അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 13 മാസത്തെ ഉയരത്തില്‍
1 min readഉല്‍പ്പാദന നിയന്ത്രണവും ഡോളര്‍ മൂല്യമിടിഞ്ഞതും വിപണിക്ക് നേട്ടമായി
ലണ്ടന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില പതിമൂന്ന് മാസത്തെ ഉയരത്തില്‍. തുടര്‍ച്ചയായ പതിനേഴാം സെഷനിലും നേട്ടമുണ്ടാക്കിയതോടെയാണ് വില കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്. ഏപ്രിലിലേക്കുള്ള ബ്രെന്റ് ഫ്യൂച്ചേഴ്‌സിന്റെ വില ഇന്നലെ 41 സെന്റ് ഉയര്‍ന്ന് ബാരലിന് 60.97 ഡോളറായി. മാര്‍ച്ചിലേക്കുള്ള യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റിന്റെ വില 28 സെന്റ് വര്‍ധിച്ച് ബാരലിന് 58.25 ഡോളറായി. വിലയില്‍ യഥാക്രമം 0.7 ശതമാനത്തിന്റെയും 0.5 ശതമാനത്തിന്റെയും വര്‍ധനയാണ് ഉണ്ടായത്.
പ്രധാന എണ്ണയുല്‍പ്പാദകര്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചതും എണ്ണയുടെ ഡിമാന്‍ഡ് ഉയര്‍ന്നേക്കുമെന്ന പ്രതീക്ഷ ബലപ്പെട്ടതുമാണ് വിപണിക്ക് നേട്ടമായത്. വിപണിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ധിച്ചതും ഡോളറിന്റെ മൂല്യമിടിഞ്ഞതുമാണ് വില ഉയരാനുള്ള പ്രധാന കാരണമെന്ന് കൊമേഴ്‌സ്ബാങ്ക് വിലയിരുത്തി. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യത്തില്‍ 0,4 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.
ഫെബ്രുവരിയിലും മാര്‍ച്ചിലും എണ്ണയുല്‍പ്പാദനം കൂടുതല്‍ വെട്ടിക്കുറയ്ക്കുമെന്ന് ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എണ്ണക്കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെകിലെ അംഗങ്ങളും സഖ്യകക്ഷികളും നിശ്ചയിച്ചിരുന്നതിലും അധികം ഉല്‍പ്പാദന നിയന്ത്രണമാണ് സൗദി നടപ്പിലാക്കുന്നത്. ഇതുമൂലം വിപണിയില്‍ എണ്ണക്ഷാമമുണ്ടായേക്കുമെന്ന പ്രവചനവും വിലയെ സ്വാധീനിച്ചിരിക്കാമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, സമരം മൂലം ലിബിയയിലെ പ്രതിദിന എണ്ണയുല്‍പ്പാദനം കഴിഞ്ഞ വര്‍ഷം അവസാനമുണ്ടായിരുന്ന 1.3 ദശലക്ഷം ബാരലില്‍ നിന്ന് 1.04 ദശലക്ഷം ബാരലായി കുറഞ്ഞതും എണ്ണവിപണിയെ സ്വാധീനിച്ചിട്ടുണ്ട്.
കോവിഡ്-19 വാക്‌സിനേഷന്റെ ഫലമായി എണ്ണയുടെ ഡിമാന്‍ഡ് ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.