എന്‍ടിആറിന് ഭാരതരത്‌ന: തടസം നായിഡുവെന്ന് വൈഎസ്ആര്‍സിപി
1 min readഅമരാവതി: ചലച്ചിത്രതാരവും ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച എന്‍ടി രാമറാവുവിന് ഭാരത രത്‌ന അവാര്‍ഡ് ലഭിക്കുന്നതിന് തടസം തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ആണെന്ന് ആരോപണം. ആന്ധ്രാപ്രദേശ് സിവില്‍ സപ്ലൈസ് മന്ത്രിയും വൈഎസ്ആര്‍സിപി നേതാവുമായ കോഡാലി ശ്രീ വെങ്കിടേശ്വര റാവു ആണ് ആരോപണവുമായി രംഗത്തുവന്നത്. എന്‍ടിആര്‍ അവാര്‍ഡിനര്‍ഹനാകുന്നതില്‍ ചന്ദ്രബാബു നായിഡുവിന് താല്‍പ്പര്യമില്ല. അല്ലെങ്കില്‍ അദ്ദേഹം പുരസ്‌കാരത്തിനുള്ള നീക്കങ്ങള്‍ അനുവദിക്കാറില്ല എന്ന് റാവു കൂട്ടിച്ചേര്‍ത്തു. തെലുങ്കുദേശം പാര്‍ട്ടി സ്ഥാപകനായ എന്‍ടിആറിന്റെ 25ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചന്ദ്രബാബുനായിഡു ഭാരതരത്‌ന പുരസ്‌കാരം സംബന്ധിച്ച ആവശ്യം വീണ്ടുമുന്നയിച്ചിരുന്നു. ഇതിനു മറുപടിയായാണ് റാവുവിന്റെ മറുപടി. എന്‍ടിആറിന്റെ മരുമകനാണ് ചന്ദ്രബാബു നായിഡു.
എന്‍ടിആറിന് ഭാരത് രത്ന നല്‍കണമെന്ന് തെലുങ്കുദേശം പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ശരിയായ ഫോര്‍മാറ്റില്‍ അവര്‍ ഒരിക്കലും ഇത് മുന്നോട്ടുവെക്കാറില്ല. ഇക്കാര്യം മുന്‍പ് അധികാരത്തിലിരുന്ന നായിഡു മന്ത്രിസഭയും ആവശ്യപ്പെട്ടിരുന്നില്ല. ”നായിഡു ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്‍ടിആറിന് ഭാരത് രത്ന നല്‍കാന്‍ അനുവദിക്കില്ല, കാരണം എന്‍ടിആറിന്റെ ആദ്യ ശത്രുവായിരുന്നു അദ്ദേഹം,” റാവു പറയുന്നു. എന്‍ടിആറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും മുഖ്യമന്ത്രിക്കസേര പിടിച്ചെടുക്കുകയും ചെയ്തയാളാണ് ചന്ദ്രബാബു നായിഡു. അദ്ദേഹത്തിന്റെ മരണത്തിനുപിന്നിലും നായിഡുവാണെന്നും റാവു ആരോപിച്ചു.
പുരസ്‌കാരം ലഭിച്ചാല്‍ അത് എന്‍ടിആറിന്റെ ഭാര്യ ലക്ഷ്മി പാര്‍വതി ജീവിച്ചിരിക്കുന്നതിനാല്‍ അവരായിരിക്കും അത് സ്വീകരിക്കുക. ഇത് നായിഡുവിന് താല്‍പ്പര്യമുള്ള കാര്യമല്ല. അതുകൊണ്ട് പുരസ്‌കാരം സംബന്ധിച്ച ആവശ്യങ്ങള്‍ അദ്ദേഹം ശക്തമായിപ്രകടിപ്പിക്കുന്നില്ല. എന്‍ടിആറിന്റെ ചരമ വാര്‍ഷികത്തില്‍ ഈ ആഗ്രഹം ആവര്‍ത്തിക്കുകയല്ലാതെ, നായിഡു ഈ വിഷയത്തില്‍ അതീതമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍ടിആറിന് ഭാരതരത്‌ന എന്നത് അദ്ദേഹത്തിന്റെ ആരാധകരുടെയും അനുയായികളുടെയും ദീര്‍ഘകാല ആവശ്യമാണ്.