കോവിഡ് കേസുകള്‍ കുറയുന്നു. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍?
ബജറ്റില്‍ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ
വാക്‌സിന്‍ മഹാദൗത്യം നല്‍കുന്നത് വലിയ ആത്മവിശ്വാസം
നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത് ഫെബ്രുവരി ഒന്നിന്
മുംബൈ: കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറയുന്നതും വാക്‌സിന്‍ ദൗത്യത്തിന് രാജ്യം തുടക്കമിട്ടതും ഉപഭോക്തൃത ആത്മവിശ്വാസത്തിലുണ്ടാക്കുന്നത് മികച്ച വര്‍ധന. ആവശ്യകതയില്‍ കാര്യമായ വര്‍ധനവാണ് വരും നാളുകളില്‍ പ്രതീക്ഷിക്കുന്നത്. വിവിധ പഠനങ്ങളില്‍ ഇതോടെ തെളിയുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന സൂചനകള്‍. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിലും വലിയ പ്രതീക്ഷയാണ് സാമ്പത്തിക ലോകം വെച്ചുപുലര്‍ത്തുന്നത്. പുതിയ സാമ്പത്തിക പാക്കേജ് ബജറ്റിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പ്രധാന ബിസിനസ് പ്രവൃത്തികളിലെല്ലാം പുരോഗതി കാണിക്കുന്നുണ്ട്. സേവന മേഖല തുടര്‍ച്ചയായ മൂന്നാം മാസവും വികസന പാതയിലാണ്. ഡിസംബറിലെ മാര്‍ക്കിറ്റ് ഇന്ത്യ സര്‍വീസസ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് 52.3 ആണ്. അതിന് മുമ്പത്തെ മാസം 53.7 ആയിരുന്നു. 50ന് മുകളില്‍ സൂചിക വരുമ്പോള്‍ വികസന പാതയിലാണ് കാര്യങ്ങള്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം റിക്രൂട്ട്‌മെന്റ് മേഖല സജീവമായിട്ടില്ല.
ഉല്‍പ്പാദനത്തിലും വര്‍ധന
ഡിസംബറില്‍ ഉല്‍പ്പാദന രംഗവും മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഡിസംബറിലെ മാനുഫാക്ച്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് 56.4 ആണ്. നവംബറില്‍ ഇത് 56.3 ആയിരുന്നു. ഇരുമ്പ് അയിര്, ഇലക്ട്രോണിക് ചരക്കുകള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ കയറ്റുമതി കഴിഞ്ഞ മാസം മികച്ചു നിന്നു. ഇത് മൊത്തം കയറ്റുമതി വിപണിക്കും ഊര്‍ജം നല്‍കി.
വെല്ലുവിളികള്‍ പല മേഖലകളിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ വരും മാസങ്ങളില്‍ കയറ്റുമതി ശക്തിപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഐസിആര്‍എയിലെ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് അദിതി നയാര്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയത് വ്യാപാര മേഖലയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ആവശ്യകത കണക്കാക്കുന്നതില്‍ മുഖ്യ സൂചകമാണ് പാസഞ്ചര്‍ വെഹിക്കിള്‍സ് വില്‍പ്പന. ഡിസംബറില്‍ 14 ശതമാനം വര്‍ധനയാണ് ഈ രംഗത്ത് ഉണ്ടായിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വളരെ മികച്ച രീതിയിലുള്ള മുന്നേറ്റമാണ് കാഴ്ച്ചവയ്ക്കുന്നത്. വരും മാസങ്ങളില്‍ തൊഴില്‍ വിപണി കൂടുതല്‍ ശോഭിക്കുമെന്നാണ് ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിനില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ഒക്‌റ്റോബറില്‍ വായ്പാ ആവശ്യകതയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഡിസംബറില്‍ വായ്പാ ആവശ്യകതയില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം വ്യാവസായിക ഉല്‍പ്പാദനം നവംബറില്‍ 1.9 ശതമാനം കുറവ് രേഖപ്പെടുത്തുകയുമുണ്ടായി.