November 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘വികസിത ഭാരതത്തിലേക്കാണ് നമ്മുടെ യാത്ര’: ഡോ. എസ് ജയ്ശങ്കര്‍

1 min read

ലോകത്തെ അമ്പരപ്പിക്കുന്ന വലിയ മാറ്റങ്ങളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യത്തുണ്ടായത്. ഇപ്പോഴും അത് നടന്നുകൊണ്ടിരിക്കുന്നു. തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെന്ന ദുഷ്‌പ്പേരില്‍ നിന്നും ഏറ്റവും ശക്തമായ സാമ്പത്തിക ശക്തിയായി ഭാരതം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തില്‍ എന്താണ് മാറിയത്? ഒരു വികസിത രാഷ്ട്രമായി മാറുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ നമുക്ക് ആത്മവിശ്വാസമുള്ളത് എന്തുകൊണ്ടാണ്? ഈസ് ഓഫ് ഡൂയിങ് ബിസിനസും, ഈസ് ഓഫ് ലിവിങ്ങും, ഡിജിറ്റല്‍ വിപ്ലവവും ആത്മനിര്‍ഭര്‍ ഭാരതും ഉള്‍പ്പടെ ഒട്ടനവധി കാര്യങ്ങള്‍ അതിന് പിന്നിലുണ്ടെന്ന് തുറന്നുപറയുന്നു ഇന്ത്യയുടെ വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍. 

വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. നമ്മള്‍ അമൃതകാലത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒരു ദശാബ്ദത്തിന്റെ അവസാനത്തിലാണ് നാം. വലിയ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്, എന്നാല്‍ വ്യക്തമായും, ഇനിയും പലതും എടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. വാഗ്ദാനം ചെയ്ത പലതും നടപ്പിലാക്കി, പക്ഷേ ഇനിയും നമുക്ക് നേടാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. അതിനാല്‍, വികസിത ഭാരതം എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാഴ്ചപ്പാടും അതുപോലെ തന്നെ ഒരു കൂട്ടം നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങളുമാണ്, അതിന്റെ ഹ്രസ്വ വിവരണം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ എങ്ങനെ വികസിത രാജ്യമാക്കാം എന്നതാണ്.

കഴിഞ്ഞ ദശകം വളരെ കഠിനമായിരുന്നു, എങ്കിലും ഒരുപാട് നല്ല, വലിയ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു. ഒരു ദശാബ്ദം മുമ്പ് ഞങ്ങള്‍ ഇത് ആരംഭിച്ചത് വളരെ ബുദ്ധിമുട്ടുകളോടെയായിരുന്നു, സാമ്പത്തിക ശുദ്ധീകരണം തന്നെ വേണ്ടിവന്നു, പ്രത്യേകിച്ചും ബാങ്കിങ് പോലെയുള്ള മേഖലകളില്‍. സര്‍ക്കാരിലുള്ള വിശ്വാസം, ബിസിനസ് അന്തരീക്ഷത്തിലുള്ള വിശ്വാസം, നിക്ഷേപം നടത്തുന്നതിനുള്ള വിശ്വാസം…ഒരു പതിറ്റാണ്ട് മുമ്പ് ഇതെല്ലാം പരിതാപകരമായ അവസ്ഥയിലായിരുന്നു. 20 വര്‍ഷത്തെ പരിഷ്‌കരണങ്ങളാണ് ഞങ്ങള്‍ നടപ്പാക്കിയത്. അതിനിടയിലായിരുന്നു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ദുരന്തത്തില്‍ ഉള്‍പ്പെടുന്ന കോവിഡ് മഹാമാരി വന്നെത്തിയത്. വലിയ നാശങ്ങളാണ് അത് വിതച്ചത്. എന്നാല്‍ മറ്റ് സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യ അതിനെ എങ്ങനെ നേരിട്ടുവെന്നത് നമുക്ക് മനസിലാകും. കോവിഡാനന്തരം കേവലം സാമ്പത്തികമായി മാത്രമല്ല, സാമൂഹ്യമായും മനശാസ്ത്രപരമായുമെല്ലാം നമ്മള്‍ അതിഗംഭീരമായി തിരിച്ചുവന്നു. അതിവേഗമാണ് മികച്ച സാമ്പത്തിക വളര്‍ത്തയിലേക്ക് രാജ്യം തിരിച്ചെത്തിയത്. ഒരു പതിറ്റാണ്ട് മുമ്പ് തുടങ്ങിയ പരിവര്‍ത്തനം വീണ്ടും പഴയ താളത്തിലേക്ക് വന്നു. വളര്‍ച്ചാ കണക്കുകള്‍ തന്നെ വിളിച്ചുപറയും അതിന്റെ സത്യം. ലോകം ഇന്നത് അതിശക്തമായ വളര്‍ച്ചയുള്ള രാജ്യമായി നമ്മളെ കാണുന്നു.

