Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഗര്‍ഭകാലത്തെ അനാരോഗ്യ ഭക്ഷണക്രമം കുട്ടികളില്‍ പൊണ്ണത്തടിക്ക് കാരണമാകും

1 min read

ഗര്‍ഭധാരണം മുതല്‍ കുഞ്ഞിന് രണ്ട് വയസ് ആകുന്നത് വരെയുള്ള ആയിരം ദിവസങ്ങള്‍ ചെറുപ്പകാലത്തെ പൊണ്ണത്തടി നിയന്ത്രിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട കാലയളവാണ് 

പഞ്ചസാരയും ഉപ്പും ധാരാളമായി അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക് ഫുഡും കഴിക്കുന്ന ഗര്‍ഭിണികള്‍ ജന്മം നല്‍കുന്ന കുട്ടികള്‍ക്ക് ചെറുപ്പകാലത്ത് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത അധികമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഗര്‍ഭകാലത്ത് ആരോഗ്യദായകമല്ലാത്ത, ഗുണമേന്മ കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ച സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ശരീരത്തില്‍ അമിത കൊഴുപ്പ് ഉണ്ടാകാമെന്നാണ് പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡബ്ലിന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഗര്‍ഭധാരണം മുതല്‍ കുഞ്ഞിന് രണ്ട് വയസ് ആകുന്നത് വരെയുള്ള ആയിരം ദിവസങ്ങള്‍ ചെറുപ്പകാലത്തെ പൊണ്ണത്തടി നിയന്ത്രിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട കാലയളവാണെന്ന് ഗവേഷകയായ ലിന്‍-വീ ചെന്‍ പറഞ്ഞു. ചെറുപ്പകാലത്ത് ഉണ്ടാകുന്ന പൊണ്ണത്തടി ചിലപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നാലും മാറിയെന്ന് വരില്ല. മാത്രമല്ല, ഇവര്‍ക്ക് ടൈപ്പ്-2 പ്രമേഹവും അധിക രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മറ്റ് ഹൃദയപ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാനുള്ള സാധ്യതയും അധികമാണ്.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

അമ്മമാരുടെ ഭക്ഷണക്രമവും കുട്ടികളിലെ പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനായി അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്, പോളണ്ട് എന്നിവിടങ്ങളിലെ 16,295 അമ്മമാരെയും അവരുടെ കുട്ടികളെയുമാണ് ചെനും സംഘവും പഠനവിധേയമാക്കിയത്. ശരാശരി 30 വയസ് പ്രായമുള്ളവരായിരുന്നു പഠനത്തില്‍ പങ്കെടുത്ത അമ്മമാര്‍. ഇവരുടെ ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതം (ബിഎംഐ) ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് വേണ്ട രീതിയിലായിരുന്നു. ഗര്‍ഭധാരണത്തിന് മുമ്പും ഗര്‍ഭകാലത്തും ഇവര്‍ കഴിച്ചിരുന്ന ഭക്ഷണം ഗവേഷകര്‍ വിലയിരുത്തി. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, പരിപ്പുകള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങി ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ കഴിച്ചവരും റെഡ് മീറ്റ്, സംസ്‌കരിച്ച മാസം, പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചിരുന്നവരും സംഘത്തില്‍ ഉണ്ടായിരുന്നു.

  തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കണം: ടെക്നോപാര്‍ക്ക് സിഇഒ

പ്രസവശേഷം ഇവരുടെ കുട്ടികളുടെ ബിഎംഐ ഗവേഷക സംഘം നിരന്തരമായി നിരീക്ഷിച്ചു. ജനിച്ചയുടനും പതിനൊന്ന് വയസിനുമിടയിലുള്ള കാലയളവിലെ ബിഎംഐ ആണ് ഗവേഷകര്‍ പരിശോധിച്ചത്. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കഴിച്ച അമ്മമാര്‍ ജന്മം നല്‍കിയ കുട്ടികളില്‍ പതിനൊന്ന് വയസിനോടനുബന്ധിച്ചും ചെറുപ്പകാലത്തും ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പുള്ളതായും പേശീകളുടെ പിണ്ഡം കുറവാണെന്നും ഗവേഷകര്‍ കണ്ടെത്തി. പഴങ്ങളും പച്ചക്കറികളും ധാരാളമായി അടങ്ങിയ, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രോറ്റുകളും സംസ്‌കരിച്ച മാംസ്യവും കുറഞ്ഞ ഭക്ഷണക്രമം ഗര്‍ഭകാലത്തുടനീളം ശീലമാക്കുന്നത് കുട്ടികളിലെ പൊണ്ണത്തടി കുറയ്ക്കുമെന്ന നിഗമനത്തിലാണ് തങ്ങള്‍ എത്തിച്ചേര്‍ന്നതെന്ന് മുഖ്യ ഗവേഷകയും ഡബ്ലിന്‍ സര്‍വ്വകലാശാലയിലെ പ്രഫസറുമായ കാതറിന്‍ ഫിലിപ്പ്‌സ് പറഞ്ഞു.

  ഗൊയ്ഥെ സെന്‍ട്രം ജര്‍മന്‍ ചലച്ചിത്ര മേള 28 ന്

പേശി പിണ്ഡം കുറയുന്നത് പ്രമേഹം, അധിക രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നിവ ഒന്നിച്ചുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് നേരത്തെയും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം തങ്ങളുടെ പഠനം അമ്മമാരുടെ ഭക്ഷണക്രമവും കുട്ടികളിലെ പൊണ്ണത്തടിയും തമ്മിലുള്ള ബന്ധത്തിന് ശാസ്ത്രീയമായ തെളിവുകളൊന്നും നല്‍കുന്നില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Maintained By : Studio3