കോവിഡിന്റെ ഉത്പത്തിക്ക് കാരണം ചൈനയുടെ വന്യമൃഗ വ്യാപാരമാകാമെന്ന് ശാസ്ത്രജ്ഞര്‍
1 min read2002ല്‍ ചൈനയില്‍ എണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ സാര്‍സ് രോഗത്തിന് സമാനമായ ഉത്പത്തിയാണ് ശാസ്ത്രജ്ഞര്‍ കോവിഡ്-19നും സങ്കല്‍പ്പിക്കുന്നത്
ജനീവ: കോവിഡ്-19ന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ പുതിയ തിയറിയുമായി ശാസ്ത്രജ്ഞര്‍. ചൈനയുടെ കുപ്രസിദ്ധമായ വന്യമൃഗ വ്യാപാരം കോവിഡ്-19ന്റെ ഉത്പത്തിക്ക് കാരണമാകാനുള്ള സാധ്യതയാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്നത്. ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച മഹാമാരിയുടെ ഉത്ഭവം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയും ചൈനീസ് സര്‍ക്കാരും സംയുക്തമായി രൂപീകരി്ച്ച വിദ്ഗ്ധ സമിതി 2002ലെ സാര്‍സ് രോഗബാധയുടെ ഉത്ഭവത്തിന് സമാന്തരമായ തിയറിയാണ് കോവിഡ്-19ന്റെ ഉറവിടവുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കുന്നത്.
വവ്വാലുകളില്‍ കണ്ടുവരുന്ന കൊറോണ വൈറസ് വെരുഗുകളിലൂടെ മനുഷ്യരിലെത്തി സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രം അഥവാ സാര്‍സ് ബാധിച്ച് എണ്ണൂറോളം പേരാണ് 2002ല്‍ മരണടഞ്ഞത്. ഇതുപോലെ തന്നെയായിരിക്കാം നോവല്‍ കൊറോണവൈറസ് എന്നറിപ്പെടുന്ന SARS-CoV-2ഉം പടര്‍ന്നിരിക്കുകയെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ 2019 ഡിസംബറില്‍ സെന്‍ട്രല്‍ ചൈനയില്‍ കണ്ടെത്തുന്നതിന് മുമ്പുള്ള വൈറസിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
സാധ്യതകള്‍
കോവിഡ്-19ന്റെ ആദ്യ കേസുകള്‍ കണ്ടെത്തിയ വുഹാനില്‍, വൈറസിന്റെ ഉത്പത്തി സംബന്ധിച്ച് നാല് സിദ്ധാന്തങ്ങളാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്നത്. ഇതില്‍ രണ്ടെണ്ണം ഇതിനോടകം തന്നെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. കേടുവന്ന ഭക്ഷണത്തിലൂടെയോ പാക്കേജിംഗിലൂടെയോ ആയിരിക്കാം വൈറസ് മനുഷ്യരിലേക്ക് എത്തിയിരിക്കുകയെന്ന സാധ്യതയ്ക്കാണ് ചൈന മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ വുഹാനിലെ ലബോറട്ടറിയില്‍ നിന്നും അബദ്ധത്തില്‍ ചാടിപ്പോയതാണ് നോവല്‍ കൊറോണ വൈറസെന്ന വാദമാണ് അമേരിക്കയിലെ ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഭക്ഷണം, തോല്‍, മരുന്ന് എന്നിവയ്ക്ക് വേണ്ടി വന്യമൃഗങ്ങളെ എത്തിച്ച്‌കൊടുക്കുന്ന 80 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ചൈനയിലെ വന്യമൃഗ വ്യാപാരം പകര്‍ച്ചവ്യാധിക്ക് വിത്ത് പാകിയിരിക്കാമെന്ന സംശയമാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്നത്.
കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആദ്യ പ്രഭവകേന്ദ്രമായ വുഹാനിന്റെ പ്രാന്തപ്രദേശത്തുള്ള ഹുനാന്‍ ഭക്ഷ്യ മാര്‍ക്കറ്റില്‍ കൊറോണവൈറസ് പകര്‍ച്ചവ്യാധി സംശയിക്കാവുന്ന ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയിരുന്നു. വൈറസിന്റെ ആദ്യ ഉറവിടമായ വവ്വാലുകളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് എത്തിയിരിക്കുക ഈ മൃഗങ്ങളിലൂടെയാകാമെന്നാണ് ഗവേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ജീവശാസ്ത്രജ്ഞനായ പീറ്റര്‍ ഡെസാക് പറയുന്നത്. ചൈനീസ് സര്‍ക്കാരിന്റെ കടുത്ത എതിര്‍പ്പുകള്‍ക്ക് ശേഷം ഈ വര്‍ഷം ആദ്യമാണ് അന്വേഷണ സംഘം വുഹാനില്‍ പരിശോധന നടത്തിയത്. അന്വേഷണം ഇപ്പോഴും തുടരുകയാണെങ്കിലും സാര്‍സ് രോഗബാധയ്ക്ക് സമാനമായ രീതിയിലായിരിക്കും കോവിഡ്-19നും ഉത്ഭവിച്ചിരിക്കുകയെന്ന നിഗമനമാണ് ഈ ഘട്ടത്തില്‍ അന്വേഷണസംഘത്തിന് ഉള്ളതെന്ന് ഡെസാക് പറഞ്ഞു. വൈറസ്ജന്യ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ എക്കോഹെല്‍ത്ത് അലിയന്‍സ് എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് ഡെസാക്.
കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണം ലോകശക്തികള്‍ക്കിടയില്‍ ഒരു രാഷ്ട്രീയ ആയുധമാണെങ്കിലും ഇത് സംബന്ധിച്ച ശാസ്ത്രീയ നടപടികളാണ് മുഖ്യമെന്ന് ഡെസാക് പറയുന്നു. SARS-CoV-2 എവിടെ നിന്ന് വന്നുവെന്നും എങ്ങനെ മനുഷ്യരിലേക്ക് എത്തിയെന്നുമുള്ള നിര്‍ണായക വിവരങ്ങള്‍ വരുംവര്‍ഷങ്ങളില്‍ തീര്‍ച്ചയായും പുറത്ത് വരുമെന്നും മാര്‍ച്ച് പത്തിന് ചതാംഹൗസ് സംഘടിപ്പിച്ച വെബിനാറില്‍ അദ്ദേഹം പറഞ്ഞു.
സാര്‍സ് പകര്‍ച്ചവ്യാധി
ചൈനയില്‍ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വളര്‍ത്തുന്നതും കാട്ടില്‍ നിന്ന് പിടികൂടുന്നതുമായ വെരുകുകളാണ് 2003ല്‍ ഗുവാംഗ്‌ഡോംഗിലെ തെക്കന്‍ പ്രവിശ്യയിലുള്ള മാര്‍ക്കറ്റില്‍ സാര്‍സ് വൈറസ് പകര്‍ച്ചവ്യാധിക്ക് തുടക്കമിട്ടതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കൊറോണ വൈറസ് സ്വാഭാവികമായി കണ്ടുവരുന്ന വവ്വാലുകളില്‍ (ഹോഴ്‌സ്ഷൂ ബാറ്റ്) നിന്നാണ് ഈ രോഗം ഉത്ഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ പിന്നീട് കണ്ടെത്തി. ജീവനുള്ള മൃഗങ്ങള്‍ കൂടുകളില്‍ തിങ്ങിക്കൂടി കഴിയുന്ന മാര്‍ക്കറ്റില്‍ വെച്ച് ഈ വവ്വാലുകളും വെരുകുകളും തമ്മില്‍ കൂട്ടിമുട്ടിയിരിക്കാമെന്നും അങ്ങനെ വവ്വാലില്‍ നിന്ന് വൈറസ് വെരുകകളിലെത്തി വംശവര്‍ധന നടത്തുകയും പിന്നിട് മൃഗങ്ങളുമായി അടുത്തിടപഴകുന്ന മാര്‍ക്കറ്റ് ജീവനക്കാരിലേക്കും അവരില്‍ നിന്ന് മറ്റുള്ളവരിലേക്കും വൈറസ് പകര്‍ന്നിരിക്കാമെന്നുമാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന വിശദീകരണം.
