October 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വര്‍ധിക്കുന്ന ചൈനീസ് പരിവേഷം; ശ്രീലങ്ക രൂപംമാറി ഷി-ലങ്കയാകുമോ…?

1 min read

ലോട്ടസ് ടവര്‍, ക്രിക്കറ്റ് സ്റ്റേഡിയം, ഹംബന്തോട്ട തുറമുഖം, മാത്തലെ വിമാനത്താവളം എന്നിവ സാധാരണ പൗരന്മാര്‍ക്ക് ഉപയോഗപ്പെടുന്നില്ല. ജനം ഇന്നും വിലക്കയറ്റത്തിനും കുറഞ്ഞവരുമാനത്തിനും ഇടയില്‍ നട്ടം തിരിയുന്നു.

ന്യൂഡെല്‍ഹി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന (സിപിസി) സ്ഥാപിതമായതിന്‍റെ 100 വര്‍ഷങ്ങള്‍ ബെയ്ജിംഗ് ആഘോഷിക്കുകയാണ്. ഇതിനോടകം അവരുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചും ശ്രീലങ്കയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവയിലെല്ലാം ശ്രീലങ്കയുടെ ഭൂപ്രകൃതി എങ്ങനെ രൂപാന്തരപ്പെടുന്നുവെന്ന് വിശദമാക്കുന്നുണ്ട്. ഈ പദ്ധതികള്‍ ചില തെരുവുകളില്‍ മാത്രമാണ് പ്രതിഫലിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ശ്രീലങ്കയിലെ സിപിസിയുടെ ധനസഹായമുള്ള പദ്ധതികള്‍ ചൈനീസ് സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത്. ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, മെറ്റീരിയല്‍ എന്നിവ ഉപയോഗിച്ച് അവ പൂര്‍ത്തീകരിക്കുകയാണ് ചെയ്യുക.അധ്വാനത്തിന്‍റെ ഗണ്യമായ അനുപാതവും ഉയര്‍ന്ന മാനേജ്മെന്‍റും ചൈനയില്‍ നിന്നുള്ളതാണ്. ഫലത്തില്‍, ഈ പദ്ധതിക്ക് ശ്രീലങ്ക പണം നല്‍കുമ്പോള്‍, അത് പൂര്‍ണമായും ബെയ്ജിംഗിന്‍റെ ഖജനാവാണ് പുഷ്ടിപ്പെടുത്തുക.

ശ്രീലങ്കയിലേക്കുള്ള ചൈനീസ് ഇറക്കുമതി കുത്തനെ ഉയരുന്നതും തിരിച്ചുള്ള കയറ്റുമതി കുറയ്ക്കുന്നതും ബെയ്ജിംഗിന്‍റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ചൈനയുമായുള്ള വ്യാപാരക്കമ്മി വര്‍ദ്ധിക്കുന്നതിന് കാരണമായി. ഇത് ശ്രീലങ്കന്‍ രൂപയില്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഈ വ്യാപാരക്കമ്മി പരിഹരിക്കാനുള്ള ഏക മാര്‍ഗം ചൈനയില്‍ നിന്ന് ശ്രീലങ്കയിലേക്ക് ഒഴുകുന്ന ഗണ്യമായ കയറ്റുമതി അധിഷ്ഠിത വിദേശ നേരിട്ടുള്ള നിക്ഷേപം ആണ്, ഇത് നിര്‍ഭാഗ്യവശാല്‍ ചൈനീസ് കാര്യങ്ങളില്‍ ഉള്‍പ്പെടുന്നില്ല. ഒരു ശരാശരി ശ്രീലങ്കക്കാരന് ചൈനീസ് പദ്ധതികള്‍ കാര്യമായ നേട്ടമൊന്നും നല്‍കിയിട്ടില്ല. മിക്കപ്പോഴും, ഇവ പൊങ്ങച്ചം കാട്ടാനുള്ള പ്രോജക്റ്റുകളാണ്. ഇവ അധികാരത്തിലിരിക്കുന്നവരുടെ സ്വന്തം ധനസമ്പാദനത്തിനും ബാക്കി അവരുടെ ബന്ധുക്കളുടെ നേട്ടത്തിനും മാത്രമാണ് ഇപയോഗിക്കപ്പെടുന്നത്. ലോട്ടസ് ടവര്‍, ക്രിക്കറ്റ് സ്റ്റേഡിയം, ഹംബന്തോട്ട തുറമുഖം, മാത്തലെ വിമാനത്താവളം എന്നിവ സാധാരണ പൗരന്മാര്‍ക്ക് ഉപയോഗപ്പെടുന്നില്ല. ജനം ഇന്നും വിലക്കയറ്റത്തിനും കുറഞ്ഞവരുമാനത്തിനും ഇടയില്‍ നട്ടം തിരിയുന്നു.