ലോകം കിതയ്ക്കുന്നു
ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പോയ അഞ്ച് വര്‍ഷങ്ങള്‍ ആഘാതത്തിന്റേതായിരുന്നു. കോവിഡ്, അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങല്‍, യുക്രൈന്‍ പ്രതിസന്ധി, പണപ്പെരുപ്പം, പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍, യുഎസ്-ചൈന ശീതയുദ്ധം…അങ്ങനെ ആഗോള സമ്പദ് വ്യവസ്ഥ വളരെ അനിശ്ചിതത്വം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.

ലോകം കൂടുതല്‍ ഇടുങ്ങിയതായി മാറുകയും ചെയ്യുന്നു. അരക്ഷിതാവസ്ഥ കൂടുകയും സംരക്ഷണവാദം ശക്തിപ്പെടുകയും ചെയ്യുന്നു. അതിനാല്‍ തന്നെ
വിദേശകാര്യ മന്ത്രി എന്ന നിലയില്‍, എന്റെ ശ്രദ്ധയുടെ വലിയൊരു ഭാഗം മാറ്റിവെക്കുന്നത് സാമ്പത്തികമായുള്ള കാര്യങ്ങളിലേക്കാണ്. ലോകവുമായി എങ്ങനെ സാമ്പത്തികമായി ഇടപെടുന്നു, നമ്മുടെ ബിസിനസുകളെ എങ്ങനെ ശക്തിപ്പെടുത്താം, നമ്മുടെ ഉപഭോക്താക്കളെ എങ്ങനെ പിന്തുണയ്ക്കാം, തൊഴിലുകള്‍ എങ്ങനെ വര്‍ധിപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ആഗോളവല്‍ക്കരണമെന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടതുണ്ട്…സമ്പദ് വ്യവസ്ഥ തുറന്നുകൊടുക്കുകയും വേണം. എന്നാല്‍ നമ്മുടെ വ്യവസായത്തിനെ മറന്നുകൊണ്ടാകരുത് അതെന്ന് മാത്രം. അതിനെ തഴഞ്ഞുകൊണ്ടാകരുത്. അങ്ങനെയാകില്ലെന്ന സന്ദേശം നല്‍കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു.

  ഐസറിൽ പിഎച്ച്.ഡി

തദ്ദേശീയ ബിസിനസ് ശക്തിപ്പെടണം
ആഗോളവല്‍ക്കരണത്തിന്റെ കാലമാണ്. അന്താരാഷ്ട്ര വ്യാപാരത്തിന് വലിയ പ്രാധാന്യമുണ്ട് താനും. എന്നാല്‍ ഇന്ത്യന്‍ വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ഇന്ത്യന്‍ വെന്‍ഡേഴ്‌സിനെ പിന്തുണയ്ക്കുന്നതിനുമായാരിക്കണം നമ്മുടെ പ്രഥമ പരിഗണന. സ്വന്തം വിതരണ ശൃംഖല ഇല്ലാതെ ഒരു രാജ്യവും ശക്തമാകില്ല, സ്വന്തം നാട്ടില്‍ അടിസ്ഥാനസൗകര്യങ്ങളുണ്ടാക്കാതെ വാതിലുകള്‍ മറ്റുള്ളവര്‍ക്ക് തുറന്നിടുന്നതില്‍ അര്‍ത്ഥവുമില്ല. അതിനാലാണ് ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തിന് ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ച്ചപ്പാട് പ്രസക്തമാകുന്നത്. അതിനാല്‍, നിങ്ങളുടെ സ്വന്തം ബിസിനസ്സ് ശരിക്കും വളര്‍ത്തുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടത്, തദ്ദേശീയ ബിസിനസ്സ് ശൃംഖലയിലെ മറ്റുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ക്ക് ശരിക്കും എന്തുചെയ്യാനാകുമെന്ന് ആലോചിക്കണം. ഹ്രസ്വ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് നിങ്ങള്‍ക്കും നമ്മുടെ സമൂഹത്തിനും രാഷ്ട്രത്തിനും കരുത്തേകും.

