November 4, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ; ദുബായിൽ ബാറുകൾ അടച്ചു;  മാളുകളിൽ സന്ദർശകർക്ക് നിയന്ത്രണം

1 min read

ഈ മാസം അവസാനം വരെ നിയന്ത്രണങ്ങൾ തുടരും

ദുബായ്: നിലവിലെ കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് ദുബായിൽ നിയന്ത്രണങ്ങൾ കർശനമാക്കി. എമിറേറ്റിലെ പബ്ബുകളും ബാറുകളും അടച്ചു. മാളുകളിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ദുബായിലെ ദുരന്ത നിവാരണ, ക്രൈസിസ് മാനേജ്മെന്റുമായി ബന്ധപ്പെട്ട സൂപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. നിയന്ത്രണങ്ങൾ ഈ മാസം അവസാനം വരെ തുടരും. കോവിഡ്-19 നിയന്ത്രണ‌ങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായാണ് ദിവസേനയുള്ള കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കാനും തീരുമാനമായി.

മറ്റ് തീരുമാനങ്ങൾ ഇവയാണ്

  • സിനിമാസ്, വിനോദ, കായിക കേന്ദ്രങ്ങൾ തുടങ്ങി ഇൻഡോർ വേദികളിൽ കാണികൾക്ക് നിയന്ത്രണം; പരമാവധി സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം കാണികളെ മാത്രമേ ഇനി മുതൽ ഇവിടങ്ങളിൽ അനുവദിക്കൂ.  നിയന്ത്രണം കർശനമായി നടപ്പിലാക്കും.

  • ഹോട്ടലുകളിൽ പരമാവധി കപ്പാസിറ്റിയുടെ 70 ശതമാനം ആളുകളെ മാത്രമേ അനുവദിക്കൂ. പുതുക്കിയ കപ്പാസിറ്റി മാനദണ്ഡം പരിഗണിച്ച് മാത്രമേ പുതിയ ബുക്കിംഗുകൾ സ്വീകരിക്കാവൂ

  • ഹോട്ടലുകളിലെ സ്വിമ്മിംഗ് പൂളുകളിലും പ്രൈവറ്റ് ബീച്ചുകളിലും പരമാവധി കപ്പാസിറ്റിയുടെ 70 ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ.

  • ഷോപ്പിംഗ് മാളുകളിലും പരമാവധി കപ്പാസിറ്റിയുടെ 70 ശതമാനം സന്ദർശകർക്ക് മാത്രം പ്രവേശനാനുമതി

  • റെസ്റ്റോറന്റുകളും കഫേകളും രാത്രി ഒരു മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കരുത്. ഇവയുടെ പരിസര പ്രദേശങ്ങളിൽ യാതൊരുവിധ വിനോദ പരിപാടികളും അനുവദിക്കരുത്.

  • പബ്ബുകളും ബാറുകളും അടച്ചിടണം.

പുതിയ നിർദ്ദേശങ്ങളും സാമൂഹിക അകലം, മുഖാവരണ‌ം ധരിക്കൽ അടക്കമുള്ള സുരക്ഷാ മാനദ‌ണ്ഡങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി ശക്തമായ നിരീക്ഷണവും പരിശോധനകളും ഏർപ്പെടുത്തും. കോവിഡ്-19യുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തി, മനഃപ്പൂർവ്വം പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കമ്മിറ്റി അറിയിച്ചു.

പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസിന്റെ കോൾ സെന്ററിലോ ‘പോലീസ് ഐ’ സേവനത്തിലോ ദുബായ് പോലീസ് ആപ്പിലോ വിവരം അറിയിക്ക‌ണമെന്ന് കമ്മിറ്റി പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

വൈറസ് വ്യാപനം ചെറുക്കുന്നതിനായി ജനുവരിയോടെ തന്നെ ദുബായിലെ റെസ്റ്റോറന്റുകളിലും ജിമ്മുകളിലും പരിപാടികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുതിയ നിർദ്ദേശം അനുസരിച്ച് റെസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയിൽ ഇരിക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം പത്തിൽ നിന്ന് യഥാക്രമം ഏഴായും നാലായും കുറച്ചിട്ടുണ്ട്.

Maintained By : Studio3