെതിരെ
- പദ്ധതിയുടെ ബീറ്റ വേര്‍ഷന്‍ ഇന്ത്യയില്‍ തടയണമെന്ന് ട്രായ്ക്കും ഐഎസ്ആര്‍ഒയ്ക്കും കത്ത്
ന്യൂഡെല്‍ഹി: ഗ്രാമീണ മേഖലകളില്‍ ഇന്‍റര്‍നെറ്റ് വിപ്ലവത്തിന് തിരികൊളുത്തുന്ന, സംരംഭക ഇതിഹാസം ഇലോണ്‍ മസ്ക്കിന്‍റെ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതിക്ക് ഇന്ത്യയില്‍ നേരത്തെ തടയിട്ട് ടെലികോം ഭീമൻമാർ. വളരെ നേരത്തെ തന്നെ ഇന്ത്യയുടെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് മേഖലയിലേക്ക് കടക്കാനുള്ള മസ്ക്കിന്‍റെ ശ്രമത്തിനെതിരെയാണ് വന്‍കിട കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍, ഹ്യൂഗ്സ്, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻമാർ നേതൃത്വം നല്‍കുന്ന സംഘടന മസ്ക്കിന്‍റെ പദ്ധതിക്കെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്കും ഐഎസ്ആര്‍ഒയ്ക്കും കത്തെഴുതി.
മസ്ക്കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് സര്‍വീസസിന്‍റെ ബീറ്റ വേര്‍ഷന്‍ ഇന്ത്യയില്‍ പ്രീസെല്ലിംഗ് നടത്തുന്നത് വിലക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഇത്തരത്തിലുള്ള സേവനം നല്‍കാന്‍ സ്പേസ് എക്സിന് ലൈസന്‍സോ സര്‍ക്കാര്‍ അനുമതിയോ ഇല്ലെന്നാണ് ടെലികോം കമ്പനികളുടെ പക്ഷം.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്‍റെ പ്രൊജക്റ്റ് ക്യുപ്പര്‍, ഭരതി ഗ്രൂപ്പിന്‍റെ വണ്‍ വെബ് തുടങ്ങിയ വന്‍സാറ്റ്കോം പദ്ധതികള്‍ക്കെല്ലാം ഭീഷണിയാണ് ടെസ്ല, സ്പേസ് എക്സ് സ്ഥാപകനായ ഇലോണ്‍ മസ്ക്കിന്‍റെ സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് പദ്ധതി.
റീഫണ്ട് ലഭ്യമായ 7,000 രൂപയുടെ ഡിപ്പോസിറ്റ് വാങ്ങിയാണ് സാറ്റലൈറ്റ് അധിഷ്ഠിത ഇന്‍റര്‍നെറ്റ് സേവനത്തിന്‍റെ ബീറ്റ വേര്‍ഷന്‍ ഇലോണ്‍ മസ്ക്ക് ഇന്ത്യയില്‍ വില്‍ക്കുന്നത്. 2022 ആകുമ്പോഴേക്കും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനാണ് മസ്ക്കിന്‍റെ പദ്ധതി. ഭ്രമണപഥത്തിലേക്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചാണ് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക. വലിയ വിപ്ലവമാകും ഇത് ടെലികോം മേഖലയിലുണ്ടാക്കുക. ആദ്യം വരുന്നവര്‍ക്കാണ് മുന്‍ഗണനയെന്ന് സ്പേസ് എക്സ് വ്യക്തമാക്കിയിട്ടുണ്ട്. 2022 ആകുമ്പോഴേക്കും സമാന പദ്ധതി അവതരിപ്പിക്കാനാണ് ഭാരതി ഗ്ലോബലിന്‍റെ വണ്‍ വെബ്ബും ഉദ്ദേശിക്കുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളെയാണ് ഇവരെല്ലാം തന്നെ ഉന്നമിടുന്നത്.
ടെലികോം കമ്പനികളുടെ പരാതി പരിഗണിക്കുന്നേയുള്ളൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ഇന്ത്യന്‍ ഓപ്പറേഷന്‍സ് സജീവമാക്കി രാജ്യത്ത് നിക്ഷേപം നടത്താന്‍ തുനിയുന്ന മസ്ക്കിന്‍റെ വമ്പന്‍ പദ്ധതികള്‍ക്ക് തടയിടാനുള്ള നീക്കത്തത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുമോയെന്നത് കണ്ടറിയണം.
2012 മെയ് 22ന് ഫാല്‍ക്കന്‍ 9 എന്ന റോക്കറ്റ് വിക്ഷേപിച്ചാണ് സ്പേസ് എക്സ് ചരിത്രം സൃഷ്ടിച്ചത്. റോക്കറ്റ് വിക്ഷേപണം സാധ്യമാക്കിയ ആദ്യ സ്വകാര്യ കമ്പനിയായിരുന്നു മസ്ക്കിന്‍റെ സ്പേസ് എക്സ്. പുനരുപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകള്‍ കൂടി വിക്ഷേപിച്ചതോടെ വലിയ മാറ്റമാണ് ബഹിരാകാശ വ്യവസായത്തില്‍ ഉണ്ടായത്.