  ടിയുവി എസ് യുഡി സൗത്ത് ഏഷ്യയുടെ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ടെക്നോപാര്‍ക്കിന്

104 മില്യണ്‍ ഡോളറിന്‍റെ ലോട്ടസ് ടവര്‍ 2019 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്തു. എന്നിട്ടും, മറ്റ് ചൈനീസ് പദ്ധതികളെപ്പോലെ, ഇതും വിവാദത്തിലായി. ചൈനീസ് കരാറുകാര്‍ 11 മില്യണ്‍ യുഎസ് ഡോളറുമായി ഒളിച്ചോടുകയാണെന്ന് അന്നത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ആരോപണമുന്നയിച്ചിരുന്നു. മാത്തലെയില്‍ നിര്‍മ്മിച്ച 20 മില്യണ്‍ ഡോളറിന്‍റെ വിമാനത്താവളം ഇപ്പോള്‍ ലോകത്തിലെ ശൂന്യമായ വിമാനത്താവളം എന്ന പേരില്‍ കുപ്രസിദ്ധമാണ്. ശ്രീലങ്കയുടെ സ്ട്രാറ്റജിക് എന്‍റര്‍പ്രൈസ് മാനേജ്മെന്‍റ് ഏജന്‍സി ഈ വിമാനത്താവളം നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തതാണ്. പകരം കൊളംബോ വിമാനത്താവളം വിപുലീകരിക്കാനാണ് അവര്‍ ശുപാര്‍ശ ചെയ്തിരുന്നത്. അന്നത്തെ പ്രസിഡന്‍റ് മഹീന്ദ രാജപക്സെയുടെ സ്വന്തം മണ്ഡലത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൊളംബോ വിമാനത്താവളത്തിന്‍റെ വിപുലീകരണത്തിന് ജപ്പാന്‍ ധനസഹായം നല്‍കേണ്ടി വരുമ്പോള്‍ മാത്തലെ വിമാനത്താവളത്തിന് എക്സിം ബാങ്ക് ഓഫ് ചൈനയില്‍ നിന്ന് വായ്പ നല്‍കിയത് യാദൃശ്ചികമാണോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു.

1.4 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഹംബന്തോട്ട തുറമുഖത്തെയും സമാനമായ പ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട്. പദ്ധതിയുടെ ചൈനീസ് വായ്പകളുടെ പലിശ തിരിച്ചടയ്ക്കാന്‍ പോലും തുറമുഖം വഴി ലഭിക്കുന്ന വരുമാനം പര്യാപ്തമല്ലാത്തതിനാല്‍ ദീര്‍ഘകാലത്തേക്ക് തുറമുഖം ചൈനക്കാര്‍ക്ക് പാട്ടത്തിന് നല്‍കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരായി. 2017 ല്‍ തുറമുഖം നേടിയത് 2 മില്യണ്‍ ഡോളര്‍ മാത്രമാണ്, അതേസമയം വാര്‍ഷിക വായ്പ തിരിച്ചടവ് 70 മില്യണ്‍ യുഎസ് ഡോളറില്‍ കൂടുതലാണ്. 20 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ പോലും അടുത്ത 30 വര്‍ഷത്തേക്ക് തുറമുഖത്തിന് പലിശ അടയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഈ തുറമുഖം ഒരിക്കലും ശ്രീലങ്കന്‍ കൈകളില്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. നേരെമറിച്ച് പ്രഖ്യാപനങ്ങള്‍ വകവയ്ക്കാതെ, ഹംബന്തോട്ടയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും നിയന്ത്രിക്കുന്നതിലും ശ്രീലങ്ക തുറമുഖ അതോറിറ്റിക്ക് വളരെ പരിമിതമായ പങ്കുമാത്രമാണ് ഉള്ളത്. തുറമുഖത്ത് സ്വന്തം കപ്പലുകള്‍ കയറ്റാന്‍ ശ്രീലങ്കന്‍ നാവികസേന ചൈനക്കാരോട് അഭ്യര്‍ത്ഥിക്കണം എന്നതാണ് അവസ്ഥ. ഈ തുറമുഖത്തിന് സാമ്പത്തിക മെച്ചമില്ലെന്ന് അവകാശപ്പെട്ട് ചൈനീസ് അധികൃതര്‍ തുറമുഖത്തിന് ചുറ്റും 15,000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിക്കുകയുമാണ്.
ചൈന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കമ്പനി നിര്‍മ്മിക്കുന്ന 1.5 ബില്യണ്‍ യുഎസ് ഡോളറിന്‍റെ കൊളംബോ പോര്‍ട്ട് സിറ്റി സംബന്ധിച്ചും വിവാദങ്ങള്‍ ഉയരുന്നു.

