Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഭക്ഷണനിയന്ത്രണം ഊര്‍ജ സന്തുലിതാവസ്ഥയെ ബാധിക്കും

കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ഉള്‍പ്പെട്ട ആഹാരക്രമം ഒരു വ്യക്തിയുടെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ അളവില്‍ വലിയ മാറ്റമുണ്ടാക്കുകയും അത് അയാളുടെ ഊര്‍ജ സന്തുലിതാവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്ന് ഗവേഷകര്‍

കലോറി കുറഞ്ഞ ആഹാരസാധനങ്ങള്‍ ഉള്‍പ്പെട്ട ഭക്ഷണക്രമം ഒരു വ്യക്തിയുടെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ അളവില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് പഠനം. ആഹാരനിയന്ത്രണം അഥവാ ഡയറ്റിംഗ് മൂലം പ്രത്യേകയിനം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുകയും അത് മൊത്തത്തിലുള്ള ഊര്‍ജസന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുമെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെയും ബെര്‍ലിനിലെ ചാരിറ്റ്് സര്‍വ്വകലാശാല ക്ലിനിക്കിലെയും ഗവേഷകര്‍ കണ്ടെത്തിയത്.

ആഹാരനിയന്ത്രണം മൂലം പ്രധാനമായും ക്ലോസ്ട്രിഡയോയിഡ്‌സ് ഡിഫിസൈലിസ് എന്ന ബാക്ടീരിയയുടെ അളവാണ് വര്‍ധിക്കുന്നത്. ആന്റിബയോട്ടിക് ഉപയോഗം മൂലമുള്ള അതിസാരം കുടലിലെ അണുബാധ എന്നിവയുമായി ബന്ധപ്പെട്ട ബാക്ടീരിയ ആണിത്. മാത്രമല്ല, കുടലില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെ സ്വാധീനിച്ച് കൊണ്ട് ശരീരത്തിന്റെ ഊര്‍ജ സന്തുലിതാവസ്ഥയില്‍ മാറ്റമുണ്ടാക്കാനും ഇവയ്ക്ക് കഴിയും.

ട്രില്യണ്‍ കണക്കിന് സൂക്ഷ്മാണുക്കളുടെ വാസസ്ഥലമാണ് മനുഷ്യരുടെ ദഹനവ്യൂഹം. ഓരോ വ്യക്തികളിലും ഈ സൂക്ഷ്മാണുക്കളുടെ തോത് വ്യത്യസ്ത തരത്തിലാണ്. ഉദാഹരണത്തിന് അമിതവണ്ണമുള്ളവരുടെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ അളവും സാധാരണ രീതിയിലുള്ള ശരീരഭാരമുള്ളവരുടെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ അളവും വ്യത്യസ്ത തരത്തിലായിരിക്കും. ജീവിതത്തിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ആഹാരനിയന്ത്രണം നടത്താത്ത ആളുകള്‍ വളരെ കുറവായിരിക്കും. എന്നാല്‍ സാധാരണയുള്ള ആഹാരക്രമത്തില്‍ വലിയൊരു മാറ്റമുണ്ടാകുമ്പോള്‍ ശരീരത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാകുക. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഗവേഷകര്‍ നടത്തിയത്.

  കീര്‍ത്തിലാലിന്റെ ഗ്ലോ ഡയമണ്ട് ജ്വല്ലറി ഷോറൂം തൃശൂരില്‍

വളരെ കുറഞ്ഞ കലോറിയുള്ള ആഹാരസാധനങ്ങള്‍ ഉള്‍പ്പെട്ട ആഹാരക്രമം ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ അളവില്‍ കാര്യമായ മാറ്റമുണ്ടാക്കുമെന്നും അത് ഊര്‍ജ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും തെളിയിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതായി ചാരിറ്റിലെ എന്‍ഡോക്രൈനോളജി, മെറ്റബോളിക് രോഗ വിഭാഹം മേധാവിയും പഠനത്തിന് നേതൃത്വം നല്‍കിയ വ്യക്തികളില്‍ ഒരാളുമായ പ്രഫസര്‍ ഡോ.ജോയാചിം സ്‌പ്രെയിഞ്ചര്‍ പറഞ്ഞു. ആഹാരക്രമം മൂലമുള്ള ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠിക്കുന്നതിനായി 80 പ്രായമായ സ്ത്രീകളെയാണ് ഗവേഷകര്‍ തെരഞ്ഞെടുത്തത്. ശരീരഭാരം അല്‍പ്പം കൂടുതലോ പൊണ്ണത്തടിയുള്ളവരോ ആയിരുന്നു ഇവരെല്ലാം. പതിനാറ് ആഴ്ചകളാണ് ഇവരെ നിരീക്ഷണവിധേയമാക്കിയത്. പഠനത്തിന്റെ ഭാഗമായി ഒരു ദിവസം 800 കലോറിയില്‍ താഴെ എന്ന രീതിയില്‍ ഇവരുടെ ആഹാരക്രമത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ വരുത്തി. തുടര്‍ പരിശോധനകളില്‍ ഇവരുടെ ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കള്‍ കുറഞ്ഞുവെന്നും അവയുടെ സന്തുലിതാവസ്ഥയില്‍ മാറ്റമുണ്ടായെന്നും ഗവേഷകര്‍ മനസിലാക്കി.

