ബജാജ് ചേതക് ബുക്കിംഗ് പുനരാരംഭിച്ചു; നിര്‍ത്തിവെച്ചു
1 min readബുക്കിംഗ് നടത്താന്‍ ആളുകള്‍ വലിയ തോതില്‍ തയ്യാറായതോടെ ഒരിക്കല്‍കൂടി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
മുംബൈ: ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് വീണ്ടും നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു. ഉയര്‍ന്ന ആവശ്യകതയാണ് കാരണം. ഏപ്രില്‍ 13 ന് രാവിലെ ഒമ്പത് മണിക്കാണ് ബാറ്ററി കരുത്തേകുന്ന ഇരുചക്ര വാഹനത്തിന്റെ ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങിയത്. എന്നാല്‍ ബുക്കിംഗ് നടത്താന്‍ ആളുകള്‍ വലിയ തോതില്‍ തയ്യാറായതോടെ ഒരിക്കല്‍കൂടി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു. വിതരണ മേഖലയിലെ സാഹചര്യം വിലയിരുത്തി അടുത്ത ബുക്കിംഗ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ബജാജ് ഓട്ടോ വ്യക്തമാക്കി.
പുണെയിലും ബെംഗളൂരുവിലും ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബുക്കിംഗ് പുനരാരംഭിച്ചപ്പോള്‍ ലഭിച്ച പ്രതികരണത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബജാജ് ഓട്ടോ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ രാകേഷ് ശര്‍മ പറഞ്ഞു.
ബുക്കിംഗ് വീണ്ടും സ്വീകരിച്ചുതുടങ്ങിയതോടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചു. ഇപ്പോള്‍ 1,42,620 രൂപ മുതലാണ് പുണെ, ബെംഗളൂരു എക്‌സ് ഷോറൂം വില. തൊട്ടുമുമ്പത്തെ വിലകളുമായി താരതമ്യം ചെയ്യുമ്പോള്‍ 27,000 രൂപ വര്‍ധിച്ചു. അര്‍ബെയ്ന്‍ വേരിയന്റിന് ഒരു ലക്ഷം രൂപയും പ്രീമിയം വേരിയന്റിന് 1.15 ലക്ഷം രൂപയും എക്‌സ് ഷോറൂം വില നിശ്ചയിച്ചാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം മാര്‍ച്ചില്‍ യഥാക്രമം 1.15 ലക്ഷം രൂപയായും 1.20 ലക്ഷം രൂപയായും എക്‌സ് ഷോറൂം വില വര്‍ധിപ്പിച്ചു. ഈ വിലകളാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചത്.
മെറ്റാലിക് കളര്‍ സ്‌കീമുകള്‍, ടാന്‍ സീറ്റ്, മുന്നില്‍ ഡിസ്‌ക് ബ്രേക്ക്, മെറ്റാലിക് കളേര്‍ഡ് വീലുകള്‍ എന്നിവ പ്രീമിയം വകഭേദത്തിന്റെ അധിക ഫീച്ചറുകളാണ്. അര്‍ബെയ്ന്‍ വേരിയന്റില്‍ മെറ്റാലിക് പെയിന്റുകള്‍ നല്‍കിയില്ല. മുന്നില്‍ ഡ്രം ബ്രേക്കാണ് ഉപയോഗിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാംപ്, സിംഗിള്‍ പീസ് ഗ്രാബ് റെയ്ല്‍, എല്‍ഇഡി ടെയ്ല്‍ലാംപുകളും ഇന്‍ഡിക്കേറ്ററുകളും എന്നിവയോടെ റെട്രോ ലുക്കിലാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചത്.
4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. 16 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. ഐപി67 ബാറ്ററി പാക്ക് കരുത്തേകുന്നു. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇക്കോ മോഡില്‍ 95 കിലോമീറ്ററും സ്‌പോര്‍ട്ട് മോഡില്‍ 85 കിലോമീറ്ററും സഞ്ചരിക്കാം. ടിവിഎസ് ഐക്യൂബ്, ഏഥര്‍ 450എക്‌സ് എന്നിവയാണ് എതിരാളികള്‍.