ടെസ്‌ല കര്‍ണാടകയില്‍ പ്ലാന്റ് സ്ഥാപിക്കും!
1 min readമുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പ്രഖ്യാപിച്ചത്
അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ഇന്ത്യയിലെ കര്‍ണാടകയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയാണ് ഇക്കാര്യം കന്നഡ ഭാഷയില്‍ പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുകയാണെന്ന് ഇലോണ്‍ മസ്‌ക്കിന്റെ ടെസ്‌ല നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2016 മുതല്‍ ഇന്ത്യന്‍ പ്രവേശനത്തിന് ആഗ്രഹിക്കുകയും ശ്രമിക്കുകയുമാണ് ഇലോണ്‍ മസ്‌ക്.
വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ ഓട്ടോമോട്ടീവ് കമ്പനിയാണ് ടെസ്‌ല. മാത്രമല്ല, ഇതോടെ ഭൂമുഖത്തെ ഏറ്റവും സമ്പന്നനായ വ്യക്തി കൂടിയാണ് ഇപ്പോള്‍ ഇലോണ്‍ മസ്‌ക്. 2021 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്ന് ഏറ്റവുമൊടുവില്‍ 2020 ഒക്‌റ്റോബറിലാണ് ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്തത്. ഇന്ത്യന്‍ പ്രവേശനവും ഇന്ത്യയില്‍ മാനുഫാക്ച്ചറിംഗ് പ്ലാന്റും ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയില്‍ ബെംഗളൂരുവില്‍ ടെസ്‌ല പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തിരുന്നു. ടെസ്‌ല മോട്ടോഴ്‌സ് ഇന്ത്യ ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രജിസ്‌ട്രേഷന്‍. ടെസ്‌ലയുടെ ഡച്ച് ഉപകമ്പനി വഴിയായിരിക്കും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത്. നിലവില്‍ ടെസ്‌ലയിലെ സീനിയര്‍ എക്‌സിക്യൂട്ടീവായ ഡേവിഡ് ഫെയ്ന്‍സ്റ്റൈന്‍ ആയിരിക്കും ഇന്ത്യയില്‍ ടെസ്‌ലയുടെ പ്രധാനി. ഇന്ത്യന്‍ അനുബന്ധ കമ്പനിയുടെ ഡയറക്റ്റര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ ഡേവിഡ് ഫെയ്ന്‍സ്റ്റൈന്‍.
തുടക്കത്തില്‍ ഇന്ത്യയിലെ സമ്പന്നരെ ഉപയോക്താക്കളായി കാണാനാണ് ടെസ്‌ല താല്‍പ്പര്യപ്പെടുന്നത്. പൂര്‍ണമായി നിര്‍മിച്ചശേഷം ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്തുകൊണ്ടായിരിക്കും ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വലിയ തീരുവ നല്‍കേണ്ടതിനാല്‍ മോഡലിന്റെ നിലവിലെ വിലയേക്കാള്‍ ഇന്ത്യയില്‍ രണ്ട് മടങ്ങ് അധികം വില നിശ്ചയിക്കേണ്ടി വന്നേക്കും. ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഇലക്ട്രിക് വാഹനമായ മോഡല്‍ 3 ആയിരിക്കും ഇന്ത്യയില്‍ ടെസ്‌ല ആദ്യം കൊണ്ടുവരുന്നത്. ടെസ്‌ലയുടെ ഏറ്റവും താങ്ങാവുന്ന മോഡലിന്, പക്ഷേ ഇന്ത്യയില്‍ 60 ലക്ഷത്തോളം രൂപ വില നിശ്ചയിച്ചേക്കും.
