Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ബിഎസ്എ ഉയിര്‍ത്തെഴുന്നേല്‍ക്കും

1 min read

[perfectpullquote align=”left” bordertop=”false” cite=”” link=”” color=”#ff0000″ class=”” size=””]ജാവ, യെസ്ഡി, ഇനി ബിഎസ്എ[/perfectpullquote]മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗിക ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് 2016 ഒക്റ്റോബറിലാണ് ബിഎസ്എ ബ്രാന്‍ഡ് ഏറ്റെടുത്തത്. പുനരുദ്ധരിച്ച ജാവ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ മോഡേണ്‍ ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ക്ലാസിക് ലെജന്‍ഡ്‌സ് തന്നെ. ഇപ്പോള്‍ യെസ്ഡി ബ്രാന്‍ഡില്‍ മോട്ടോര്‍സൈക്കിളുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതും ഇതേ കമ്പനിയാണ്. ഏറ്റവുമൊടുവില്‍ ബിഎസ്എ എന്ന പ്രശസ്ത ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുകയാണ് ക്ലാസിക് ലെജന്‍ഡ്സ്. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ബിഎസ്എ ബ്രാന്‍ഡില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായിരിക്കും ആദ്യം വിപണിയിലെത്തുന്നത്.

ആന്തരിക ദഹന എന്‍ജിന്‍ (ഐസിഇ) മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിച്ച് ബിഎസ്എ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കാനാണ് ക്ലാസിക് ലെജന്‍ഡ്സ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ കൂടി തയ്യാറെടുക്കുകയാണ് ബിഎസ്എ. വാഹനങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന പദ്ധതിയുടെ ഭാഗമായി ബിഎസ്എ കമ്പനി ലിമിറ്റഡിന് യുകെ സര്‍ക്കാര്‍ 4.6 മില്യണ്‍ പൗണ്ട് ഗ്രാന്റ് നല്‍കിയതായി ക്ലാസിക് ലെജന്‍ഡ്സ് അറിയിച്ചു. ബിഎസ്എ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കാനുള്ള ക്ലാസിക് ലെജന്‍ഡ്സിന്റെ ശ്രമങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതായിരുന്നു ഈ ഗ്രാന്റ്.

ബിഎസ്എ എന്ന പ്രശസ്ത ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുകയാണ് ക്ലാസിക് ലെജന്‍ഡ്സ്

നൂതന സീറോ എമിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ വികസിപ്പിക്കുന്നതിനാണ് ബിഎസ്എ കമ്പനി ലിമിറ്റഡിന് യുകെ സര്‍ക്കാരിന്റെ ‘അഡ്വാന്‍സ്ഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍’ മേല്‍പ്പറഞ്ഞ തുകയുടെ ഗ്രാന്റ് അനുവദിച്ചത്. ഹരിത വാഹനങ്ങളിലേക്ക് മാറാനുള്ള യുകെയിലെ വാഹന വ്യവസായത്തിന്റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ധനസഹായത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെ കോവെന്‍ട്രിയിലെ ബിഎസ്എ ആസ്ഥാനത്ത് ഇതിനകം ഒരു സാങ്കേതിക കേന്ദ്രം ക്ലാസിക് ലെജന്‍ഡ്‌സ് സ്ഥാപിച്ചു. ആന്തരിക ദഹന എന്‍ജിന്‍ മോട്ടോര്‍സൈക്കിളുകളും ഇലക്ട്രിക് മോട്ടോര്‍സൈക്കിളും നിര്‍മിച്ചായിരിക്കും ബിഎസ്എ കമ്പനി വീണ്ടും സജീവമാകുന്നത്.

തോക്കുകള്‍ നിര്‍മിക്കുന്നതിന് 1861 ലാണ് ബര്‍മിംഗ്ഹാം സ്‌മോള്‍ ആംസ് കമ്പനി അഥവാ ബിഎസ്എ കമ്പനി സ്ഥാപിതമാകുന്നത്. പിന്നീട് മെറ്റല്‍വര്‍ക്കിംഗ് ഫാക്റ്ററികളില്‍ ആദ്യം ബൈസൈക്കിളുകളും ഇതേതുടര്‍ന്ന് മോട്ടോര്‍സൈക്കിളുകളും നിര്‍മിക്കുകയായിരുന്നു. 1950 കളോടെ ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായിരുന്നു ബിഎസ്എ. 1970 കളില്‍ പാപ്പരായതോടെ ഉല്‍പ്പാദനം അവസാനിപ്പിച്ചു.

1950 കളിലും 60 കളിലും ട്രയംഫ്, നോര്‍ട്ടണ്‍, റോയല്‍ എന്‍ഫീല്‍ഡ് എന്നിവയുടെ കൂടെ ലോകത്ത് ഏറ്റവും ജനപ്രീതി നേടിയ ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളില്‍ ഒന്നായിരുന്നു ബിഎസ്എ. 1950 കളില്‍ യുകെയില്‍ അടച്ചുപൂട്ടിയ റോയല്‍ എന്‍ഫീല്‍ഡ് ഇപ്പോള്‍ ഐഷര്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയില്‍ പൂര്‍ണ ഇന്ത്യന്‍ ബ്രാന്‍ഡായി മികച്ച രീതിയില്‍ വളരുന്നു. ഇപ്പോള്‍ ചെന്നൈ ആസ്ഥാനമായാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രവര്‍ത്തിക്കുന്നത്. നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടിവിഎസ് മോട്ടോര്‍ കമ്പനി ഏറ്റെടുത്തിരുന്നു. 16 മില്യണ്‍ പൗണ്ട് നല്‍കിയാണ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സിനെ വാങ്ങിയത്. ട്രയംഫ് ഇപ്പോഴും ബ്രിട്ടീഷ് ബ്രാന്‍ഡായി തുടരുന്നു. യുകെയിലെ ഹിങ്ക്‌ലിയാണ് ആസ്ഥാനം.

മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗിക ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് 2016 ഒക്റ്റോബറിലാണ് ബിഎസ്എ ബ്രാന്‍ഡ് ഏറ്റെടുത്തത്  

Maintained By : Studio3