ബിറ്റ്കോയിന്‍ ഉപയോഗിച്ച് ടെസ്ല വാങ്ങാമെന്ന് മസ്ക്ക്
-
പോയ മാസം ബിറ്റ്കോയിനില്‍ ടെസ്ല 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു
-
യുഎസിന് പുറത്തുള്ളവര്‍ക്കും ബിറ്റ്കോയിന്‍ നല്‍കി ടെസ്ല വാങ്ങാം
-
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നതെന്ന് മസ്ക്ക്
കാലിഫോര്‍ണിയ: ഓട്ടോമേഖലയില്‍ പുതിയ വിപ്ലവത്തിന് തിരി കൊളുത്തി സംരംഭക ഇതിഹാസം ഇലോണ്‍ മസ്ക്ക്. അദ്ദേഹത്തിന്‍റെ ഇലക്ട്രിക് കാറായ ടെസ്ല ഇനി ബിറ്റ്കോയിന്‍ ഉപയോഗിച്ച് വാങ്ങാം. മസ്ക്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസില്‍ താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ തന്നെ ബിറ്റ്കോയിന്‍ നല്‍കി ടെസ്ല വാങ്ങാവുന്നതാണെന്ന് മസ്ക്ക് പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം തന്നെ യുഎസിന് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ബിറ്റ്കോയിന്‍ ഉപയോഗിച്ച് ടെസ്ല വാങ്ങാന്‍ സാധിക്കും.
പോയ മാസമാണ് ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിനില്‍ 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നതായി ടെസ്ല പ്രഖ്യാപിച്ചത്. ഇത് വിപണിയില്‍ വലിയ ചര്‍ച്ചയായിരുന്നു. മസ്ക്കിന്‍റെ പുതിയ നീക്കം ഏവരും സംശയദൃഷ്ടിയോടെ നോക്കുന്ന ബിറ്റ്കോയിന് പുതിയ വിശ്വാസ്യത നല്‍കിയേക്കും.
എങ്ങനെ ബിറ്റ്കോയിന്‍ ഉപയോഗിച്ച് ടെസ്ല വാങ്ങാമെന്നത് സംബന്ധിച്ച് വിശദമായ കുറിപ്പും സപ്പോര്‍ട്ട് പേജും ടെസ്ല വെബ്സൈറ്റിലുണ്ട്. പേമെന്‍റ് സ്വീകരിക്കുന്നതിനായി ഇന്‍റേണല്‍ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നതെന്ന് മസ്ക്ക് വ്യക്തമാക്കി.
സ്ഥാപനങ്ങള്‍ക്ക് ബിറ്റ്കോയിനില്‍ താല്‍പ്പര്യം കൂടിവരികയാണ്. ഒരു വര്‍ഷത്തിനിടെ 600 ശതമാനം വളര്‍ച്ചയാണ് ബിറ്റ്കോയിനിന്‍റെ മൂല്യത്തിലുണ്ടായിരിക്കുന്നത്. ശതകോടീശ്വര സംരംഭകനായ ഇലോണ്‍ മസ്ക്ക് ബിറ്റ്കോയിനില്‍ നിക്ഷേപം നടത്തിയതോടെ കറന്‍സിയുടെ വിലയില്‍ വമ്പന്‍ കുതിപ്പുണ്ടായിരുന്നു. കൂടുതല്‍ സ്ഥാപനങ്ങള്‍ ഈ കറന്‍സിയെ അംഗീകരിച്ചേക്കും.
പ്രധാനമായും ഇന്‍റര്‍നെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. ഇത് ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കില്‍ അല്ലെങ്കില്‍ സോഫ്റ്റ്വെയര്‍ കോഡാണ്. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ ‘ക്രിപ്റ്റോ കറന്‍സി’ എന്നു വിളിക്കുന്നത്.