പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുടെ ഡിമാന്‍ഡില്‍ വന്‍ ഇടിവ്; ജനുവരിയില്‍ ഡിമാന്‍ഡ് 82.3 ശതമാനം തകര്‍ന്നു
1 min readഅന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടനയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം വ്യോമയാന മേഖലയില്‍ ഏറ്റവുമധികം ഡിമാന്‍ഡ് തകര്‍ച്ച നേരിടുന്നത് പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളാണ്
ദുബായ്: പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുടെ ഡിമാന്‍ഡില്‍ വന്‍ തകര്‍ച്ച. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജനുവരിയില്‍ ഡിമാന്‍ഡ് 82.3 ശതമാനം ഇടിഞ്ഞതായി അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന (അയാട്ട) വ്യക്തമാക്കി. അതേസമയം 82.6 ശതമാനം ഡിമാന്‍ഡ് ഇടിവ് രേഖപ്പെടുത്തിയ കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് ഡിമാന്‍ഡില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. അയാട്ടയുടെ കണക്കുകള്‍ പ്രകാരം വ്യോമയാന ലോകത്ത് ഏറ്റവുമധികം ഡിമാന്‍ഡ് ഇടിവ് ഉണ്ടായിരിക്കുന്നത് പശ്ചിമേഷ്യന്‍ വിമാനക്കമ്പനികള്‍ക്കാണ്. ജനുവരിയില്‍ 77.4 ശതമാനം ഡിമാന്‍ഡ് ഇടിവ് രേഖപ്പെടുത്തിയ യൂറോപ്യന്‍ വിമാനക്കമ്പനികളാണ് രണ്ടാംസ്ഥാനത്ത്.
റെവന്യൂ പാസഞ്ചര്‍ കിലോമീറ്ററുകളില്‍ (ആര്‍പികെഎസ്) രേഖപ്പെടുത്തുന്ന മൊത്തത്തിലുള്ള ഡിമാന്‍ഡില്‍ മുന്‍വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് ജനുവരിയില്‍ 72 ശതമാനം ഇടിവുണ്ടായി. പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളുടെ യാത്രാ വാഹക ശേഷിയിലും 67.6 ശതമാനം ഇടിവുണ്ടായി. ലോഡ് ഫാക്ടര്‍ 40.8 ശതമാനത്തില്‍ നിന്നും 33.9 ശതമാനമായി കുറഞ്ഞു.
2020 അവസാനത്തേക്കാളും മോശമാണ് 2021 തുടക്കമെന്ന് അയാട്ട ഡയറക്ടര്‍ ജനറല്‍ അലക്‌സാണ്ടര്‍ ഡി ജൂനിയാക് അഭിപ്രായപ്പെട്ടു. വാക്‌സിന്‍ വിതരണം കാര്യക്ഷമമായി പുരോഗമിക്കുമ്പോഴും പുതിയ കോവിഡ്-19 വകഭേദങ്ങള്‍ യാത്രാ നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരുകളെ പ്രേരിപ്പിക്കുകയാണ്. ഈ നിയന്ത്രണങ്ങള്‍ എത്രകാലം തുടരുമെന്നത് സംബന്ധിച്ച അനിശ്ചിതത്വവും ഭാവി യാത്രകളെ സാരമായി ബാധിക്കും. ഉത്തരാര്‍ദ്ധ ഗോളത്തിലേക്കുള്ള അവധിക്കാല യാത്രയ്ക്ക് വേണ്ടിയുള്ള ഫെബ്രുവരിയിലെ പ്രീ ബുക്കിംഗിലും കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷി്ച്ച് 78 ശതമാനം ഇടിവുണ്ടായെന്നും ജൂനിയാക് പറഞ്ഞു.
ആഗോള വ്യോമ വ്യവസായ മേഖലയെ കുറിച്ചുള്ള നിലവിലെ കാഴ്ചപ്പാട് പ്രതീക്ഷയറ്റതായി തുടരുകയാണെന്ന് ഏവിയേഷന്‍ ഫിനാന്‍സ് കണ്‍സള്‍ട്ടിംഗ് കമ്പനിയായ ഇഷ്‌കയിലെ അനലിറ്റിക്‌സ്, അഡ്‌വൈസറി വിഭാഗം മേധാവി എഡ്ഡി പീനിയാസെകും അഭിപ്രായപ്പെട്ടു. വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ നിലവിലെ അവസ്ഥയില്‍ നിന്നും ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ലെന്നും വാക്‌സിന്‍ വിതരണം മൂലം 2021 രണ്ടാംപകുതിയോടെ മാത്രമേ ആളുകള്‍ യാത്രയ്ക്കായി തയ്യാറാകുകയുള്ളുവെന്നും പീനിയാസെക് പറഞ്ഞു. യാത്രാ ഇടനാഴികളിലൂടെയുള്ള വിമാനങ്ങളിലും ഈ വര്‍ഷം വളരെ കുറച്ചോ അല്ലെങ്കില്‍ ഒട്ടും തന്നെ യാത്രക്കാര്‍ ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയുണ്ടാകുമെന്നും പീനിയാസെക് കൂട്ടിച്ചേര്‍ത്തു. വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ തമ്മിലുള്ള ഇടപെടല്‍ മൂലം യാത്രാ ഇടനാഴികളെ സുരക്ഷിതമാക്കുകയെന്നത് ഒരു വെല്ലുവിളിയായി തുടരുകയാണ്. പശ്ചിമേഷ്യന്‍ വിമാനക്കമ്പനികളില്‍ യാത്ര ചെയ്യുന്ന 80 ശതമാനം യാത്രക്കാരും കണക്ടിംഗ് വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഗള്‍ഫ് വിമാനക്കമ്പനികളെ സംബന്ധിച്ചെടുത്തോളം രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ വ്യോമ ഇടനാഴികളും ബബിളുകളും സൃഷ്ടിക്കുകയെന്നത് അസാധ്യമാണെന്നും പീനിയാസെക് പറഞ്ഞു.
ദുബായ് വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 179 ലക്ഷം ആളുകള്‍ വിമാനയാത്ര നടത്തിയെന്നാണ് കണക്ക്. 2019ലെ 504 ലക്ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 325 ലക്ഷത്തിന്റെ കുറവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്.