കോവിഡ് 19 – പല ഉത്തരവുകളിറക്കി ആശയക്കുഴപ്പം ഉണ്ടാക്കരുത്: മുഖ്യമന്ത്രി
1 min readശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി, പ്രവൃത്തി ദിനങ്ങളില്‍ 50% ജീവനക്കാര്‍ മാത്രം, സ്വകാര്യ സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം പ്രോല്‍സാഹിപ്പിക്കണം
തിരുവനന്തപുരം: കോവിഡ് 19-മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍ വ്യത്യസ്ത ഉത്തരവിറക്കി ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഈ നിര്‍ദേശം നല്‍കിയത്. വരുന്ന ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ബാക്കി പ്രവൃത്തി ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാര്‍ മാത്രമാകും എത്തേണ്ടത്.
സ്വകാര്യ സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം വിപുലപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കും. വാരാന്ത്യത്തില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടാകില്ലെങ്കിലും തിരക്ക് ഒഴിവാക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കോവിഡ് പ്രതിരോധ നടപടികള്‍ വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെയും പോലീസിനെയും വിന്യാസിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ബീച്ച്, പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം കര്‍ക്കശമായ പരിശോധന ഉണ്ടാകും.
വാക്സിന്‍ വിതരണം സുഗമമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും. വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ ടോക്കണ്‍ നേടാന്‍ വലിയ തിരക്ക് ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ടോക്കണ്‍ വിതരണം ഓണ്‍ലൈനിലാക്കും. അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക വാക്സിന്‍ വിതരണ ക്യാംപുകള്‍ നടത്തും.
സംസ്ഥാനത്തിന് 50 ലക്ഷം ഡോസ് വാക്സിന്‍ ഉടന്‍ ലഭ്യമാക്കണമെന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അഞ്ചര ലക്ഷം ഡോസ് വാക്സിന്‍ അടുത്ത ദിവസം എത്തിക്കാമെന്ന അറിയിപ്പാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചിട്ടുള്ളത്.
കണ്ടെയ്ന്‍മെന്‍റുകള്‍ക്ക് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാത്രി 9.00 മണി വരെ പ്രവര്‍ത്തിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വേനല്‍ക്കാല ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. ഹോസ്റ്റലുകളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പുവരുത്തും. കൊവിഡ് പ്രതിരോധത്തിനായി തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് തലസമിതികള്‍ക്ക് ചുമതല നല്‍കും. ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ വര്‍ധിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
പരിശോധനകള്‍ വലിയ തോതില്‍ തന്നെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വാരാന്ത്യ ദിനങ്ങളില്‍ കൂട്ട പരിശോധന നടപ്പാക്കും. നിലവിലെ സാഹചര്യം വരുംദിവസങ്ങളില്‍ നിയന്ത്രിക്കാനായില്ലെങ്കില്‍ പ്രതിദിന രോഗികളുടെ എണ്ണം ഈ മാസം അവസാനമാകുമ്പോഴേക്കും വന്‍ തോതില്‍ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയും യോഗത്തില്‍ ഉയര്‍ന്നുവന്നു.