കോവിഡ്-19 പകര്‍ച്ചവ്യാധിയിലും ഇതിന് സമാനമായ സാഹചര്യങ്ങളാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ട് വെക്കുന്നത്. വുഹാനില്‍ കോവിഡ്-19ന് ചികിത്സ തേടിയ 99 പേരില്‍ നടത്തിയ പഠനത്തില്‍ ഇവരില്‍ പകുതി ആളുകളും ഹുനാനിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കാട്ടില്‍ നിന്ന് നിയമവിരുദ്ധമായി പിടികൂടുന്ന ജീവനുള്ള വന്യമൃഗങ്ങളെ ഇവിടെ കച്ചവടം ചെയ്തിരുന്നുവെന്നും ഉപഭോക്താക്കളുടെ മുന്നില്‍ വെച്ച് കശാപ്പ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടെയോ വുഹാനിലെ വേറെതെങ്കിലും മാര്‍ക്കറ്റിലോ വിറ്റ വൈറസ് ബാധയുള്ള മൃഗത്തില്‍ നിന്നാകും കോവിഡ്-19 പടര്‍ന്ന് പിടിച്ചിരിക്കുകയെന്ന് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട സിഡ്‌നിയില്‍ നിന്നുള്ള മൈക്രോ ബയോളജിസ്റ്റായ ഡൊമനിക് ഡിവിയറും പറയുന്നു. എന്നിരുന്നാലും പകര്‍ച്ചവ്യാധിയില്‍ ചൈനീസ് മാര്‍ക്കറ്റിനുള്ള യഥാര്‍ത്ഥ പങ്ക് തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
വുഹാന്‍ മാര്‍ക്കറ്റ് കോവിഡിന്റെ ഉറവിടമാകണമെന്നില്ല
2019 ഡിസംബറില്‍ മാര്‍ക്കറ്റ് അടച്ച് പൂട്ടിയതിന് ശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയുള്ള മൃഗങ്ങളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. വൈറസ്ബാധിതരായ ആളുകള്‍ വഴിയും വൈറസ് സാന്നിധ്യമുള്ള മൃഗോല്‍പ്പന്നങ്ങള്‍ വഴിയും രോഗാണുബാധ എല്ലാ പ്രതലങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഇത്തരം ആശയക്കുഴപ്പങ്ങള്‍ക്കൊപ്പം ആദ്യ കോവിഡ്-19 രോഗിയെന്ന് സംശയിക്കുന്ന ആള്‍ക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നാല് ദിവസം മുമ്പ് തന്നെ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. ഡിസംബര്‍ പകുതിയോടെ ശേഖരിച്ച SARS-CoV-2 സാംപിളുകളുടെ പരിശോധനയില്‍ ഇവയില്‍ പലതിന്റെയും ജനിതക ഘടനയില്‍ സാരമായ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. അജ്ഞാതമായ വൈറല്‍ ന്യുമോണിയ ബാധിച്ച് ഗുരുതരമായ അവസ്ഥയില്‍ ചികിത്സ തേടിയ നിരവധി പേര്‍ വഴി ഡോക്ടര്‍മാരില്‍ പകര്‍ച്ചവ്യാധി സംശയം ഉടലെടുക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പകര്‍ച്ചവ്യാധി സമൂഹത്തില്‍ പടര്‍ന്ന് പിടിച്ചിരുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മനുഷ്യരില്‍ പടരുന്നതിന് അനുകൂലമായ രൂപമാറ്റങ്ങള്‍ക്ക് ശേഷമാകാം വൈറസ് സമൂഹത്തില്‍ പടര്‍ന്ന് പിടിച്ചിരിക്കുകയെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ മെഡിസിന്‍ വിഭാഗം പ്രഫസര്‍ ജോയല്‍ ഒ വെര്‍ത്തീം അഭിപ്രായപ്പെട്ടു. പലതവണ വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ന്നിരിക്കാമെന്നും വൈറസ് പിടിപെട്ട ആളുകള്‍ മറ്റുള്ളവരിലേക്ക് അത് പടര്‍ത്താത്തിരുന്ന ഘട്ടത്തില്‍ അത് നശിക്കപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പിന്നീട് നിരവധി പേരിലേക്ക് രോഗം പടര്‍ത്തിയ ഒരാളെ വൈറസ് ബാധിക്കുകയും അങ്ങനെ ലോകം മുഴുവന്‍ പകര്‍ച്ചവ്യാധി വ്യാപിക്കുകയും ചെയ്തിരിക്കാമെന്നാണ് ഇദ്ദേൃഹം പറയുന്നത്. ഹുനാന്‍ മാര്‍ക്കറ്റില്‍ വെച്ച് വൈറസ് വ്യാപകമായി പടര്‍ന്നിരിക്കാമെങ്കിലും SARS-CoV-2ന്റെ ഉറവിടം ഈ മാര്‍ക്കറ്റ് തന്നെയാകണമെന്നില്ലെന്നാണ് നിലവിലെ തെളിവുകള്‍ നല്‍കുന്ന സൂചനയെന്ന് വെര്‍തീം പറഞ്ഞു.
തെക്കന്‍ ചൈനയിലെ വന്യമൃഗങ്ങളെ വളര്‍ത്തുന്ന ഫാമുകള്‍ ഹുനാന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് മൃഗങ്ങളെ എത്തിച്ചിരുന്നതിന് ലോകാരോഗ്യ സംഘടനയുടെ അേേന്വഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ചൈനയിലെ തെക്കന്‍ മേഖലകളായ യുന്നാന്‍ പോലുള്ള പ്രവിശ്യകളിലൂടെയാണ് ഈ മൃഗങ്ങളെ എത്തിക്കുന്നത്. 2013ല്‍ നിലവിലെ നോവല്‍ കൊറോണ വൈറസിനോട് അടുത്ത സാദൃശ്യമുള്ള കൊറോണ വൈറസിനെ യുന്നാനിലെ വവ്വാലുകളില്‍ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ അല്ലെങ്കില്‍ ഈ മേഖലയില്‍ വളര്‍ത്തുന്ന മൃഗങ്ങളിലേക്കോ വൈറസ് എത്താനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇവിടെ നിന്നും ഹുനാന്‍ മാര്‍ക്കറ്റിലേക്ക് എത്തിച്ച മൃഗങ്ങള്‍ വഴിയാകാം മാര്‍ക്കറ്റില്‍ രോഗം വ്യാപിച്ചിരിക്കുകയെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.
