Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

യുഎസില്‍ കോവിഡ് പാക്കേജിന് അന്തിമാംഗീകാരം

1 min read

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക നടപടിയായ 1.9 ട്രില്യണ്‍ ഡോളറിന്‍റെ കോവിഡ് -19 ദുരിതാശ്വാസ ബില്ലിന് യുഎസ് ജനപ്രതിനിധിസഭ അന്തിമാംഗീകാരം നല്‍കി. ഇത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഔദ്യോഗിക ജീവിതത്തിലെ വലിയ വിജയംകൂടിയാണ്. മിക്ക അമേരിക്കക്കാര്‍ക്കും 1,400 ഡോളറിന്‍റെ നേരിട്ടുള്ള പേയ്മെന്‍റ് പദ്ധതിയിലുണ്ട്. ഇതിനായി 400 ബില്യണ്‍ ഡോളറാണ് മാറ്റിവെക്കുന്നത്. സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകള്‍ക്ക് 350 ബില്യണ്‍ ഡോളര്‍ സഹായം, വാക്സിന്‍ വിതരണത്തിനുള്ള ധനസഹായം, ബാലനികുതി വായ്പയുടെ വിപുലീകരണം എന്നിവക്ക് തുക നീക്കിവെച്ചിട്ടുണ്ട്. ഇത് യുഎസിന്‍റെ സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിനെ സഹായിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

“സഹായം ഇവിടെയുണ്ട്,” വോട്ടെടുപ്പിന് ശേഷം ഒരു ട്വീറ്റില്‍ ബൈഡന്‍ കുറിച്ചു. വെള്ളിയാഴ്ച ബില്ലില്‍ ഒപ്പിടാന്‍ ഉദ്ദേശിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ചേംബറില്‍ ബില്ലിന് 220-211 എന്ന നിലക്കാണ് അംഗീകാരം ലഭിച്ചത്. 528,000-ത്തിലധികം ആളുകളുടെ മരണത്തിന് കാരണമാകുകയും ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജോലി ഇല്ലാതാക്കുകയും ചെയ്ത ഒരു മഹാമാരിയോടുള്ള പ്രതികരണമായാണ് ഈ നിയമത്തെ ഡെമോക്രാറ്റുകള്‍ വിശേഷിപ്പിച്ചത്.

  ഹരിതകേരളം പരിസ്ഥിതി സംഗമം മാർച്ച് 24, 25 തീയതികളിൽ

‘ഇത് ചരിത്രപരമായ ദിവസമാണ്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളുടെ അവസാനത്തിന്‍റെ തുടക്കമാണിത്.’ ഡെമോക്രാറ്റിക് പ്രതിനിധി ജാന്‍ ഷാക്കോവ്സ്കി പറഞ്ഞു. ഇത് യുഎസ് സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമാണെന്നും അത് സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ വേഗത്തിലാക്കുമെന്നും ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെന്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഈ നടപടി വളരെ ചെലവേറിയതാണെന്നായിരുന്നു റിപ്പബ്ലിക്കന്‍മാരുടെ മറുപടി. ബില്ലിലെ പുരോഗമന മുന്‍ഗണനകള്‍ പാഴായതാണ്. ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയുടെ ഏറ്റവും മോശം ഘട്ടം ഏറെക്കുറെ കടന്നുപോയെന്നും സമ്പദ്വ്യവസ്ഥ ഒരു തിരിച്ചുവരവിലേക്കാണ് നീങ്ങുന്നതെന്നും അവര്‍ പറഞ്ഞു. “നിരവധി തെറ്റായ കാരണങ്ങളാല്‍ ഇത് തെറ്റായ പദ്ധതിയാണ്, അത് തെറ്റായ സമയത്തുമാണ്’ റിപ്പബ്ലിക്കന്‍ പ്രതിനിധി ജേസണ്‍ സ്മിത്ത് പറഞ്ഞു.

  കണ്‍വെര്‍ജന്‍സ് ഇന്ത്യഎക്സ്പോയില്‍ കേരളത്തിൽനിന്നും 20 ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങള്‍

ഈ ഫണ്ടിംഗ് ചെറുകിട ബിസിനസുകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ ശമ്പളപ്പട്ടികയില്‍ നിലനിര്‍ത്തുന്നതിനും സഹായിക്കും. അതിലൂടെ മഹാമാരിയെ അതിജീവിക്കാന്‍ കഴിയുമെന്ന് നാം ഉറപ്പാക്കും- ഡെമോക്രാറ്റുകള്‍ പറയുന്നു.

മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണത്തിന്‍ കീഴില്‍ നിരവധി റിപ്പബ്ലിക്കന്‍മാര്‍ കൊറോണ വൈറസ് ദുരിതാശ്വാസത്തെ പിന്തുണച്ചിരുന്നു. എന്നാല്‍ ഭരണം മാറിയപ്പോള്‍ അവര്‍ ബില്ലിനെ എതിര്‍ത്തു. അനുകൂലമായി സംസാരിച്ചുമില്ല. എന്നാല്‍ ബില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ജനപ്രിയമായി. മാര്‍ച്ച് 8-9 തീയതികളില്‍ നടത്തിയ റോയിട്ടേഴ്സ് / ഇപ്സോസ് ദേശീയ അഭിപ്രായ വോട്ടെടുപ്പില്‍ 70% അമേരിക്കക്കാരും ഭൂരിപക്ഷം ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും ഉള്‍പ്പെടെ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് തെളിഞ്ഞു. റിപ്പബ്ലിക്കന്‍മാരില്‍ പത്തില്‍ അഞ്ചുപേരും ഡെമോക്രാറ്റുകളില്‍ പത്തില്‍ ഒന്‍പതുപേരും പദ്ധതിയെ പിന്തുണച്ചതായി സര്‍വേ വെളിപ്പെടുത്തുന്നു. ഈ നടപടി സമ്പദ് വ്യവസ്ഥക്ക് കുതിപ്പ് പകര്‍ന്നാല്‍ 2022ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ തങ്ങളുടെ രാഷ്ട്രീയ ഭാഗ്യം മെച്ചപ്പെടുത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് കഴിയും. ഡെമോക്രാറ്റ് ജെറെഡ് ഗോള്‍ഡന്‍ മാത്രമാണ് പാക്കേജിനെതിരെ വോട്ടുചെയ്തത്. ഉയര്‍ന്ന വായ്പയെടുക്കല്‍ സ്ഥിതിഗതികള്‍ അപകടത്തിലാക്കുമെന്നായിരുന്നു ഗോള്‍ഡന്‍റെ വാദം.

  സ്വകാര്യ ഉപഗ്രഹം 'നിള' വിക്ഷേപിച്ച് ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20
Maintained By : Studio3