തൊഴിലുകള്‍ സൃഷ്ടിക്കാം
ബിസിനസുകളെല്ലാം തൊഴില്‍ സൃഷ്ടാക്കള്‍ കൂടിയാണ്. ബിസിനസുകള്‍ വളര്‍ന്നില്ലെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടില്ല. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കണമെന്ന് നമ്മള്‍ക്കാഗ്രഹമുണ്ടെങ്കില്‍ തൊഴില്‍ ദാതാക്കള്‍ക്ക് പരമാവധി പിന്തുണ നല്‍കണം. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് ശക്തിപ്പെടുത്തുന്നതിനും നമ്മള്‍ ഇവിടുത്തെ ബിസിനുകള്‍ക്ക് നല്‍കുന്ന പിന്തുണ നിര്‍ണായകമാണ്. ഓരോ ജീവനക്കാരനും ഒരു കുടുംബമുണ്ട്. തൊഴിലെടുക്കുന്നവര്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ കുടുംബവും സമൂഹവും രാഷ്ട്രവും അഭിവൃദ്ധി പ്രാപിക്കുന്നു.

വികസിത് ഭാരതവും അമൃതകാലവും
ഇന്ത്യയുടെ പ്രതീക്ഷകളിലേക്ക് നോക്കാം. നമ്മള്‍ സ്വന്തം ജീവിതം കൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നത് അതില്‍ പ്രധാനമാണ്. വികസിത സമൂഹത്തിലേക്ക് നീങ്ങാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. ലോകം ഇന്ത്യയെ എങ്ങനെ പരിഗണിക്കും എന്നതിന്റെ വലിയൊരു ഭാഗം യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ എങ്ങനെ ബിസിനസ്സ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അമൃതകാലിന്റെ ലക്ഷ്യം വികസിത ഭാരതമാണ്. അതിനുള്ള ശക്തമായ അടിത്തറയാണ് ഈ ദശകത്തില്‍ പാകിയിരിക്കുന്നത്.

എന്താണ് മാറിയത്?
നമുക്കൊന്ന് റിവൈന്‍ഡ് ചെയ്ത് നോക്കാം. കഴിഞ്ഞ ദശകത്തില്‍ എന്താണ് മാറിയത്? ഒരു വികസിത രാഷ്ട്രമായി മാറുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നമുക്ക് ആത്മവിശ്വാസം ഉള്ളത് എന്തുകൊണ്ടാണ്? ഞാനത് നാലോ അഞ്ചോ വിശാലമായ കാര്യങ്ങളായി ചൂണ്ടിക്കാണിക്കാം. ഒന്ന്, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് എന്നതുതന്നെയാണ്. കഴിഞ്ഞ ദശകത്തില്‍, പല തരത്തില്‍, ഇവിടെ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കാന്‍ നമുക്ക് സാധിച്ചു. അത് പൂര്‍ണമായെന്നല്ല പറയുന്നത്! അത് എപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കും. പോയ അഞ്ച് വര്‍ഷവും അതിന് മുമ്പുള്ള അഞ്ച് വര്‍ഷവും അതിനും മുമ്പുള്ള അഞ്ച് വര്‍ഷവും പരിശോധിക്കുക. ബിസിനസ് ചെയ്യുന്ന പ്രക്രിയ എത്രമാത്രം എളുപ്പമായെന്ന് അപ്പോള്‍ ബോധ്യപ്പെടും. ഇനിയും അത് മെച്ചപ്പെട്ടുവരും.

