കോവിഡ് സുനാമി : പരിഷ്കരണങ്ങളെ ബാധിക്കില്ലെന്ന് സര്‍ക്കാരിന് ആത്മവിശ്വാസം
1 min read- പോയ വര്‍ഷം കോവിഡ് മഹാമാരി സമ്പദ് വ്യവസ്ഥയെ തകര്‍ത്തിരുന്നു
- അതിന് സമാനമായി ഇത്തവണ സാമ്പത്തിക തകര്‍ച്ച ഉണ്ടാകില്ലെന്ന് കേന്ദ്രം കരുതുന്നു
- എയര്‍ ഇന്ത്യയുടെയും ബിപിസിഎല്ലിന്‍റെയും സ്വകാര്യവല്‍ക്കരണം വരും മാസങ്ങളില്‍
…………………………………………………………………………………………………….
ന്യൂഡെല്‍ഹി: രാജ്യത്തുടനീളം കോവിഡ് മഹാമാരിയുടെ ആഘാതം കടുത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതൊന്നും സാമ്പത്തിക രംഗത്തെ വലിയ തകര്‍ച്ചയിലേക്ക് എത്തിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റത് സമാതനകളില്ലാത്ത ആഘാതമാണ്. നിരവധി കമ്പനികള്‍ അടച്ചുപൂട്ടി. വ്യാപകമായ തൊഴില്‍ നഷ്ടവും സംഭവിച്ചു. എന്നാല്‍ അതുപോലൊരു സാമ്പത്തിക തകര്‍ച്ച ഈ വര്‍ഷം ഉണ്ടാകില്ലെന്നാണ് നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പ്രതീക്ഷ.
അതിതീവ്രമായ രീതിയില്‍ കോവിഡ് വ്യാപനം സംഭവിച്ചുകൊണ്ടിരിക്കയാണ്. വാക്സിന്‍ കുത്തിവെപ്പിലും ഓക്സിജന്‍ വിതരണത്തിലുമെല്ലാം പ്രശ്നങ്ങളും നിലനില്‍ക്കുന്നു. ഞെട്ടിപ്പിക്കുന്ന തരത്തിലാണ് കോവിഡ് കേസുകളുടെയും അത് മൂലമുണ്ടാകുന്ന മരണങ്ങളുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത്. എങ്കിലും വാക്സിനേഷന്‍ ശക്തിപ്രാപിക്കുന്നതോടെ നിലവിലെ സാഹചര്യം മാറുമെന്ന വിശ്വാസത്തിലാണ് സര്‍ക്കാര്‍.
കേന്ദ്രം പദ്ധതിയിട്ടിരിക്കുന്ന സാമ്പത്തിക പരിഷ്കരണങ്ങളും ആസ്തി വില്‍പ്പനയുമെല്ലാം ശരിയായ ട്രാക്കില്‍ തന്നെയാണെന്നും കോവിഡ് അതിന്‍റെയൊന്നും വഴിമുടക്കില്ലെന്നുമാണ് പ്രതീക്ഷ. ബജറ്റ് പ്രഖ്യാപനങ്ങളും സ്വകാര്യവല്‍ക്കരണ, ആസ്തി വില്‍ക്കല്‍ പദ്ധതികളും എല്ലാം മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ഇടയിലും നടപ്പാക്കാന്‍ സാധിക്കുമെന്നാണ് മോദി സര്‍ക്കാരിന്‍റെ പ്രതീക്ഷ.
ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെയും ബിപിസിഎല്ലിന്‍റെയും സ്വകാര്യവല്‍ക്കരണ പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഇരു കമ്പനികളുടെയും ആസ്തി വില്‍പ്പന വരും മാസങ്ങളില്‍ ഉണ്ടായേക്കുമെന്ന് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജൂണ്‍ പാദത്തില്‍ വില്‍പ്പന പൂര്‍ത്തിയായില്ലെങ്കിലും സെപ്റ്റംബറിനുള്ളില്‍ സാധ്യമാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
ബജറ്റില്‍ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും നടപ്പാക്കുമെന്ന ഉറച്ച തീരുമാനത്തോടെയാണ് കേന്ദ്രം കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതിനായി ബഹുതല മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഓഹരി വിറ്റഴിക്കല്‍, ആസ്തികള്‍ വിറ്റുള്ള ധനസമാഹരണം, ഡെവലപ്മെന്‍റ് ഫൈനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ രൂപവല്‍ക്കരണം, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ രൂപീകരണം തുടങ്ങിയവയെല്ലാം സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്ന പദ്ധതികളാണ്.
സര്‍ക്കാരിന്‍റെ പരിഷ്കരണ പദ്ധതികളുടെ വേഗത കുറയ്ക്കാന്‍ കോവിഡ് മഹാമാരിക്ക് സാധിക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.
ഓഹരി വിറ്റഴിക്കലിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് 2021-22 കേന്ദ്ര ബജറ്റില്‍ പദ്ധതിയിട്ടിരിക്കുന്നത്. ബിപിസിഎല്‍, എയര്‍ ഇന്ത്യ തുടങ്ങിയവയ്ക്ക് പുറമെ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഐഡിബിഐ ബാങ്ക്, ഭാരത് എര്‍ത്ത് മൂവേഴ്സ്, പവന്‍ ഹാന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ട് പൊതു മേഖല ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും കൂടി സ്വകാര്യവല്‍ക്കരണത്തിന് ഈ സാമ്പത്തിക വര്‍ഷം വിധേയമാകുമെന്നാണ് സൂചന.