കോവിഡും സമ്പദ് വ്യവസ്ഥയും, ഇളവുകളില്‍ വിപണി ഉണരുന്നു
1 min read- എഫ്എംസിജി വില്‍പ്പനയില്‍ തിരിച്ചുവരവ് പ്രകടമാകുന്നു
- കേരളത്തിലും ഇന്ന് മുതല്‍ കാര്യമായ ഇളവുകള്‍
- പൂര്‍ണമായ തിരിച്ചുവരവ് മൂന്നാം പാദത്തില്‍ പ്രതീക്ഷിക്കാം
ന്യൂഡെല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നത് വിപണിക്കും ഉണര്‍വാകുന്നു. ഏറ്റവും വേഗത്തില്‍ വിറ്റു പോകുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ (എഫ്എംസിജി) വില്‍പ്പന തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇതോടെ എഫ്എംസിജി വില്‍പ്പനയില്‍ 15-20 ശതമാനം വരെ വര്‍ധനയുണ്ടായിട്ടുണ്ട്. പൊതു വ്യാപാരത്തില്‍ ഗ്രോസറി സ്റ്റോര്‍സ് കാറ്റഗറിയിലാണിത്.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള ആധുനിക വില്‍പ്പന ശാലകളിലെ വില്‍പ്പനയില്‍ പോയ മാസത്തെ അപേക്ഷിച്ച് 25-30 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
കോവിഡ് രണ്ടാം തംരംഗം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുകയും ബിസിനസുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ കാര്യമായി കുറവ് വരുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ജനസംഖ്യയില്‍ ഭൂരിഭാഗത്തിനും കുത്തിവെപ്പ് നല്‍കുന്ന അവസ്ഥയില്‍ മാത്രമേ പൂര്‍ണമായൊരു തിരിച്ചുവരവിലേക്ക് വിപണി എത്തുകയുള്ളൂ എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഒമ്പതാം ദിവസവും പുതിയ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയാണ്.
ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണവും പതിവായി കുറയുകയാണ്. രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത് 8,65,432 പേരാണ്. 70 ദിവസത്തിനുശേഷം ചികിത്സയിലുള്ളവരുടെ എണ്ണം 9 ലക്ഷത്തില്‍ താഴെയായി എന്നത് വിപണിക്കും ഉണര്‍വേകുന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.92% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.
മൂന്നാം പാദത്തില്‍ പ്രതീക്ഷ
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തോട് കൂടി മാത്രമേ സമ്പദ് വ്യവസ്ഥയില്‍ പൂര്‍ണമായ തിരിച്ചുവരവ് സാധ്യമാകൂ എന്നാണ് ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്സ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സാമ്പത്തിക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അത് വിപണിയില്‍ വലിയ തോതില്‍ പണലഭ്യത ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അടുത്തിടെയുണ്ടായ റിസര്‍വ് ബാങ്ക് ധന നയ സമിതിയുടെ ധന നയ പ്രഖ്യാപനം ചെറുകിട മേഖലകള്‍ക്ക് കൈത്താങ്ങാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട ഹോട്ടല്‍, റസ്റ്റാറന്‍റ്, ടൂറിസം, ബസ് ഓപറേറ്റര്‍മാര്‍, ബ്യൂട്ടി പാര്‍ലറുകള്‍, സലൂണ്‍ എന്നീ വിഭാഗങ്ങള്‍ക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ 15000 കോടി രൂപയുടെ സുപ്രധാനമായ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയമായിരുന്നു.
2022 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്‍റെ പുതിയ നിഗമനം. ജൂലൈ മാസത്തോടെ വളര്‍ച്ച ശരിയായ ട്രാക്കിലാകുമെന്നും കേന്ദ്ര ബാങ്ക് കരുതുന്നു. കേരളത്തിലും ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുകയാണ്. വ്യാപാരികള്‍ക്ക് ഇത് പ്രതീക്ഷ നല്‍കുന്നു.