സര്‍ക്കാര്‍ പിന്തുണയോടുള്ള വന്യമൃഗ വ്യാപാരം
ഗ്രാമീണജനതയുടെ വരുമാനമാര്‍ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ദശാബ്ദങ്ങളായി ചൈനീസ് സര്‍ക്കാര്‍ വന്യമൃഗങ്ങളെ വളര്‍ത്തലിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. 2018ല്‍ ആഫ്രിക്കയില്‍ പന്നിപ്പനി ആരംഭിച്ചതിന് ശേഷം ചൈനയില്‍ മാംസാഹാരത്തിനുള്ള ബദല്‍ മാര്‍ഗമായി വന്യമൃഗ വളര്‍ത്തല്‍ ഉയര്‍ന്ന് വന്നിരുന്നു. ആഫ്രിക്കയിലെ പന്നിപ്പനി ലോകത്ത് പന്നിയിറച്ചിക്ക് കടുത്ത ക്ഷാമത്തിന് കാരണമായതോടെ ചൈനയില്‍ വന്യമൃഗ ഉപഭോഗം കൂടി. ലോകത്ത് ചിലവാകുന്ന പന്നിയിറച്ചിയുടെ പകുതിയും കഴിക്കുന്നത് ചൈനീസ് ജനതയാണ്.
പന്നിയിറച്ചി കിട്ടാതെ വന്നതോടെ ചൈനയില്‍ പക്ഷി, പാമ്പ്, പ്രത്യേകയിനം എലികള്‍, അണ്ണാന്‍, മുള്ളന്‍പന്നി തുടങ്ങിയവയുടെ മാംസം ഭക്ഷിക്കുന്നത് സര്‍വ്വസാധാരണമായി. തെക്കന്‍ മേഖലകളിലാണ് ഇത് കൂടുതല്‍. ചൈനയിലെ നഗരവാസികളില്‍ 46 ശതമാനം ആളുകള്‍ വന്യമൃഗങ്ങളെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇവരില്‍ 2.7 ശതമാനം നിരന്തരമായി ഇത്തരം മാംസം കഴിക്കുന്നുണ്ടെന്നും 2004ല്‍ ചൈനയിലെ വന്യമൃഗ സംരക്ഷണ സംഘടന നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. 2017ല്‍ ചൈനയില്‍ നടന്ന മറ്റൊരു സര്‍വ്വേ, തങ്ങള്‍ പരിശോധിച്ച 52 ശതമാനം മാര്‍ക്കറ്റുകളിലും വന്യമൃഗ കച്ചവടം നടക്കുന്നുണ്ടെന്നും 40 ശതമാനം റെസ്റ്റോറന്റുകളിലും വന്യമൃഗ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണെന്നും വെളിപ്പെടുത്തിയിരുന്നു. വന്യമൃഗങ്ങളുടെ ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേവലം ഒരു വര്‍ഷം മുമ്പ് അത്തരം വ്യാപാരങ്ങളില്‍ ഏറെയും ്പ്രവര്‍ത്തനം അവസാനിപ്പിച്ചു. മാത്രമല്ല ഏതാണെല്ലാ വ്‌ന്യമൃഗങ്ങളുടെയും ഉപഭോഗം നിയമം മൂലം നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.
പകര്‍ച്ചവ്യാധി തുടക്കം കൈകാര്യം ചെയ്യുന്നതില്‍ ചൈന കാണിച്ച നിരുത്തരവാദിത്തത്തിനെതിരെ അ്ന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുമ്പോഴും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ വെച്ച് തന്നെയാണോ രോഗാണു ഉത്ഭവിച്ചതെന്ന സംശയം ഉയര്‍ത്താനാണ് ചൈനയുടെ ശ്രമം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വന്യമൃഗങ്ങളുടെ വ്യാപാരം നിര്‍ത്തലാക്കാന്‍ ജിന്‍പിംഗ് സര്‍ക്കാര്‍ തീരുമാനമെടുത്തതിന് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. നോവല്‍ കൊറോണ വൈറസ് വുഹാനിലെത്താനുള്ള ഒരു സാധ്യത അതാണെന്ന് അവര്‍ നേരത്തെ മനസിലാക്കി ഭാവിയില്‍ ഉണ്ടാകാനിടയിള്ള ആരോപണങ്ങള്‍ മുന്നില്‍ക്കണ്ടുള്ള നടപടിയായിരുന്നു ചൈനയുടേതെന്ന് ദസാക് അഭിപ്രായപ്പെട്ടു.