ഡിപി വേള്‍ഡിന്റെ അറ്റാദായത്തില്‍ 29 ശതമാനം ഇടിവ്, വരുമാനം 11 ശതമാനം കൂടി
ആഗോള വിതരണ ശൃംഖലകളെ പകര്‍ച്ചവ്യാധി പ്രതികൂലമായി ബാധിച്ചിരുന്നു
ദുബായ് : തുറമുഖ നടത്തിപ്പുകാരായ ഡിപി വേള്‍ഡിന്റെ കഴിഞ്ഞ വര്‍ഷത്തെ അറ്റാദായം 29 ശതമാനം ഇടിഞ്ഞ് 846 മില്യണ്‍ ഡോളറായി. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഫലമായി വിതരണ ശൃംഖലകള്‍ മരവിച്ചതും ആഗോള വ്യാപാര നീക്കം തടസ്സപ്പെട്ടതുമാണ് ലാഭം കുറയാനുള്ള പ്രധാനകാരണങ്ങള്‍. അതേസമയം വെല്ലുവിളി നിറഞ്ഞ സമയത്തും ആഗോള വ്യാപാരം സംബന്ധിച്ച് വിപണി വിദഗ്ധര്‍ക്കുണ്ടായിരുന്ന മോശം പ്രതീക്ഷകളെ തങ്ങള്‍ മറികടന്നതായി ഡിപി വേള്‍ഡ് അവകാശപ്പെട്ടു.
കഴിഞ്ഞ ജൂണില്‍ ഓഹരി വിപണിയില്‍ നിന്നും ഡിലിസ്റ്റ് ചെയ്ത് സമ്പൂര്‍ണ ഉടമസ്ഥതയിലേക്ക് തിരിച്ചുവന്ന, ലോകത്തിലെ തന്നെ ഏറ്റവും വലിയ മാരിടൈം കമ്പനിയായ ടിപി വേള്‍ഡിനെ സംബന്ധിച്ചെടുത്തുമ്പോള്‍ കടുത്ത വെല്ലുവിളികളുടെ വര്‍ഷമായിരുന്നു 2020. ലോകമെമ്പാടും കൊറോണ വൈറസ് കേസുകളിലുണ്ടായ വര്‍ധനയും പ്രാദേശിക പ്രശ്‌നങ്ങളും വ്യാപാര യുദ്ധങ്ങളും കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. എങ്കിലും കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ 11 ശതമാനം വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഡിപി വേള്‍ഡ് വ്യക്തമാക്കി. 8.53 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷത്തെ വരുമാനമായി ഡിപി വേള്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7.68 ബില്യണ്‍ ഡോളര്‍ വരുമാനവും 1.19 ബില്യണ്‍ ഡോളര്‍ ലാഭവുമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഡിപി വേള്‍ഡിന്റെ മാതൃകമ്പനിയായ ദുബായ് വേള്‍ഡിന് വിവിധ ബാങ്കുകളിലായി 5 ബില്യണ്‍ ഡോളര്‍ വായ്പ തിരിച്ചടക്കേണ്ടി വന്ന ഘട്ടത്തിലാണ് കമ്പനി ഓഹരി വിപണിയില്‍ നിന്നും ഡിലിസ്റ്റ് ചെയ്തത്.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ആഗോള വ്യാപാര മേഖല വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രംഗം പകര്‍ച്ചവ്യാധിയില്‍ പിടിച്ചുനിന്നതായി ഡിപി വേള്‍ഡ് വ്യക്തമാക്കി. ഓട്ടോമേഷനും ഡിജിറ്റല്‍ നിക്ഷേപവുമാണ് ഈ മേഖലയ്ക്ക് ഗുണം ചെയ്തത്. കഴിഞ്ഞ മാസങ്ങളിലായി, വളരെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെക്കുന്നത്. കാനഡയിലെ വന്‍കിട പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്പനിയുമായി കഴിഞ്ഞിടെ ഡിപി വേള്‍ഡ് 4.5 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചിരുന്നു. യൂറോപ്പിലും ഏഷ്യ പസഫിക് മേഖലയിലും ഡിപി വേള്‍ഡിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുകയെന്നതാണ് കരാറിന്റെ ലക്ഷ്യം. ഇന്തോനേഷ്യയിലും സെനഗലിലും അങ്കോളയിലും വലിയ തുറമുഖങ്ങളും ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളും പണിയുന്നതിനുള്ള കരാറുകളും ഈ വര്‍ഷം ഡിപി വേള്‍ഡിന് ലഭിച്ചിരുന്നു.
ഇസ്രയേലില്‍ പുതിയതായി സ്വകാര്യവല്‍ക്കരിച്ച ഹൈഫ തുറമുഖ വികസനത്തിനായി ഇസ്രയേലിലെ തുറമുഖ നടത്തിപ്പ് കമ്പനിയുമായി സംയുക്ത നീക്കങ്ങളും ഡിപി വേള്‍ഡ് പദ്ധതിയിടുന്നുണ്ട്. ഇസ്രയേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണനിലയിലേക്ക് കൊണ്ടുവരുന്ന നിര്‍ണായക കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചതിന് ശേഷമാണ് ഡിപി വേള്‍ഡ് ഇസ്രയേലില്‍ വികസന പദ്ധതികള്‍ക്കൊരുങ്ങുന്നത്. അഷ്‌ദോദ്, എയ്‌ലത് തുടങ്ങിയ തെക്കന്‍ നഗരങ്ങളില്‍ അടക്കമുള്ള ഇസ്രയേലിലെ മറ്റ് പ്രധാന തുറമുഖങ്ങളിലും നിക്ഷേപം നടത്താന്‍ കമ്പനിക്ക് ആലോചനയുണ്ടെന്ന് ഡിപി വേള്‍ഡ് ചെയര്‍മനാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലെയം കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇസ്രയേലില്‍ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മികച്ച അടിസ്ഥാനസൗകര്യവും സാമ്പത്തിക, ബിസിനസ് നയങ്ങളും ഉണ്ടെന്നും യൂറോപ്യന്‍ തുറമുഖങ്ങളെ പശ്ചിമേഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കാന്‍ ഇസ്രയേലി തുറമുഖങ്ങള്‍ക്ക് സാധിക്കുമെന്നും സുലെയം പറഞ്ഞു.
കിഴക്ക് ബ്രിസ്‌ബെയ്ന്‍, ഓസ്‌ട്രേലിയ തുടങ്ങി പടിഞ്ഞാറ് പ്രിന്‍സ് റൂപര്‍ട്ട്, കാനഡ വരെ ലോകത്തിലെ തിരക്കേറിയ കപ്പല്‍ പാതകളിലുള്ള 61ഓളം രാജ്യങ്ങളില്‍ ഡിപി വേള്‍ഡ് പ്രവര്‍ത്തനമുണ്ട്. ആഫ്രിക്കന്‍ മുനമ്പ് വരെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള സമഗ്രമായ വികസന പദ്ധതികളാണ് കഴിഞ്ഞ കാലങ്ങളില്‍ കമ്പനി നടപ്പിലാക്കിയത്.