  ശ്രീധര്‍ വെമ്പു ഹഡില്‍ ഗ്ലോബല്‍ 2024 ലെ മുഖ്യ പ്രഭാഷകന്‍

രണ്ടാമത്തേത് കുറച്ചുകൂടി വിശാലമായ ഒന്നാണ്. ഈസ് ഓഫ് ലിവിംഗ് എന്നാണ് മോദി സര്‍ക്കാര്‍ അതിനെ വിളിക്കുന്നത്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നു. സമൂഹത്തെ ബ്യൂറോക്രാറ്റിക് കെട്ടുകളില്‍ നിന്ന് മോചിപ്പിക്കുകയാണുണ്ടായത്. രാജ്യത്ത് കൂടുതല്‍ ബിസിനസ്സ് നടത്താന്‍, എളുപ്പത്തില്‍ ഉല്‍പ്പാദനം നടത്താന്‍, എളുപ്പത്തില്‍ വില്‍ക്കാന്‍, എളുപ്പത്തില്‍ വാങ്ങാന്‍, സാധാരണക്കാരന്റെ ജീവിതം എളുപ്പമാക്കാന്‍, ഭാരം കുറയ്ക്കാന്‍….ഇതിനെല്ലാം സാഹചര്യം ഒരുങ്ങി. ഏറ്റവും മികച്ച ഉാദഹരണമാണ് പാസ്‌പോര്‍ട്ട്. എത്ര എളുപ്പത്തിലാണ് ഇപ്പോള്‍ പാസ്‌പോര്‍ട്ട് ലഭിക്കുന്നത്. 10 വര്‍ഷം മുമ്പ്, 20 വര്‍ഷം മുമ്പ്, 30 വര്‍ഷം മുമ്പ്…ഇതായിരുന്നോ സ്ഥിതി?

ചുവന്ന നാടയില്‍ നിന്ന് ജനതയെ മുക്തമാക്കാന്‍, നിയന്ത്രണങ്ങള്‍ ലളിതമാക്കാന്‍, പൊതുസേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ എല്ലാമാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്. ഇതൊന്നും അവര്‍ക്കായി ചെയ്യുന്ന ഔദാര്യമല്ല. ഓരോ പൗരനും ലഭിക്കേണ്ട അവകാശങ്ങളാണ്.
മൂന്നാമത്തെ കാര്യം അടിസ്ഥാനസൗകര്യമാണ്. ഗതി ശക്തി സൃഷ്ടിക്കുന്ന ഇംപാക്റ്റ് വളരെ വലുതാണ്. ലോകോത്തരമായ അടിസ്ഥാനസൗകര്യങ്ങളില്ലെന്ന നമ്മുടെ ന്യൂനത അതിവേഗമാണ് പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. റെയ്ല്‍, റോഡ്, ഒപ്റ്റിക്കല്‍ ഫൈബര്‍, എയര്‍പോര്‍ട്ട്…തുടങ്ങി അടിസ്ഥാനസൗകര്യ മേഖലയിലെ എല്ലാ ഘടകങ്ങളിലും വന്‍കുതിപ്പാണ്ടായിക്കൊണ്ടിരിക്കുന്നത്.

നാലാമത്തേത് ഡിജിറ്റല്‍ പരിവര്‍ത്തനമാണ്. ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസിപ്പിക്കുന്നതില്‍ സമാനതകളില്ലാത്ത കുതിപ്പാണ് ഭാരതം നടത്തുന്നത്. സദ്ഭരണം സാധ്യമാക്കുന്നതില്‍ ഡിജിറ്റല്‍ വിപ്ലവവും വലിയ പങ്കുവഹിച്ചു. സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധകളിലും അത് പ്രതിഫലിച്ചു. പരിമിതമായ വിഭവങ്ങളില്‍ ഡിജിറ്റല്‍ ബാക്ക്ബോര്‍ഡുകള്‍ വിസ്മയം തീര്‍ത്തു. നമ്മള്‍ തിരിഞ്ഞുനോക്കുകയാണെങ്കില്‍, കഴിഞ്ഞ ദശകത്തിലെ പ്രധാന പ്രചാരണങ്ങളും സംരംഭങ്ങളുമെല്ലാം നമുക്ക് പരിചിതമാണ്. ആവാസ് യോജന, ഗരീബ് കല്യാണ്‍ യോജന, അന്ന യോജന, മുദ്ര, ജല്‍-ജീവന്‍ മിഷന്‍, സ്വച്ച് ഭാരത്, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ…അങ്ങനെ പോകുന്നു അത്.

ഈ കാമ്പെയ്നുകളില്‍ ഉള്‍പ്പെടുന്ന ആളുകളുടെ എണ്ണം, അത് വലിയ രാജ്യങ്ങളിലെ ജനസംഖ്യയെ മാത്രമല്ല, യഥാര്‍ത്ഥത്തില്‍ ഭൂഖണ്ഡങ്ങളെപ്പോലും ചിലപ്പോള്‍ കവച്ചുവെക്കുന്നു. അന്ന യോജനയിലൂടെ ഓരോ മാസവും 800 ദശലക്ഷം പേര്‍ക്കാണ് അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത്. മുദ്ര പദ്ധതിയുടെ ഗുണഭോക്താക്കള്‍ 400 മില്യണ്‍ കവിഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ, നഗര മേഖലകളിലായി 40 മില്യണ്‍ വീടുകളാണ് ഈ സര്‍ക്കാര്‍ പണിതത്. കോവിഡ് വാക്‌സിന്റെ കാര്യത്തിലും മറ്റ് രാജ്യങ്ങളെ ഇന്ത്യ അമ്പരപ്പെടുത്തിയത് നാം കണ്ടു.

