ബിപിഎഫ് കോണ്‍ഗ്രസ് സഖ്യത്തില്‍; ആസാമില്‍ ബിജെപിക്ക് തിരിച്ചടി
1 min readഗുവഹത്തി: ആസാമില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് അവരുടെ സഖ്യകക്ഷിയായിരുന്ന ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്കുമുമ്പുതന്നെ ബപിപിഎഫ് ബിജെപിയുമായി പിരിഞ്ഞെങ്കിലും അവര്‍ കോണ്‍ഗ്രസ് പാളയത്തില്‍ എത്തുമെന്ന് ആരും കരുതിയിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷം സഖ്യത്തിലെ മറ്റ് ഘടകങ്ങളുമായി കൂടിയാലോചിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധന്‍ നേതാക്കള്‍ പറഞ്ഞു.മുതിര്‍ന്ന ആദിവാസി നേതാവ് ഹഗ്രാമ മൊഹിലരിയുടെ നേതൃത്വത്തില്‍ ബിപിഎഫ് ചേര്‍ന്നതോടെ മഹാസഖ്യത്തിലെ പാര്‍ട്ടികളുടെ എണ്ണം ഏഴായി ഉയര്‍ന്നു.
മാര്‍ച്ച്-ഏപ്രില്‍ മാസത്തെ തെരഞ്ഞെടുപ്പിന് ശേഷം മെയ് 2 ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്ന് അസം കോണ്‍ഗ്രസ് പ്രസിഡന്‍റ് റിപ്പണ്‍ ബോറ അവകാശപ്പെട്ടിട്ടുണ്ട്. ‘ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രണ്ടുദിവസത്തെ ആസാം സന്ദര്‍ശനത്തിനിടെ ഞങ്ങളുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിനുവേണ്ടി അദ്ദേഹം പ്രചാരണം നടത്തുമെന്ന് ഉറപ്പ് നല്‍കി, “ബോറ മാധ്യമങ്ങളോട് പറഞ്ഞു. മഹാസഖ്യത്തില്‍ ബിപിഎഫ് ചേരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹത്തായ സഖ്യത്തിന്‍റെ വിജയം 200 ശതമാനം ഉറപ്പാക്കുമെന്ന് സിപിഐ (എംഎല്‍എല്‍) നേതാവ് പങ്കജ് ദാസും പറഞ്ഞു. അഖിലേന്ത്യാ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) സംഘടനാ ജനറല്‍ സെക്രട്ടറി അമിനുല്‍ ഇസ്ലാം, സിപിഐ-എം സംസ്ഥാന സെക്രട്ടറി ഡെബെന്‍ ഭട്ടാചാര്‍ജി, സിപിഐ സംസ്ഥാന സെക്രട്ടറി മുനിന്‍ മഹന്ത എന്നിവരും ബിജെപിയെ പുറത്താക്കി ആസാമില്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
2016 ല്‍ ആസാമില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തില്‍ വരുന്നതുവരെ 15വര്‍ഷം കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നത്.കോണ്‍ഗ്രസും എയുയുഡിഎഫും 2016 ല്‍ വെവ്വേറെ പോരാടിയെങ്കിലും യഥാക്രമം 26, 13 സീറ്റുകളാണ് നേടിയത്. അതിനാല്‍ ഇക്കുറി കോണ്‍ഗ്രസ് നേരത്തെതന്നെ ഇടതുപാര്‍ട്ടികളായ സിപിഐ-എം, സിപിഐ, സിപിഐ-എംഎല്‍ എന്നിവരുമായി സഖ്യം രൂപീകരിച്ചിരുന്നു. മുസ്ലീങ്ങള്‍ക്കും തദ്ദേശവാസികള്‍ക്കും ഇടയില്‍ രാഷ്ട്രീയ അടിത്തറയുള്ള രണ്ട് പ്രാദേശിക പാര്‍ട്ടികളായ എംഎല്‍ – എഐയുഡിഎഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നിവരെയും സഖ്യത്തിലെത്തിക്കാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്.
മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഇപ്പോഴും മൂന്ന് ബിപിഎഫ് മന്ത്രിമാരുണ്ടായിരുന്നു. അവര്‍ 2016മുതല്‍ ബിജെപിക്കൊപ്പമായിരുന്നു. ബിപിഎഫിന്‍റെ പിന്‍മാറ്റം ബോഡോ മേഖലയില്‍ തിരിച്ചടിയാകുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബോഡോലാന്‍റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി
പുതിയ പങ്കാളിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമായി (യുപിപിഎല്‍) സഖ്യമുണ്ടാക്കിയിരുന്നു. ബിപിഎഫിന്‍റെ പിന്‍മാറ്റം ഈ രീതിയില്‍ മറികടക്കാനാകുമെന്നാണ് ബപിജെപി കരുതുന്നത്.