കൂടുതല്‍ താങ്ങാവുന്ന വിലയില്‍ ഒരു ഹാച്ച്ബാക്ക് നിര്‍മിക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഇലോണ്‍ മസ്‌ക് പ്രസ്താവന നടത്തിയിരുന്നു. ഈ ഇലക്ട്രിക് കാറിന് 25,000 യുഎസ് ഡോളറിന് താഴെ വില നിശ്ചയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയിലെ ഫാക്റ്ററിയില്‍ നിര്‍മിക്കും. അനാവരണത്തിനുശേഷം ഈ മോഡല്‍ കൂടി ഇന്ത്യയിലെത്താന്‍ സാധ്യത ഏറെയാണ്. ഇന്ത്യയില്‍ ടെസ്‌ല ബ്രാന്‍ഡിന് വിജയം കൈവരിക്കണമെങ്കില്‍ കാറുല്‍പ്പാദന കേന്ദ്രം അനിവാര്യമാണ്. തദ്ദേശീയമായി നിര്‍മിച്ചാല്‍ മാത്രമേ താരതമ്യേന കുറഞ്ഞ വിലയില്‍ ടെസ്‌ലയുടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയൂ. അല്ലാത്തപക്ഷം ഉപയോക്താക്കള്‍ ഉയര്‍ന്ന വില നല്‍കേണ്ടിവരും.
‘മോഡല്‍ 3’ ഇലക്ട്രിക് സെഡാന്റെ പ്രീബുക്കിംഗ് പുനരാരംഭിച്ചുകൊണ്ടായിരിക്കും ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ കടന്നുവരവ്. ജൂണ്‍ മാസത്തോടെ ഡെലിവറി ആരംഭിക്കും. ‘മോഡല്‍ 3’ യുടെ പ്രീബുക്കിംഗ് 2016 ലാണ് ആദ്യം സ്വീകരിച്ചുതുടങ്ങിയത്. അന്നുമുതല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ടെസ്‌ല. കഴിഞ്ഞ നാല് വര്‍ഷത്തോളമായി ടെസ്‌ലയുടെ ഇന്ത്യന്‍ പ്രവേശനം ചര്‍ച്ചാവിഷയമായിരുന്നു. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് നിരവധി തവണ ഇന്ത്യന്‍ പ്രവേശനം സൂചിപ്പിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 സെപ്റ്റംബറില്‍ കാലിഫോര്‍ണിയയിലെ ടെസ്‌ല ഫാക്റ്ററി സന്ദര്‍ശിച്ചിരുന്നു. 2016 ല്‍ ടെസ്‌ല മോഡല്‍ 3 പ്രീ-ബുക്ക് ചെയ്ത പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ കാര്‍ ലഭിക്കുന്നതിന് കാത്തിരിക്കുകയാണ്. 1,000 യുഎസ് ഡോളര്‍ ആയിരുന്നു ബുക്കിംഗ് തുക. മറ്റ് വിപണികളിലേതുപോലെ, ഡീലര്‍ഷിപ്പുകളിലൂടെ ആയിരിക്കില്ല കാറുകള്‍ വില്‍ക്കുന്നത്. ഉപയോക്താക്കള്‍ക്ക് നേരിട്ട് കൈമാറും. ഡിജിറ്റല്‍ വില്‍പ്പനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ടെസ്‌ല മോഡല്‍ 3 ഇലക്ട്രിക് സെഡാന്‍ 500 കിമീ വരെ സഞ്ചരിക്കും. മണിക്കൂറില്‍ 162 മൈലാണ് ടോപ് സ്പീഡ്. 0-60 മൈല്‍/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 3.1 സെക്കന്‍ഡ് മതി. 2017 ല്‍ വിപണിയിലെത്തിച്ച ടെസ്‌ല മോഡല്‍ 3 നിലവില്‍ ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഓള്‍-ഇലക്ട്രിക് കാറാണ്. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടെസ്‌ല കാര്‍ കൂടിയാണ് മോഡല്‍ 3. മോഡല്‍ എസ്, മോഡല്‍ എക്‌സ്, മോഡല്‍ വൈ എന്നിവയാണ് മറ്റ് ടെസ്‌ല കാറുകള്‍.