  ആദിത്യ ഇന്‍ഫോടെക് ലിമിറ്റഡ് ഐപിഒയ്ക്ക്

പദ്ധതിയുടെ പാരിസ്ഥിതിക ആഘാത വിലയിരുത്തലിനുള്ള അംഗങ്ങളില്‍ ഒരാള്‍ മാതൃ കമ്പനിയുടെ കണ്‍സള്‍ട്ടന്‍റായിരുന്നു. പദ്ധതി ആരംഭിച്ചപ്പോള്‍, മണ്ണൊലിപ്പും പ്രാദേശിക മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് തടസവും ഉണ്ടാകാതിരിക്കാന്‍ തീരത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയെങ്കിലും ഡ്രെഡ്ജിംഗ് നടത്താമെന്ന് തീരുമാനിച്ചു. ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ പ്രതിഷേധത്തെത്തുടര്‍ന്ന്, മണ്ണുമാന്തല്‍ തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലേക്ക് മാറ്റുകയായിരുന്നു. ചൈനീസ് കമ്പനിയുടെ നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്ന് ഇത് 8 കിലോമീറ്ററായി പുനഃസ്ഥാപിച്ചു. പ്രാദേശിക അധികാരികളുടെയും പരസ്പര മൗനസമ്മതത്തില്‍ ഡ്രെഡ്ജറുകള്‍ തീരത്ത് നിന്ന് 3 കിലോമീറ്റര്‍ അകലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവിടെ ചൈനീസ് ആവശ്യങ്ങള്‍ക്കനുസൃതമായി പദ്ധതി നടപ്പിലാക്കുകയാണ് ചെയ്യുന്നത്. ഇത് ഉറപ്പാക്കുന്നതിന് രാഷ്ട്രീയ, ബ്യൂറോക്രാറ്റിക് തലങ്ങളെ ചൈനീസ് കമ്പനി തങ്ങളുടെ നിയന്ത്രണത്തിലെത്തിച്ചു. 83,000 തൊഴിലവസരങ്ങള്‍ നാട്ടുകാര്‍ക്കായി സൃഷ്ടിക്കുമെന്നും 15 ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപം രാജ്യത്തേക്ക് ഒഴുകുമെന്നും ഇതിന്‍റെ തുടക്കത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ചൈനീസ് അവകാശവാദങ്ങള്‍ സാധാരണയുക്തിക്ക് നിരക്കാത്തതാണ്.മാത്രമല്ല പദ്ധതി തിരഞ്ഞെടുത്ത ഏതാനും പേര്‍ക്ക് മാത്രമേ നേട്ടമുണ്ടാക്കുന്നുള്ളു. കൊളംബോയുടെ വടക്കും തെക്കും തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇതിനകം പദ്ധതികാരണം ബാധിക്കപ്പെട്ടിട്ടുണ്ട്. വലിയ തോതിലുള്ള മണല്‍ ഖനനവും ഗ്രാനൈറ്റിനായി ക്വാറിയും പദ്ധതിക്കായി ഏറ്റെടുക്കുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്ന് ജില്ലകളായ കൊളംബോ, ഗമ്പഹ, കലുതാര എന്നിവയെയും ഇത് ബാധിക്കും. പദ്ധതികള്‍ ശ്രീലങ്കയില്‍ തൊഴിലവസരം കാര്യമായി വര്‍ധിപ്പിച്ചിട്ടുമില്ല. പോര്‍ട്ട് സിറ്റി പദ്ധതിയില്‍ 22 ശതമാനം ചൈനീസ് തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഒരു ചൈനീസ് നിര്‍മാണത്തൊഴിലാളിയ്ക്ക് ഒരു ദിവസം 1,000 ശ്രീലങ്കന്‍ രൂപ ശമ്പളം ലഭിക്കുന്നു എന്നാല്‍ തദ്ദേശവാസിയായ ഒരാള്‍ക്ക് 1500 രൂപ നല്‍കണം. കൂടാതെ, ചൈനീസ് തൊഴിലാളികള്‍ കൂടുതല്‍ സമയം ജോലിയെടുക്കുകയും ചെയ്യും. ഇത് ചൈനീസ് തൊഴിലാളികളെ കൂടുതല്‍ അഭിലഷണീയമാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ശ്രീലങ്കയില്‍ 15,000 ചൈനീസ് തൊഴിലാളികളുണ്ടെന്ന് പറയുമ്പോള്‍ അനൗദ്യോഗിക കണക്ക് ഒരു ലക്ഷത്തിനടുക്കലാണ്.

