ഔഡി ഇ-ട്രോണ്‍ ജിടി, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി കാറുകള്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു
1 min readമ്യൂണിക്ക്: ഔഡി ഇ-ട്രോണ്‍ ജിടി, ഔഡി ആര്‍എസ് ഇ-ട്രോണ്‍ ജിടി കാറുകള്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. രണ്ട് മോഡലുകളും 4 ഡോര്‍ ഹൈ പെര്‍ഫോമന്‍സ് കൂപ്പെകളാണ്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഔഡി ഇ-ട്രോണ്‍ ജിടി മോഡലിന് കരുത്തേകുന്നത്. ആകെ 469 എച്ച്പി കരുത്തും 630 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അതേസമയം ആര്‍എസ് വേര്‍ഷന്‍ പുറപ്പെടുവിക്കുന്നത് 590 ബിഎച്ച്പി കരുത്തും 830 എന്‍എം ടോര്‍ക്കുമാണ്. ഓവര്‍ബൂസ്റ്റ് ഫംഗ്ഷന്‍ വഴി 522 ബിഎച്ച്പി, 637 ബിഎച്ച്പി എന്നിങ്ങനെ വര്‍ധിപ്പിക്കാന്‍ കഴിയും. രണ്ട് വേര്‍ഷനുകളിലും 4 വീല്‍ സ്റ്റിയറിംഗ് സ്റ്റാന്‍ഡേഡായി നല്‍കി.
മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, ഡുവല്‍ ടോണ്‍ ബംപറുകള്‍, സ്ലോപിംഗ് റൂഫ്‌ലൈന്‍, ഇക്കോ, ഡൈനാമിക് എന്നീ പൊസിഷനുകളോടെ ആക്റ്റീവ് സ്‌പോയ്‌ലര്‍ എന്നിവ ലഭിച്ചു. 20 ഇഞ്ച് അലോയ് വീലുകളിലാണ് ജിടി വരുന്നത്. ആര്‍എസ് വേര്‍ഷന്‍ 21 ഇഞ്ച് അലോയ് വീലുകള്‍ ഉപയോഗിക്കും. 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ എന്നിവ ലഭിച്ചു. സ്‌പോര്‍ട്‌സ് സീറ്റുകള്‍, ചുവപ്പുനിറ അലങ്കാരങ്ങള്‍, കാര്‍ബണ്‍ ഫൈബര്‍ ഇന്‍സെര്‍ട്ടുകള്‍, അല്‍കാന്ററ തുകല്‍ പൊതിഞ്ഞ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം എന്നിവ ആര്‍എസ് വേര്‍ഷനിലെ അധിക ഫീച്ചറുകളാണ്.
ക്വാട്രോ പ്രീമിയം പ്ലസ്, ക്വാട്രോ പ്രെസ്റ്റീജ്, ആര്‍എസ് ജിടി എന്നീ മൂന്ന് വേരിയന്റുകളില്‍ ഔഡി ഇ-ട്രോണ്‍ ജിടി ലഭിക്കും. വരും മാസങ്ങളില്‍ അന്താരാഷ്ട്ര വിപണികളില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ വരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.