മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയ കോഴ്‌സുകളുമായി ഗൂഗിള്‍ ഇന്ത്യ
ഡാറ്റാ ജേണലിസം, റിവേഴ്സ് വിഷ്വല്‍ സെര്‍ച്ച്, മൊബീല്‍ ജേണലിസം ഉള്‍പ്പെടെയുള്ള പുതിയ കോഴ്‌സുകളാണ് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് പ്രഖ്യാപിച്ചത്
ന്യൂഡെല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്കായി ഗൂഗിള്‍ ഇന്ത്യ പുതിയ കോഴ്‌സുകള്‍ പ്രഖ്യാപിച്ചു. ഡാറ്റാ ജേണലിസം, റിവേഴ്സ് വിഷ്വല്‍ സെര്‍ച്ച്, മൊബീല്‍ ജേണലിസം ഉള്‍പ്പെടെയുള്ള പുതിയ കോഴ്‌സുകളാണ് ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കാലത്തിനൊപ്പം സഞ്ചരിക്കുന്നതിന് ന്യൂസ് റൂമുകളെ സഹായിക്കുന്നതിനാണ് പുതിയ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഗൂഗിള്‍ ഇന്ത്യ വ്യക്തമാക്കി.
2018 ലാണ് ‘ഗൂഗിള്‍ ന്യൂസ് ഇനിഷ്യേറ്റീവ് ഇന്ത്യ ട്രെയിനിംഗ് നെറ്റ്വര്‍ക്ക്’ ആരംഭിച്ചത്. ഗൂഗിള്‍ ന്യൂസ് ലാബിനൊപ്പം, ഇതുവരെ ഇന്ത്യയിലെ 35,000 ഓളം പത്രപ്രവര്‍ത്തകര്‍ക്ക് ഈ നെറ്റ്വര്‍ക്ക് വഴി പരിശീലനം നല്‍കി. സൗജന്യ ഡിജിറ്റല്‍ ടൂളുകളും വിഭവങ്ങളും ഫലപ്രദമായി ഉപയോഗിച്ച് ജേണലിസത്തെ കൂടുതല്‍ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുന്നതാണ് പരിപാടി.
ഗൂഗിള്‍ സെര്‍ച്ച് ഓപ്പറേറ്റര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഈ കോഴ്‌സുകള്‍ പരിശീലനം നല്‍കിയിരുന്നു. സൈറ്റ് ആര്‍ക്കൈവിംഗ്, ഓഡിയോ ട്രാന്‍സ്‌ക്രിപ്ഷന്‍, ട്രെന്‍ഡ്‌സ് ആന്‍ഡ് അലര്‍ട്ടുകള്‍ വഴി വെബ് മോണിറ്ററിംഗ്, റിവേഴ്‌സ് വിഷ്വല്‍ സെര്‍ച്ചുകളിലൂടെ കണ്ടന്റ് സ്ഥിരീകരിക്കുന്നതിന് ടിപ്പുകള്‍, ഇമേജുകള്‍ ജിയോലൊക്കേറ്റ് ചെയ്യല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.
കുറേക്കൂടി കാര്യക്ഷമമായി ജോലി ചെയ്യുന്നതിന് ചില അടിസ്ഥാന ടൂളുകള്‍ സഹിതം മാധ്യമപ്രവര്‍ത്തകരെ സഹായിക്കുന്നതാണ് പുതിയ കോഴ്‌സുകള്‍. മിക്കപ്പോഴും പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വിവരങ്ങളും വാര്‍ത്തകളും തിരിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തകരെ സഹായിക്കുന്ന സെഷനും ഉണ്ടായിരിക്കുമെന്ന് ഗൂഗിള്‍ ഏഷ്യ പസഫിക് ന്യൂസ് ലാബ് മേധാവി ഐറിന്‍ ജെയ് ലിയു ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. നിലവാരമുള്ള ജേണലിസം പ്രധാനമാണെന്നും ആധികാരികവും സമയബന്ധിതവും വിശ്വസനീയവുമായ വാര്‍ത്തകള്‍ക്കായി രാജ്യമെങ്ങുമുള്ള ന്യൂസ് റൂമുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നതെന്ന് ലിയു പറഞ്ഞു. കോഴ്‌സുകള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.