എന്‍ആര്‍എലിലെ 54.16% ഓഹരികളുടെ വില്‍പ്പന ബിപിസിഎല്‍ പൂര്‍ത്തിയാക്കി
1 min readന്യൂഡെല്‍ഹി: സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) അസമിലെ നുമലിഗഡ് റിഫൈനറിയില്‍ തങ്ങള്‍ക്കുള്ള 61.5 ശതമാനം ഓഹരി ഓയില്‍ ഇന്ത്യ ലിമിറ്റഡും എഞ്ചിനീയേഴ്സ് ഇന്ത്യയും അസം സര്‍ക്കാരും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിന് 9,876 കോടി രൂപയ്ക്ക് വിറ്റതായി അറിയിച്ചു.
റിഫൈനറിയിലെ ഓഹരി പങ്കാളിത്തം 80.16 ശതമാനമായി ഉയര്‍ത്താന്‍ ഒഐഎല്‍ 54.16 ശതമാനം ഓഹരി വാങ്ങിയതായി കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ അറിയിച്ചു. അതിന്‍റെ പങ്കാളിയായ എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് (ഇഐഎല്‍) 4.4 ശതമാനം ഓഹരി വാങ്ങി, ബാക്കി 3.2 ശതമാനം അസം സര്‍ക്കാര്‍ ഏറ്റെടുത്തു.
നുമലിഗഡ് റിഫൈനറി ലിമിറ്റഡിലെ (എന്‍ആര്‍എല്‍) ഓഹരി വില്‍പ്പന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്ധന ചില്ലറവ്യാപാര കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള വഴിയൊരുക്കുന്നതിന് വേണ്ടിയാണ്.
അസം സമാധാന ഉടമ്പടി അനുസരിച്ച് എന്‍ആര്‍എല്ലിനെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ബിപിസിഎല്ലിന്‍റെ 61.65 ശതമാനം ഓഹരികള്‍ കൈമാറിയത്.
ബിപിസിഎലിന്‍റെ സ്വകാര്യവത്കരണം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.