October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

2022 പകുതിയോടെ ഈജിപ്ത് ഇലക്ട്രിക് കാര്‍ നിര്‍മ്മാണം ആരംഭിക്കും

അടുത്ത മാസം പതിമൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ ഈജിപ്ഷ്യന്‍ നിരത്തുകളില്‍ പരീക്ഷിക്കും


കെയ്‌റോ: ഇലക്ട്രിക് വാഹന മേഖലയില്‍ ഉറച്ച കാല്‍വെപ്പുകളുമായി ഈജിപ്ത്. 2022 പകുതിയോടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ പൂര്‍ണതോതിലുള്ള നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി അടുത്ത മാസം ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്തെ നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈജിപ്ത്.

ഇറക്കുമതി ചെയ്ത പതിമൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത മാസം നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് ഈജിപ്തിലെ പബ്ലിക് എന്റെര്‍പ്രൈസ് വകുപ്പ് മന്ത്രി ഹിഷാം തൗഫീഖ് പറഞ്ഞു. നസര്‍ ഇ70യെന്ന ഇലക്ട്രിക് കാറിന്റെ അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനിയായ യൂബര്‍ നിര്‍ദ്ദേശിക്കുന്ന ഡ്രൈവര്‍മാരെ ഉപയോഗിച്ചായിരിക്കും ഒമ്പത് ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പബ്ലിക് എന്റെര്‍പ്രൈസ്് മന്ത്രാലയത്തിന്റെ മെറ്റലര്‍ജിക്കല്‍ ഇന്‍ഡസ്ട്രീസ് കമ്പനിയായ എല്‍ നസര്‍ ഓട്ടോമോട്ടീവ് നിര്‍മ്മാണ കമ്പനി 2022 പകുതിയോടെ എല്‍ നസറിന്റെ നിര്‍മ്മാണം ആരംഭിക്കും. എല്‍ നസര്‍ കമ്പനി ഉള്‍പ്പടെ മന്ത്രാലയത്തിന് കീഴിലുള്ള കമ്പനികളെ പുനഃസംഘടിപ്പിക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി 2019 പകുതി മുതല്‍ രാജ്യത്ത് ഇലക്ട്രിക് കാര്‍ നിര്‍മാണത്തിനുള്ള സാധ്യതകള്‍ സംബന്ധിച്ച് മന്ത്രാലയം പഠനം നടത്തി വരികയായിരുന്നുവെന്ന് തൗഫീഖ് പറഞ്ഞു. ഇലക്ട്രിക് കാറുകളോടുള്ള ആഗോള നയങ്ങളുടെ ഭാഗമാണ് ഈ പ്രോജക്ടെന്നും സംശുദ്ധ ഊര്‍ജ്ജ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന വാഹനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കാനുള്ള പ്രസിഡന്റ് അബ്ദേല്‍ ഫത്ത എല്‍ സീസിയുടെ നിര്‍ദ്ദേശവും പ്രോജക്ടിന് കാരണമായെന്നും തൗഫീഖ് പറഞ്ഞു.

ചൈനയിലെ വന്‍കിട വാഹന നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ഡോങ്‌ഫെങ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഈജിപ്ത് നസര്‍ ഇ70 വാഹനകള്‍ നിര്‍മ്മിക്കുകയെന്നും മന്ത്രി അറിയിച്ചു. മാസങ്ങള്‍ നീങ്ങ വിലപേശലുകള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച് ഇരുകമ്പനികളും കരാറില്‍ ഒപ്പുവെച്ചത്. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് കാറിന്റെ ചിത്രങ്ങള്‍ എന്റെര്‍പ്രൈസ് മന്ത്രാലയം കഴിഞ്ഞിടെ പുറത്തുവിട്ടിരുന്നു. ബാറ്ററിയും കപ്പാസിറ്റിയും അനുസരിച്ച് മൂന്ന് തരത്തിലുള്ള ഇലക്ട്രിക് കാര്‍ മോഡലുകളായിരിക്കും രാജ്യത്തുണ്ടായിരിക്കുകയെന്ന് എല്‍ നസര്‍ സിഇഒ ഹനി എല്‍ കൗലി വ്യക്തമാക്കി.

തുടക്കത്തില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യമായ ബാറ്ററി ചൈനയില്‍ നിര്‍മ്മിക്കും. പിന്നീട് ബാറ്ററി നിര്‍മ്മാണവും ഈജിപ്തില്‍ തന്നെയാകും. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലോടുന്ന നസര്‍ ഇ70ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. ഇലക്ട്രിക് കാറുകളുടെ പരിശോധനകള്‍ക്ക് പിന്നാലെ ചൈനയില്‍ നിന്നുള്ള വിദഗ്ധ സംഘം ഈജിപ്തിലെത്തുമെന്ന് കൗലി പറഞ്ഞു. തദ്ദേശീയ വിപണിയെ പിന്താങ്ങുന്നതിനായി നസര്‍ ഇ70ക്ക് സര്‍ക്കാര്‍ ഏകദേശം 50,000 ഈജിപ്ഷ്യന്‍ പൗണ്ട് (13,333 ഡോളര്‍) സബ്‌സിഡി അനുവദിക്കും.

അതേസമയം അടുത്ത മാസം ആരംഭിക്കുന്ന ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണം നാല് മാസത്തോളം തുടരും.

Maintained By : Studio3