September 15, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആത്മനിര്‍ഭര്‍ ഭാരതിന്റെ പിന്നിലെ പ്രചോദനമാണ് അമുല്‍: പ്രധാനമന്ത്രി

1 min read

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ നിരവധി ബ്രാന്‍ഡുകള്‍ ഉയര്‍ന്നുവെങ്കിലും അമുലിനെപ്പോലെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയിലെ പശുപാലകരുടെ ശക്തിയുടെ പ്രതീകമായി അമുല്‍ മാറിയിരിക്കുന്നു’, അമുല്‍ എന്നാല്‍ വിശ്വാസം, വികസനം, പൊതുപങ്കാളിത്തം, കര്‍ഷകരുടെ ശാക്തീകരണം, കാലത്തിനനുസരിച്ച് സാങ്കേതിക പുരോഗതി എന്നിവയാണ്.’, പ്രധാനമന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതിന്റെ പിന്നിലെ പ്രചോദനമാണ് അമുല്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിലേക്ക് അമുല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, സംഘടനയുടെ നേട്ടങ്ങള്‍ എടുത്തുപറയുകയും 18,000-ലധികം ക്ഷീര സഹകരണ സമിതികള്‍, 36,000 കര്‍ഷകരുടെ ശൃംഖല, പ്രതിദിനം 3.5 കോടി ലിറ്റര്‍ പാല്‍ സംസ്‌കരണം, കന്നുകാലി വളര്‍ത്തുന്നവര്‍ക്ക് 200 കോടിയിലധികം രൂപയുടെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ എന്നിവ പരാമര്‍ശിക്കുകയും ചെയ്തു. ചെറുകിട കന്നുകാലികളെ വളര്‍ത്തുന്നവരുടെ ഈ സംഘടന നടത്തുന്ന സുപ്രധാനമായ പ്രവര്‍ത്തനങ്ങള്‍ അമുലിന്റെയും അതിന്റെ സഹകരണ സംഘങ്ങളുടെയും കരുത്ത് വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ദീര്‍ഘവീക്ഷണത്തോടെ എടുക്കുന്ന തീരുമാനങ്ങളാല്‍ ഉണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ ഉദാഹരണമാണ് അമുല്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ദാര്‍ പട്ടേലിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഖേഡ മില്‍ക്ക് യൂണിയനിലാണ് അമുലിന്റെ ഉത്ഭവം എന്ന് അദ്ദേഹം അനുസ്മരിച്ചു. ഗുജറാത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ വിപുലീകരിച്ചതോടെ ജിസിഎംഎംഎഫ് നിലവില്‍ വന്നു. “സഹകരണ സ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മഹത്തായ ഉദാഹരണമാണിത്. 8 കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന, ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി ഇത്തരം ശ്രമങ്ങള്‍ നമ്മെ മാറ്റി,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പാലുല്‍പ്പാദനം ഏകദേശം 60 ശതമാനവും പ്രതിശീര്‍ഷ പാലിന്റെ ലഭ്യത 40 ശതമാനവും വര്‍ധിച്ചതായി അദ്ദേഹം അറിയിച്ചു. ആഗോള ശരാശരിയായ 2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ക്ഷീരമേഖല പ്രതിവര്‍ഷം 6 ശതമാനം വളര്‍ച്ച കൈവരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

