ക്രിപ്റ്റോ കറന്‍സി, വാസിര്‍എക്സിനെതിരേ ഇഡി അന്വേഷണം; നോട്ടീസ് അയച്ചു
കള്ളപ്പണത്തിന്‍റെ വിനിയോഗം നടന്നിട്ടുണ്ടെന്നും ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എക്സ്ചേഞ്ചിന്‍റെ കൈവശമില്ലെന്നും വിലയിരുത്തല്‍
ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖമായ ക്രിപ്റ്റോ കറന്‍സി എക്സ്ചേഞ്ചായ വാസിര്‍എക്സിനെതിരേ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണം. 2,790.74 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജുമെന്‍റ് ആക്ട്(ഫെമ) പ്രകാരമാണ് വാസിര്‍എക്സിന്‍റെ ഡയറക്റ്റര്‍മാരായ നിഷാല്‍ ഷെട്ടി, സമീര്‍ ഹനുമാന്‍ മത്രെ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. ഇക്കാര്യം ഇഡി ഔദ്യോഗികമായി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ചിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ചൈനീസ് ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറന്‍സിയിലേക്ക് മാറ്റി വെളുപ്പിക്കല്‍ നടന്നുവെന്നാണ് സംശയിക്കപ്പെടുന്നത്. 57 കോടി രൂപ ഇത്തരത്തില്‍ മാറ്റിയെടുത്തതു സംബന്ധിച്ച് ചൈനീസ് പൗരന്‍മാര്‍ക്ക് എതിരേയും അന്വേഷണം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായത്തിനെതിരായ നയം, ഫെമ എന്നിവ വാസിര്‍എക്സ് ലംഘിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കെയ്മെന്‍ ഐലന്‍ഡിലുള്ള ബിനാന്‍സ് എക്സ്ചേഞ്ചിനെ 2019ല്‍ വാസിര്‍എക്സ് ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണത്തിന്‍റെ വിനിയോഗം നടന്നിട്ടുണ്ടെന്നും ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ എക്സ്ചേഞ്ചിന്‍റെ കൈവശമില്ലെന്നും ഇഡി പറയുന്നു.
അന്വേഷണത്തിനോ ഓഡിറ്റിംഗിനോ സാധ്യമാകുന്ന തരത്തില്‍ വാസിര്‍എക്സിന്‍റെ ഇടപാടുകള്‍ ബ്ലോക്ക്ചെയ്നില്‍ ലഭ്യമാക്കിയിട്ടില്ല. ക്രിപ്റ്റോകറന്‍സി ഇടപാടുകളില്‍ രേഖകളൊന്നുമില്ലാതെ അവയുടെ മൂല്യം കൈമാറുകയാണ് ചെയ്യുന്നത്. ഏതു രാജ്യക്കാരാണ് ഇടപാടുകാരെന്നും പരിശോധിക്കുന്നില്ല. എന്നാല്‍ തങ്ങള്‍ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇഡി നോട്ടീസ് ഇതുവരെ കിട്ടിയിച്ചില്ലെന്നും വാസിര്‍ എക്സിന്‍റെ ചീഫ് എക്സിക്യൂട്ടിവ് നിഷാല്‍ ഷെട്ടി പറയുന്നു.
ഒരു രാജ്യത്തിന്‍റെ കറന്‍സിയില്‍ നിന്ന് ക്രിപ്റ്റോകറന്‍സിയിലേയ്ക്കും മറിച്ചുമുള്ള ഇടപാടുകള്‍, വ്യക്തിഗത ക്രിപ്റ്റോ ഇടപാടുകള്‍, പൂള്‍ എക്കൗണ്ടില്‍നിന്ന് മറ്റ് എക്കൗണ്ടുകളിലേക്കുള്ള കൈമാറ്റങ്ങള്‍ എന്നിവയെല്ലാമാണ് ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ വഴി നടക്കുന്നത്. ഏതു രാജ്യത്തും തങ്ങളുടെ വാലറ്റ് സൂക്ഷിക്കുന്നതിന് ഇടപാടുകാര്‍ക്ക് സാധിക്കും. നിയമവിരുദ്ധമായ പണം കൈമാറ്റത്തിന് സുരക്ഷിതമായ സാഹചര്യം സൃഷ്ടിക്കാന്‍ ഇത്തരം എക്സ്ചേഞ്ചുകളുടെ ചില സംശയകരമായ നടപടികള്‍ വഴിവെക്കുന്നുവെന്നാണ് ഇഡി വിലയിരുത്തുന്നത്.