മലിനജല സംസ്കരണം: സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ ഏജന്‍സികളിലേക്ക്
തിരുവനന്തപുരം: ഉറവിടത്തില്‍ തന്നെ മലിനജലം സംസ്കരിക്കുന്നതിന് സിഎസ്ഐആര്‍- നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (എന്‍ഐഐഎസ്ടി) വികസിപ്പിച്ച സാങ്കേതികവിദ്യ കൂടുതല്‍ ഏജന്‍സികള്‍ക്ക് കൈമാറി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ശാസ്ത്രീയ ഗവേഷണങ്ങള്‍ നല്‍കുന്ന സംഭാവനകളുടെ അടയാളപ്പെടുത്തല്‍ കൂടിയാണിത്. തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍റെ സാന്നിധ്യത്തില്‍ കോട്ടയം വെളിയന്നൂര്‍, ഈനാട് യൂത്ത് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായും എഫ്ഒഎബി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായും നോവ സാങ്കേതികവിദ്യ കൈമാറുന്നതിനായുള്ള ധാരണാപത്രത്തില്‍ എന്‍ഐഐഎസ്ടി ഒപ്പുവച്ചു. എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണനും രണ്ട് ഏജന്‍സികളുടെയും പ്രതിനിധികളും തമ്മില്‍ ധാരണാപത്രങ്ങള്‍ കൈമാറി. മലിനജലത്തില്‍ നിന്ന് ശുദ്ധമായ വെള്ളവും ജൈവ ഊര്‍ജ്ജവും ജൈവ വളവും വീണ്ടെടുക്കാന്‍ സാധിക്കുന്ന എഞ്ചിനീയറിംഗ് ബയോളജിക്കല്‍ ട്രീറ്റ്മെന്‍റ് സംവിധാനമാണ് നോവ. എംബിബിആര്‍, എസ്ബിആര്‍, ഡിഇഡബ്ല്യുഎടിഎസ്, ഇലക്ട്രോകോഗുലേഷന്‍ തുടങ്ങിയ സാധാരണ മലിനജല സംസ്കരണ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് ഈ സാങ്കേതികവിദ്യ ഏറെ പ്രയോജനപ്രദമാണ്. വളരെ കുറഞ്ഞ പ്രവര്‍ത്തന ചെലവ്, മലിനജലം ശുദ്ധീകരിക്കുന്നതിന് കുറച്ച് സ്ഥലം, കുറഞ്ഞ വൈദ്യുതി ഉപഭോഗം, ഇടയ്ക്കിടെ മാലിന്യം നീക്കം ചെയ്യല്‍ ആവശ്യമില്ല എന്നിവയാണ് നേട്ടങ്ങള്‍. നോവ സാങ്കേതികവിദ്യ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതിനാല്‍ ഇറക്കുമതി ചെയ്യുന്ന ജെഒഎച്ച്കെഎഎസ്ഒ പോലുള്ള സാങ്കേതികവിദ്യകള്‍ക്ക് പകരമായി ഉപയോഗിക്കാനാകും. മൈക്രോബിയല്‍ സംവിധാനമുള്ള സംയോജിത വായുരഹിത-എയ്റോബിക് ബയോപ്രോസസ് യൂണിറ്റാണ് ഈ സാങ്കേതികവിദ്യ. പുനരുപയോഗിക്കാവുന്ന മലിനജലവും വന്‍തോതിലുള്ള ജൈവ മലിനജല സംസ്കരണവും ഇത് സാധ്യമാക്കും. സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റായ ഡോ. കൃഷ്ണകുമാര്‍ ബി യുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പേറ്റന്‍റ് നേടിയ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കേരള സംസ്ഥാന ശുചിത്വ മിഷന്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിനോടകം തന്നെ വിവിധ വ്യാവസായിക സൈറ്റുകളില്‍ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശുചീകരണ മേഖലയിലെ എന്‍ഐഐഎസ്ടിയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്‍റെ ശാസ്ത്രീയവും സുസ്ഥിരവുമായ മാലിന്യ സംസ്കരണ പരിപാടിയായ മാലിന്യമുക്തം നവകേരളത്തിന് കരുത്ത് പകരുന്നതാണെന്ന് ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. സമൂഹം നേരിടുന്ന ജീവിത പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പാകത്തില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ എത്തിക്കാന്‍ കഴിയണമെന്നും അതിനായി കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്‍ഐഐഎസ്ടി ബിസിനസ് ഡെവലപ്മെന്‍റ് മേധാവി ഡോ. നിഷി പി, എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജി മേധാവി ഡോ. കേശവചന്ദ്രന്‍ സി, വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് സജേഷ് ശശി, എഫ്ഒഎബി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി രാജീവ് ജോര്‍ജ്, ഡയറക്ടര്‍ ശ്രീകുമാര്‍ എം, എന്‍ഐഐഎസ്ടി സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ് ഡോ. കൃഷ്ണകുമാര്‍ ബി, സയന്‍റിസ്റ്റ് ഡോ. അക്ഷയ് ഷിന്‍ഡെ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.