നിങ്ങള്‍ ലോകമെമ്പാടും പോയിരുന്നെങ്കില്‍, വാക്്‌സിനുകളുടെ കൂമ്പാരങ്ങളില്‍ ഇരിക്കുന്ന, സ്വന്തം ജനങ്ങള്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ കഴിയാത്ത, രാജ്യങ്ങളെ നിങ്ങള്‍ കാണുമായിരുന്നു. അവര്‍ കുത്തിവയ്പ്പ് നല്‍കിയാല്‍ തന്നെ, അത് എങ്ങനെ സാക്ഷ്യപ്പെടുത്തണമെന്ന് അവര്‍ക്കറിയില്ല. അവര്‍ അത് സാക്ഷ്യപ്പെടുത്തിയാല്‍, രണ്ടാമത്തെ ഷോട്ടിനോ മൂന്നാം ഷോട്ടിനോ ജനങ്ങളെ എങ്ങനെ തിരികെ വിളിക്കണമെന്ന് അവര്‍ക്കറിയില്ല. ഈ സാഹചര്യത്തിലായിരുന്നു ഇന്ത്യ ഇതെല്ലാം മികച്ച രീതിയില്‍ ചെയ്തത്. അതിന് കാരണം ഡിജിറ്റൈസേഷനായിരുന്നു.

  പരമേസു ബയോടെക് ഐപിഒ

ഒരു വികസിത സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നത്? നിങ്ങളുടെ ആരോഗ്യം പരിരക്ഷിക്കപ്പെടും. നിങ്ങള്‍ക്ക് വിദ്യാഭ്യാസസംവിധാനങ്ങള്‍ ലഭ്യമാകും. നിങ്ങള്‍ക്ക് റോഡ് സൗകര്യങ്ങള്‍ അവിടെയുണ്ടാകും. കുടിവെള്ളം അവിടെയുണ്ട്. വൈദ്യുതി അവിടെയുണ്ട്. നിങ്ങളുടെ പെന്‍ഷന്‍ ലഭിക്കാന്‍ ആര്‍ക്കെങ്കിലും കൈക്കൂലി കൊടുക്കേണ്ടതില്ല. നിങ്ങളുടെ പേയ്മെന്റ് ലഭിക്കുന്നതിന് നിങ്ങള്‍ ഒരു പോസ്റ്റ്മാസ്റ്ററെയോ ബാങ്ക് മാനേജരെയോ പ്രീണിപ്പിക്കേണ്ടതില്ല. ഇതെല്ലാമല്ലേ ഇപ്പോള്‍ ലഭിക്കുന്നത്. സദ് ഭരണത്തിന്റെ കാര്യത്തില്‍ ഇതെല്ലാം യഥാര്‍ത്ഥത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ വിഭവങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിലും ഒരു സാമൂഹിക ക്ഷേമ രാഷ്ട്രം സൃഷ്ടിക്കുന്നതിലും ഇത് വളരെ വലിയ വ്യത്യാസം വരുത്തി. നിങ്ങള്‍ ഇന്നത്തെ കണക്കുകള്‍ നോക്കുകയാണെങ്കില്‍, ആരോഗ്യ സേവനങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ മൂന്നിലൊന്ന് പൗരന്മാരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു. ഭക്ഷ്യ പിന്തുണയുടെ കാര്യത്തില്‍ നമ്മുടെ മൂന്നില്‍ രണ്ട് ആളുകളെയും നേരിട്ടുള്ള സാമ്പത്തിക കൈമാറ്റത്തിന്റെ കാര്യത്തില്‍ മൂന്നിലൊന്ന് ആളുകളെയും കവര്‍ ചെയ്യാന്‍ സാധിക്കുന്നു. ജനിക്കും മുമ്പ് തന്നെ പൗരന്മാരെ പരിരക്ഷിക്കുന്ന സംവിധാനമാണ് നമുക്കുള്ളത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മുന്‍നിര്‍ത്തി ആശാവര്‍ക്കര്‍ നിങ്ങളെ സമീപിക്കും. അത്തരമൊരു പാരന്റല്‍ കെയര്‍ വികസിത ഭാരതം ഉയരുന്നതിന്റെ ലക്ഷണമല്ലേ?