  ഐബിഎസ് ഫ്യൂജി ഡ്രീം എയര്‍ലൈന്‍സ്‌ സഹകരണം

10 ലക്ഷം കോടി രൂപയുടെ ക്ഷീരമേഖലയില്‍ സ്ത്രീകളുടെ കേന്ദ്രീകരണത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. 70 ശതമാനം വരെ സ്ത്രീകള്‍ നയിക്കുന്ന ക്ഷീരമേഖലയുടെ വിറ്റുവരവ് ഗോതമ്പ്, അരി, കരിമ്പ് എന്നിവയുടെ വിറ്റുവരവിനെക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ”ഈ നാരീശക്തി, ക്ഷീരമേഖലയുടെ യഥാര്‍ത്ഥ നട്ടെല്ലാണ്. ഇന്ന്, ഇന്ത്യ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവുമായി മുന്നോട്ട് പോകുമ്പോള്‍, അതിന്റെ ക്ഷീരമേഖലയുടെ വിജയം വലിയ പ്രചോദനമാണ്,’ അദ്ദേഹം പറഞ്ഞു. വികസിത് ഭാരതിലേക്കുള്ള യാത്രയില്‍ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്തേണ്ടത് നിര്‍ണായകമാണെന്ന് അടിവരയിട്ട പ്രധാനമന്ത്രി, മുദ്ര യോജനയുടെ 30 ലക്ഷം കോടി രൂപയുടെ സഹായത്തിൽ 70 ശതമാനവും സ്വീകരിച്ചത് വനിതാ സംരംഭകരാണെന്ന് പരാമര്‍ശിച്ചു. കൂടാതെ, സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളുടെ എണ്ണം 10 കോടി കവിഞ്ഞതായും ഇവര്‍ക്ക് 6 ലക്ഷം കോടി രൂപയിലധികം സാമ്പത്തിക സഹായം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നാല് കോടി പ്രധാനമന്ത്രി ആവാസ് വീടുകളില്‍ ഭൂരിഭാഗവും വീട്ടിലെ സ്ത്രീകളുടെ പേരിലാണ്. 15,000 സ്വയം സഹായ സംഘങ്ങള്‍ക്ക് ഡ്രോണുകള്‍ നല്‍കുകയും അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്ന നമോ ഡ്രോണ്‍ ദീദി പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

  ഏഥര്‍ എനര്‍ജി ഐപിഒയ്ക്ക്

ഗുജറാത്തിലെ ക്ഷീര സഹകരണ സമിതികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതില്‍ പ്രധാനമന്ത്രി മോദി സന്തോഷം പ്രകടിപ്പിക്കുകയും ക്ഷീരമേഖലയില്‍ നിന്നുള്ള വരുമാനം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. അമുലിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിക്കുകയും കന്നുകാലികളെ വളര്‍ത്തുന്നവരെ സഹായിക്കാന്‍ ഗ്രാമങ്ങളില്‍ മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുകയും ചെയ്തു. പശുപാലകർക്ക് റുപേ കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന പദ്ധതികളെ കുറിച്ചും പഞ്ച്പിപ്ലയിലും ബനസ്‌കാന്തയിലും നടക്കുന്ന പൈലറ്റ് പ്രോജക്ടിനെ കുറിച്ചും അദ്ദേഹം അറിയിച്ചു.

ഗ്രാമങ്ങളിലാണ് ഇന്ത്യ കുടികൊള്ളുന്നത് എന്ന ഗാന്ധിജിയുടെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി അടിവരയിട്ടു. ഗ്രാമീണ സമ്പദ്വ്യവസ്ഥയോട് മുന്‍ സര്‍ക്കാരിന് ശിഥിലമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെന്നും എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഗ്രാമത്തിന്റെ എല്ലാ മേഖലകള്‍ക്കും മുന്‍ഗണന നല്‍കി പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ചെറുകിട കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിനും മൃഗസംരക്ഷണത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും കന്നുകാലികള്‍ക്ക് ആരോഗ്യകരമായ ജീവിതം സൃഷ്ടിക്കുന്നതിനും ഗ്രാമങ്ങളില്‍ മത്സ്യബന്ധനവും തേനീച്ച വളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കും മത്സ്യം വളര്‍ത്തുന്നവര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നൽകുന്നതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കഴിയുന്ന ആധുനിക വിത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. കറവ കന്നുകാലികളെ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ദേശീയ ഗോകുല്‍ മിഷനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കുളമ്പുരോഗം മൂലം കന്നുകാലികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും കന്നുകാലി കര്‍ഷകര്‍ക്കുണ്ടായ ആയിരക്കണക്കിന് കോടി രൂപയുടെ വന്‍നഷ്ടവും തടയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിക്കൊണ്ട്, 15000 കോടി രൂപയുടെ സൗജന്യ വാക്സിനേഷന്‍ പരിപാടിയുടെ തുടക്കം കുറിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി അറിയിച്ചു. ഇതുവരെ 7 കോടിയിലധികം വാക്‌സിനേഷനുകള്‍ നടത്തി. 2030ഓടെ കുളമ്പുരോഗം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ നമ്മള്‍ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3