കാര്‍ഷികനിയമം: മാന്‍ സമിതിയില്‍നിന്ന്് പിന്‍മാറി
ന്യുഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരുമായി സംസാരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളില്‍ ഒരാളായ കര്‍ഷക നേതാവ് ഭൂപീന്ദര്‍ സിംഗ് മാന്‍ സ്ഥാനമൊഴിഞ്ഞതായി ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) അറിയിച്ചു. മുന്‍ എംപിയും ബികെ യു ദേശീയ പ്രസിഡന്റും അഖിലേന്ത്യാ കിസാന്‍ ഏകോപന സമിതി ചെയര്‍മാനുമായ ഭൂപീന്ദര്‍ സിംഗ് മാന്‍ സുപ്രീംകോടതി രൂപീകരിച്ച 4 അംഗ സമിതിയില്‍ നിന്ന് സ്വയം പിന്മാറുന്നതായി മാന്‍ എഴുതിയ കത്തില്‍ പറയുന്നു. അതേസമയം
പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംഭാഷണം നടത്താന്‍ കമ്മിറ്റി അംഗങ്ങളില്‍ ഒരാളായി നാമനിര്‍ദ്ദേശം ചെയ്തതിന് സുപ്രീംകോടതിയോട് നന്ദി പറയുന്നതായി മാന്‍ കത്തില്‍ പറയുന്നുണ്ട്.
ഒരു കര്‍ഷകനെന്ന നിലയിലും ഒരു യൂണിയന്‍ നേതാവെന്ന നിലയിലും, വിവധ ഫാം യൂണിയനുകളിലും പൊതുജനങ്ങളിലും നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുക്കേണ്ടതുണ്ട്. അവരുടെ താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. ഇക്കാരണത്താല്‍ തനിക്ക് നല്‍കുന്ന ഏതെങ്കിലും സ്ഥാനം ത്യജിക്കാന്‍ താന്‍ തയ്യാറാണ്. കമ്മിറ്റിയില്‍നിന്നും പിന്‍മാറുന്നതായും എല്ലായ്‌പ്പോഴും എന്റെ കര്‍ഷകര്‍ക്കും പഞ്ചാബിനും ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 12 ന് രൂപീകരിച്ച സമിതിയിലെ മറ്റ് അംഗങ്ങളില്‍ കാര്‍ഷിക വിദഗ്ധരായ അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധനാവത്ത് എന്നിവരും ഉള്‍പ്പെട്ടിരുന്നു. നേരത്തെ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചതായി ആരോപിക്കപ്പെട്ടിരുന്ന കമ്മിറ്റി അംഗങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ച് ചില ഭാഗങ്ങളില്‍ ഉന്നയിച്ച ചോദ്യങ്ങളുടെ പശ്ചാത്തലത്തിലാണ് മാനിന്റെ നടപടി.