മനസിലും മാറ്റം
ഈ കഴിഞ്ഞ ദശകത്തില്‍ വലിയൊരു മാറ്റം ജനങ്ങളുടെ ചിന്താഗതിയിലും വന്നിട്ടുണ്ട്. ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒരിക്കല്‍ എഴുതിയത് ശ്രദ്ധേയമാണ്. അവള്‍ വളരെ രസകരമായ ഒരു ചോദ്യം ചോദിച്ചു. എന്നേക്കാള്‍ അല്‍പ്പം മുതിര്‍ന്ന പ്രധാനമന്ത്രി മോദി എന്തിന് യൂത്ത് ഐക്കണ്‍ ആകണം? സ്വന്തം ചോദ്യത്തിന് സിന്ധു തന്നെ നല്‍കിയ ഉത്തരം ഇതായിരുന്നു. യുവാക്കള്‍ ഇഷ്ടപ്പെടുന്ന ഒരു മനോഭാവമാണ് മോദിയിലുള്ളത്, അത് ‘കൈസെ നഹി ഹോഗാ’ എന്നാണ്. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ഒരു വെല്ലുവിളിയുമില്ല, ഇന്ന്, അത് ആ മാനസികാവസ്ഥയാണ്. നിങ്ങള്‍ക്കറിയാമോ, ഞാന്‍ നിങ്ങളോട് വിവരിച്ചതെല്ലാം, പ്രക്രിയകള്‍, അടിത്തറകള്‍, നിക്ഷേപം, സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളാണ്.

അതിഗംഭീരമായി ജി20 ഉച്ചകോടി നടത്താന്‍ നമുക്ക് സാധിച്ചു. കോവിഡ് കൈകാര്യം ചെയ്ത രീതി, വാക്‌സിന്‍ ഉല്‍പ്പാദനം, അതിന്റെ വിതരണം, ചന്ദ്രയാന്‍, സ്വന്തമായി 5ജി സ്റ്റാക്ക്…അങ്ങനെ സമഗ്ര മേഖലകളിലും ഭാരതം സ്വന്തം ഇടം കണ്ടെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനോഗതികളില്‍ വരുന്ന മാറ്റമാണ് ശ്രദ്ധേയം. യുക്രൈനിലെ ഓപ്പറേഷന്‍ ഗംഗ, ഇസ്രയേലിലെ ഓപ്പറേഷന്‍ അജയ്, സുഡാനിലെ ഓപ്പറേഷന്‍ കാവേരി…ഇതെല്ലാം ജനങ്ങള്‍ക്ക് നല്‍കിയ വിശ്വാസം ചെറുതല്ല. ഇന്ത്യക്കുള്ളിലെ ഇന്ത്യക്കാരെ മാത്രമല്ല, ലോകത്തെവിടെയുമുള്ള ഇന്ത്യക്കാരെ സുരക്ഷിതരാക്കും സര്‍ക്കാരെന്ന തോന്നല്‍ സമൂഹത്തിനുണ്ടായിട്ടുണ്ട്. എവിടെയെങ്കിലും ഇന്ത്യക്കാര്‍ പ്രതിസന്ധിയില്‍ അകപ്പെട്ടാല്‍, നമ്മുടെ ദേശീയ സംവിധാനങ്ങളുപയോഗിച്ച് അവരെ തിരിച്ചെത്തിക്കാന്‍ നമുക്ക് സാധിക്കുന്നു.

ആത്മനിര്‍ഭരതയിലൂന്നിയാണ് വികസിത ഭാരതം പിറക്കുന്നത്. ലോകരാജ്യങ്ങളുമായി ആത്മവിശ്വാസത്തോടെ ഇടപെടുന്ന ഭാരതമാണത്. ആഗോളവല്‍ക്കരണത്തെ അംഗീകരിക്കും. എന്നാല്‍ അതൊരിക്കലും സ്വന്തം ജനതയുടെയോ തദ്ദേശീയ ബിസിനസുകളുടെയോ താല്‍പ്പര്യങ്ങള്‍ ബലികഴിച്ചിട്ടാകില്ല. അതാണ് പുതിയ ഭാരതത്തിന്റെ ആശയാടിത്തറ, അതാണ് ആത്മിര്‍ഭര്‍ ഭാരത്.

Maintained By : Studio3