സിഎസ്ബി ബാങ്കിനെ റിസര്‍വ് ബാങ്കിന്‍റെ ഏജന്‍സി ബാങ്ക് ആയി എംപാനല്‍ ചെയ്തു
തൃശൂർ: സിഎസ്ബി ബാങ്കിനെ റിസര്‍വ് ബാങ്കിന്‍റെ ഏജന്‍സി ബാങ്ക് ആയി എംപാനല്‍ ചെയ്തു. ഇതോടു കൂടി സിഎസ്ബി ബാങ്കിന് റിസര്‍വ് ബാങ്ക് ചുമതലപ്പെടുത്തിയതു പ്രകാരമുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പൊതു ബാങ്കിങ് ഇടപാടുകള്‍ നടത്താനാവും. നികുതി പിരിവുകള്‍, പെന്‍ഷന്‍ നല്‍കല്‍, സ്റ്റാമ്പ് തീരുവ ശേഖരിക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുമായും വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുമായും ധാരണയിലെത്താന്‍ റിസര്‍വ് ബാങ്കിന്‍റെ ഏജന്‍സി ബാങ്ക് എന്ന നിലയില്‍ സിഎസ്ബി ബാങ്കിനു സാധിക്കും. ടിഡിഎസ്, ജിഎസ്ടി, സ്റ്റാമ്പ് തീരുവ, രജിസ്ട്രേഷന്‍, വസ്തു നികുതി, മൂല്യ വര്‍ധിത നികുതി, പ്രൊഫഷണല്‍ നികുതി തുടങ്ങിവ വഴി സര്‍ക്കാരുമായി ബന്ധപ്പെട്ട വിപുലമായ ഇടപാടുകള്‍ സിഎസ്ബി ബാങ്കിനു നടത്താനാവും.
രാജ്യ വ്യാപകമായി 562 ശാഖകളോടു കൂടിയ തങ്ങളുടെ ശൃംഖലയുടെ സഹായത്താല്‍ ഉപഭോക്താക്കളും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകള്‍ ലളിതമായി നടത്താന്‍ കഴിയുമെന്ന് സിഎസ്ബി ബാങ്ക് റീട്ടെയില്‍ ബാങ്കിങ് വിഭാഗം മേധാവി നരേന്ദ്ര ഡിക്ഷിത്ത് ചൂണ്ടിക്കാട്ടി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സിഎസ്ബി ബാങ്കില്‍ നിലവിലുള്ള അക്കൗണ്ടില്‍ നിന്ന് സര്‍ക്കാരിലേക്കുളള പണമടക്കലുകള്‍ കാര്യക്ഷമമായി നടത്താനും ഇതു സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.