  കൊട്ടക് മ്യൂച്വല്‍ ഫണ്ട് കൊട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ

നൈപുണ്യവും അറിവും പ്രാദേശിക തൊഴില്‍ സേനയ്ക്ക് ചൈനാക്കാര്‍ കൈമാറുന്നില്ല. പ്രാദേശിക തൊഴില്‍ വിപണിയിലെ ചൈനീസ് മേധാവിത്വത്തിന് ഇത് കാരണമായി. ചൈനീസ് പുതുവത്സരത്തിനായി നാട്ടിലേക്ക് പോയ തൊഴിലാളികള്‍ക്ക് കോവിഡ് -19 പ്രതിസന്ധി കാരണം മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ മിക്കപദ്ധതികളും നിലയ്ക്കുകയായിരുന്നു.
ചൈനീസ് മത്സ്യബന്ധന കപ്പലുകളുടെ വേട്ടയാടലിന്‍റെ ആഘാതം ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളും നേരിടുന്നു. അടുത്തിടെ, ചൈനീസ് മത്സ്യബന്ധന കപ്പലുകള്‍ കൊളംബോയിലെ ഭൂപ്രദേശത്തിന് തൊട്ടപ്പുറത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.എന്നാല്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് ചൈനക്കാരെ നേരിടാന്‍ കഴിയാതെ ഈ കപ്പലുകള്‍ വിട്ടയക്കുയായിരുന്നു. ടൂറിസം മേഖലയെയും അവര്‍ ഒഴിവാക്കിയിട്ടില്ല. ചൈനീസ് വിനോദസഞ്ചാരികളെ സഹായിക്കുന്നതിന് അനധികൃത വഴികാട്ടികളായി അവരുടെ പൗരന്മാര്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ചൈനീസ് ചിഹ്നങ്ങളും ബിസിനസ്സ് സ്ഥാപനങ്ങളില്‍ സൈനേജുകളും കാണുന്നത് സാധാരണമാണ്. ശ്രീലങ്കയിലുടനീളം ചൈനീസ് കടകള്‍ വളരെ ഭയാനകമായ അനുപാതത്തില്‍ കൂണുകള്‍പോലെയാണ് മുളച്ചുപൊന്തിയത്. മുന്‍ പ്രസിഡന്‍റ് സിരിസേന തന്‍റെ മന്ത്രിസഭാ യോഗങ്ങളില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ചൈനീസ് പദ്ധതികളില്‍ നിന്ന് ശ്രീലങ്കയ്ക്ക് യഥാര്‍ത്ഥത്തില്‍ പ്രയോജനം ലഭിച്ചിട്ടുണ്ടോ എന്ന് ഇനിയെങ്കിലും പരിശോധിക്കപ്പെടേണ്ടതുണ്ട്. ചൈന ഇന്‍റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍, എക്സ്പ്രസ് ഹൈവേകള്‍ പോലുള്ള ചില പ്രോജക്ടുകള്‍ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ശ്രീലങ്കയിലെ സാധാരണ പൗരന്‍റെ ചെലവില്‍ ചൈനക്കാര്‍ക്ക് മാത്രമേ പ്രയോജനം ചെയ്തിട്ടുള്ളൂ. ഈ നില തുടര്‍ന്നാല്‍ വളരെ താമസിയാതെ ശ്രീലങ്കയെ ചൈനീസ് പരിവേഷത്തോടെ ഷി-ലങ്ക എന്നുവിളിക്കുമെന്നാണ് ആനാട്ടിലെ തെരുവിലെ സംസാരം. ഷി ജിന്‍പിംഗിന്‍റെ കാലത്ത് അത് സംഭവിച്ചാല്‍ അത്ഭുതപ്പെടാനുമില്ല.

Maintained By : Studio3