വാട്ട്സ്ആപ്പ് ബാങ്കിംഗുമായി ആക്സിസ് ബാങ്ക്
കൊച്ചി: തങ്ങളുടെ ഇടപാടുകാര്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങള്‍ വാട്ട്സാപ്പ് വഴി നല്‍കുന്നതിന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്സാപ്പുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. എക്കൗണ്ട് ബാലന്‍സ്, അടുത്തിയിടെ നടത്തിയ ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് അടവ്, എഫ്ഡി, റെക്കറിംഗ് ഡിപ്പോസിറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ക്കു പുറമേ അന്വേഷണങ്ങള്‍ക്കു തത്സമയം മറുപടിയും വാട്ട്സാപ്പ് വഴി ലഭ്യമാക്കുന്നു.
ബാങ്കിംഗ് ഇടപാടുകള്‍, അടുത്തുള്ള ശാഖ, എടിഎം, വായ്പ നല്‍കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അന്വേഷണങ്ങള്‍, വിവിധ ബാങ്കിംഗ് ഉത്പന്നങ്ങള്‍ക്കുള്ള അപേക്ഷ തുടങ്ങിയവയെല്ലാം വാട്ട്സ്ആപ്പ് ബാങ്കിംഗ് ഉപയോഗിച്ച് നടത്താം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യാനും വാട്ട്സ്ആപ്പ് വഴി സാധിക്കും.
അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും ആക്സിസ് ബാങ്ക് വാട്ട്സ്ആപ്പ് ബാങ്കിംഗ് ലഭ്യമായിരിക്കും. പൂര്‍ണ സുരക്ഷിയോടെയാണ് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്. ‘ ഈ സാങ്കേതിക വിദ്യ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയാസങ്ങളില്ലാതെ വ്യക്തിഗത അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു,’ ആക്സിസ് ബാങ്ക് ഇവിപിയും ഡിജിറ്റല്‍ ബാങ്കിംഗ് മേധാവിയുമായ സമീര്‍ ഷെട്ടി പറഞ്ഞു.
വാട്ട്സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ വാട്ട്സ്ആപ്പില്‍ 7036165000 എന്ന നമ്പറിലേക്ക് ‘ഹായ്’ അയച്ചാല്‍ മതി.