Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ദുബായ് വിമാനത്താവളങ്ങളില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് 25.9 ദശലക്ഷം യാത്രക്കാര്‍ 

1 min read
  • ഏറ്റവുമധികം യാത്രക്കാര്‍ ഇന്ത്യയിലേക്ക് 

  • 86.4 ദശലക്ഷം യാത്രക്കാര്‍ എത്തിയ 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവുണ്ടായി

 

ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധിക്കിടയിലും ദുബായ് വിമാനത്താവളങ്ങളില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് 25.9 ദശലക്ഷം യാത്രക്കാര്‍. ദുബായില്‍ നിന്നും ഇന്ത്യയിലേക്കാണ് ഏറ്റവുമധികം യാത്രക്കാര്‍ എത്തിയത്. വരുംവര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് യാത്രക്കാരുടെ എണ്ണം എത്തുമെന്ന് ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

അതേസമയം 86.4 ദശലക്ഷം യാത്രക്കാര്‍ എത്തിയ 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവുണ്ടായി. ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്‌സ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ലോകത്തിലെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമാണ്. ദുബായില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാംസ്ഥാനത്ത് ഇന്ത്യയാണ് . ഏതാണ്ട് 43 ലക്ഷം ആളുകളാണ് കഴിഞ്ഞ വര്‍ഷം ദുബായില്‍ നിന്നും ഇന്ത്യയിലെത്തിയത്. 18.9 ലക്ഷം യാത്രക്കാരുമായി യുകെയും 18.6 ലക്ഷം യാത്രക്കാരുമായി പാക്കിസ്ഥാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 14 ലക്ഷം യാത്രക്കാരുമായി സൗദി അറേബ്യയാണ് നാലാംസ്ഥാനത്ത്. അതേസമയം ദുബായില്‍ നിന്നും വിവിധ നഗരങ്ങളിലേക്കുള്ള യാത്രക്കാരില്‍ ലണ്ടന്‍ ഒന്നാം സ്ഥാനത്തും മുംബൈ, ന്യൂഡെല്‍ഹി എന്നീ നഗരങ്ങള്‍ മൂന്നും നാലും സ്ഥാനങ്ങളിലുമാണ്.

  ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന് ബഹുമതി

യാത്രാ വ്യവസായ രംഗം ഇതുവരെ കാണാത്ത വെല്ലുവിളികളാണ് കഴിഞ്ഞ വര്‍ഷം തങ്ങള്‍ നേരിട്ടതെന്നും ഈ വെല്ലുവിളികള്‍ക്കിടയിലും 25 ദശലക്ഷത്തിലധികം യാത്രക്കാര്‍ ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്തുവെന്നത് ഒരു നേട്ടമാണെന്ന് ഗ്രിഫിത്ത്‌സ് പറഞ്ഞു. 2019ല്‍ ഉണ്ടായിരുന്ന തരത്തിലുള്ള യാത്രക്കാര്‍ ഭാവിയില്‍ ദുബായ് വിമാനത്താവളങ്ങളില്‍ എത്തുമെന്ന ശുഭപ്രതീക്ഷ ഇപ്പോഴും തങ്ങള്‍ക്കുണ്ടെന്നും  വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ശക്തിയും അതിജീവന ശേഷിയുമാണ് തങ്ങളുടെ ഏറ്റവും വലിയ ഗുണങ്ങളെന്നും ഗ്രിഫിത്ത്‌സ് അവകാശപ്പെട്ടു. ജീവനക്കാര്‍ മാത്രമല്ല, പങ്കാളികളും ഓഹരി ഉടമകളും ഉപഭോക്താക്കളും  ഇതുവരെയുള്ളത് പോലെ ദുബായ് വിമാനത്താവളങ്ങള്‍ വിജയകരമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചതായി ഗ്രിഫിത്ത്‌സ് പറഞ്ഞു.

  റിലയൻസിന്റെ വാർഷിക വരുമാനം, ₹1,000,122 കോടി

വിമാനയാത്രയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞതോടെ അടിസ്ഥാന സൗകര്യങ്ങളിലും അതിനനുസരിച്ചുള്ള കുറവ് കൊണ്ടുവരികയെന്നതാണ് പകര്‍ച്ചവ്യാധിക്കാലത്ത് തങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഗ്രിഫിത്ത് പറഞ്ഞു. സാമ്പത്തിക സ്ഥിതി സംരക്ഷിക്കുന്നതിന് അത് അനിവാര്യമായിരുന്നുവെന്നും ടെര്‍മിനല്‍ ഒന്നും കണ്‍കോഴ്‌സ് ഡിയും എയും അടച്ചിടാന്‍ തീരുമാനമെടുത്തത് അതുമൂലം ആയിരുന്നുവെന്നും ഗ്രിഫിത്ത്‌സ് പറഞ്ഞു. വിമാനയാത്രയ്ക്ക് വീണ്ടും ഡിമാന്‍ഡ് ഉയര്‍ന്നതോടെ വളരെ പെട്ടന്ന് തന്നെ ഇവയുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കാന്‍ സാധിച്ചതായും ദുബായ് എയര്‍പോര്‍ട്‌സ് സിഇഒ പറഞ്ഞു.’യാത്ര വിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കുകയെന്നതാണ് ദുബായ് എയര്‍പോര്‍ട്‌സിന് മുമ്പിലുള്ള പ്രധാന ദൗത്യം. ഓരോ യാത്രക്കാരുടെയും വിശ്വാസം തിരികെ നേടിയെങ്കില്‍ മാത്രമേ ദുബായ് വിമാനത്താവളങ്ങള്‍ നല്‍കുന്ന യാത്രാ സേവനങ്ങള്‍ ഉപഭോക്താക്കള്‍ കാണുകയുള്ളു,’ ഗ്രിഫിത്ത്‌സ് പറഞ്ഞു.

  ആക്സിസ് ബാങ്കിന് 2024 സാമ്പത്തിക വര്‍ഷത്തില്‍ 24,861 കോടി രൂപ അറ്റാദായം

കഴിഞ്ഞ വര്‍ഷം 183,993 വിമാനങ്ങളാണ് ദുബായ് വിമാനത്താവളങ്ങളില്‍ എത്തിയത്. മുന്‍വര്‍ഷത്തേക്കാളും 51.4 ശതമാനം കുറവാണിത്. അതേസമയം ഒരു വിമാനത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 20.3 ശതമാനം ഇടിഞ്ഞ് 188 ആയി. മൊത്തത്തില്‍ 19 ലക്ഷം ടണ്‍ കാര്‍ഗോയാണ് കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാര്‍ഗോയിലും 23.2 ശതമാനം കുറവുണ്ടായി.

Maintained By : Studio3