കേരളത്തില്‍ ഇത്തവണ 2,67,31,509 വോട്ടര്‍മാര്‍
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നക്സല്‍ ബാധിത പ്രദേശങ്ങളിലെ ബൂത്തുകളില്‍ വൈകിട്ട് ആറിന് വോട്ടെടുപ്പ് അവസാനിക്കും. കേരളത്തില്‍ 298 നക്സല്‍ ബാധിത ബൂത്തുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇവ. നക്സല്‍ ബാധിത ബൂത്തുകളിലും ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും പോളിംഗ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ കേന്ദ്ര സേനയെയാണ് നിയോഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 549 ക്രിട്ടിക്കല്‍ ലൊക്കേഷന്‍ ബൂത്തുകളും 433 വള്‍നറബിള്‍ ബൂത്തുകളുമാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത്തവണ 50 ശതമാനം പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. പോളിംഗ് ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കണം. മികച്ച രീതിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് സമയത്തും അതിനു ശേഷവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംരക്ഷിക്കും. കാഴ്ചപരിമിതരായ വോട്ടര്‍മാര്‍ക്കായി ബ്രെയില്‍ സ്ളിപ്പുകള്‍ വിതരണം ചെയ്യും. എല്ലാ പോളിംഗ് ബൂത്തുകളിലും ഇത്തരത്തിലെ ഒരു ഡമ്മി ബാലറ്റ് പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് ഉണ്ടാകും. കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് ഇതില്‍ ട്രയല്‍ ചെയ്യാന്‍ അവസരം നല്‍കും. ഇത്തരത്തില്‍ 45000 ഡമ്മി ബ്രെയില്‍ സ്ളിപ്പുകള്‍ പ്രിന്‍റ് ചെയ്യും. ഫോട്ടോ ഒഴിവാക്കിയുള്ള വോട്ടര്‍ സ്ളിപ്പുകളാവും ഇത്തവണ വിതരണം ചെയ്യുക. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വോട്ടര്‍ ഗൈഡും വിതരണം ചെയ്യുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
കോവിഡ് ബാധിതര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. ഇവരുടെ കണക്ക് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ പ്രത്യേകം സൂക്ഷിക്കണം. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ താപനില പരിശോധിക്കും. ചൂട് കൂടുതല്‍ കണ്ടെത്തുന്ന വോട്ടര്‍മാരെ മാറ്റി നിര്‍ത്തും. ഒരു മണിക്കൂറിന് ശേഷം വീണ്ടും പരിശോധിക്കും. അപ്പോഴും താപനില കൂടുതല്‍ കണ്ടെത്തിയാല്‍ അവര്‍ക്ക് അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും. പോളിംഗ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയുന്നതിനായി മാസ്ക്ക് താഴ്ത്തിക്കാണിക്കണം. സ്ത്രീകള്‍, പുരുഷന്‍മാര്‍, മുതിര്‍ന്നപൗരന്‍മാര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി ബൂത്തുകളില്‍ മൂന്ന് പ്രത്യേക ക്യൂ ഉണ്ടാവും. ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി പ്രത്യേക യാത്രാ സൗകര്യം ഒരുക്കും. ഹരിതചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ കണക്കു പ്രകാരം കേരളത്തില്‍ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,29,52,025 പുരുഷന്‍മാരും 1,37,79,263 സ്ത്രീകളും 221 ട്രാന്‍ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 6,21,401 പേര്‍ 80 വയസ് കഴിഞ്ഞവരാണ്. 90709 പ്രവാസി വോട്ടര്‍മാരും 1,33,000 ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 52782 ബാലറ്റ് യൂണിറ്റുകളും 49475 കണ്‍ട്രോള്‍ യൂണിറ്റുകളും 53189 വിവിപാറ്റും കേരളത്തില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.