  ഐസിഐസിഐ പ്രൂ പ്ലാറ്റിനം പോളിസി

കൂടുതല്‍ പഞ്ചസാര തന്മാത്രകള്‍ ആഗിരണം ചെയ്യുന്നതിന് വേണ്ടി ആഹാര നിയന്ത്രണം നടത്തുന്ന വ്യക്തിയുടെ കുടലിനുള്ള ബാക്ടീരിയകള്‍ അവയുടെ മെറ്റബോളിസത്തില്‍ മാറ്റം വരുത്തിയെന്നും അങ്ങനെ വരുമ്പോള്‍ ആ വ്യക്തിക്ക് അവ ലഭിക്കാതെ വരുന്ന അവസ്ഥയുണ്ടാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കി. അതായത് ആഹാരനിയന്ത്രണം മൂലം വിശപ്പുള്ള സൂക്ഷ്മാണുക്കളുടെ അളവ് ദഹനവ്യൂഹത്തില്‍ വര്‍ധിച്ചു. കുടലിനുള്ളില്‍ നിന്നുള്ള പോഷണങ്ങളുടെ ആഗിരണത്തിലുണ്ടാകുന്ന വ്യത്യാസമാണ് ആഹാര നിയന്ത്രണം മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രധാന കാരണം. പോഷകങ്ങളുടെ ആഗിരണത്തില്‍ ദഹനവ്യൂഹത്തിലെ ബാക്ടീരിയകള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നതും ഈ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകളില്‍ ഒന്നാണ്.

  ഐസിഐസിഐ പ്രൂ പ്ലാറ്റിനം പോളിസി

പഠനത്തില്‍ പങ്കെടുത്തവരുടെ വിസര്‍ജ്യ സാമ്പിളുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍, അതില്‍ ക്ലോസ്ട്രിഡയോയിഡ്‌സ് ഡിഫിസൈലിസ് എന്ന ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. സ്വാഭാവിക പരിസ്ഥിതിയിലും ആരോഗ്യമുള്ള വ്യക്തികളുടെ ദഹനവ്യൂഹത്തിലും സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയ ആണിത്. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ദഹനവ്യൂഹത്തില്‍ ഇവയുടെ അളവ് വര്‍ധിക്കുകയും കുടലിന്റെ ഭിത്തിയില്‍ അണുബാധ ഉണ്ടാകുകയും ചെയ്യാറുണ്ട്. ആശുപത്രികളില്‍ കൂടുതലായി കാണപ്പെടുന്ന ഒരു രോഗാണു ആണിത്. ശരീരഭാരം കുറയ്ക്കാന്‍ ആഹാര നിയന്ത്രണം നടത്തിയവരില്‍ ഈ ബാക്ടീരിയയുടെ അളവ് കൂടിയതായി ഗവേഷകര്‍ കണ്ടെത്തി.

ചുരുക്കത്തില്‍ കലോറി കുറഞ്ഞ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ ആഹാരക്രമം,  ദഹനവ്യൂഹത്തിലെ സൂക്ഷ്മാണുക്കളുടെ അളവില്‍ വലിയ മാറ്റമുണ്ടാക്കുകയും ക്ലോസ്ട്രിഡയോയിഡ്‌സ് ഡിഫിസൈലിസ് ബാക്ടീരിയക്കെതിരായ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ഇത്തരം മാറ്റങ്ങള്‍ കുടലില്‍ നിന്നുള്ള പോഷകങ്ങളുടെ ആഗിരണത്തെയും വ്യക്തിയുടെ ഊര്‍ജ സന്തുലിതാവസ്ഥയെയും ബാധിക്കും.

Maintained By : Studio3