വായു മലിനീകരണത്തിന്റെ ആഘാതം വെളിപ്പെടുത്തി എയർ സെൻസിംഗ് ടെക്നോളജി
1 min readഡെൽഹി നിവാസിയായ കരുണ ചൌഹാൻ എയർ സെൻസിംഗ് സാങ്കേതികവിദ്യ സന്നിവേശിപ്പിച്ച ബാഗ് ധരിച്ചാണ് വിവിധയിടങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് അളന്നത്
ഡെൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണത്തിന്റെ തോത് കണ്ടെത്തുന്നതിനായി നടത്തിയ പ്രത്യേക പരീക്ഷണത്തിൽ പുറത്തുവന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതകൾ. എയർ സെൻസിംഗ് ടെക്നോളജിയുടെ സഹായത്തോടെ നടന്ന പരീക്ഷണത്തിൽ തലസ്ഥാന നഗരിയിൽ പുറത്തും വീടുകൾക്കുള്ളിലും ആളുകൾ ഒട്ടും സുരക്ഷിതരല്ലെന്നാണ് കണ്ടെത്തിയത്.
ഡെൽഹി നിവാസിയായ കരുണ ചൌഹാൻ എന്ന സ്ത്രീയാണ് വായു മലിനീകരണം അളക്കുന്നതിനായി വേറിട്ടൊരു പരീക്ഷണം നടത്തിയത്. പുതിയ രീതിയിലുള്ള എയർ സെൻസിംഗ് സാങ്കേതിക വിദ്യ സന്നിവേശിപ്പിച്ച ഒരു ബാഗ് ധരിച്ച് കരുണ തന്നെയാണ് പരീക്ഷണത്തിന് മുൻകൈ എടുത്തത്. തന്റെ ദൈനംദിന പ്രവർത്തനങ്ങളിലുടനീളം കരുണ ഈ ബാഗുമേന്തി വിവിധയിടങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് അളന്നു. ഡെൽഹിയിൽ ഏറ്റവും കൂടുതൽ മലിനീകരണം റിപ്പോർട്ട് ചെയ്യുന്ന ഒക്ടോബർ-നവംബർ മാസങ്ങളിലായിരുന്നു പരീക്ഷണം. കാലക്രമേണ മലിനീകരണ തോത് കൂടിവരുന്നുവെന്നതായിരുന്നു കരുണയുടെ കണ്ടെത്തൽ.
പരീക്ഷണ കാലയളവിൽ എയർ സെൻസിംഗ് ബാക്ക്പാക്ക് കരുണ സഞ്ചരിച്ച എല്ലാ ഇടങ്ങളിലെയും വായു ശേഖരിച്ച് മലിനീകരണത്തിന്റെ തോത് അളന്നിരുന്നു. ഒക്ടോബർ മൂന്നിനും (ആദ്യ ഘട്ടം) നവംബർ എട്ടിനും (രണ്ടാംഘട്ടം) ആണ് കരുണ ബാക്ക്പാക്ക് ധരിച്ചത്. ആദ്യഘട്ടത്തെ അപേക്ഷിച്ച് രണ്ടാം ഘട്ടത്തിൽ വായു മലിനീകരണത്തിൽ(പിഎം2.5 ലെവൽ) കാര്യമായ വർധനവ് (ശരാശരി 459 ശതമാനം) ഉണ്ടായെന്നാണ് ബാക്ക്പാക്ക് ശേഖരിച്ച വിവരങ്ങളിലൂടെ വ്യക്തമായത്. അകത്തളങ്ങളിലും പുറത്തും മലിനീകരണത്തിന്റെ തോത് ഒരുപോലെ ആണെന്നും പരീക്ഷണത്തിലൂടെ കണ്ടെത്തി.
അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ വറുക്കുന്നത് പോലെയുള്ള പ്രവൃത്തികളിൽ പിഎം2.5ന്റെ അളവ് അഞ്ചിരട്ടിയായി. അതേസമയം മാർക്കറ്റ് സന്ദർശന വേളകളിൽ NO2ന്റെ അളവ് 2,500oppb ആയി രേഖപ്പെടുത്തുകയും ചെയ്തു. ഗുഡ്ഗാവ്-ഡെൽഹി എക്സ്പ്രസ് വേയിലൂടെ യാത്ര ചെയ്തപ്പോൾ പിഎം2.5,NO2 തോതുകൾ ഏറ്റവും അധികമായതായി കണ്ടെത്തി. വാഹനങ്ങൾ പുറത്തുവിടുന്ന പുകയാണ് ഇതിന്റെ പ്രധാനകാരണം.
കിംഗ്സ് കൊളെജ് ഓഫ് ലണ്ടനും ഗ്രേറ്റർ ലണ്ടൻ അതോറിട്ടിയും ചേർന്ന് നടക്കിയ ബ്രീത്ത് ലണ്ടൻ പഠനത്തിന് വേണ്ടി ഡൈസൺ എഞ്ചിനീയേഴ്സാണ് വായുവിന്റെ ഗുണനിലവാരം അളക്കുന്ന ഈ പ്രത്യേക ബാക്ക്പാക്ക് വികസിപ്പിച്ചത്. പ്രത്യേക അൽഗോരിതം ഉപയോഗിച്ചാണ് ഈ ബാഗ് വായു മലിനീരണത്തിന്റെ തോത് കണക്കാക്കുന്നത്. എയർ സെൻസറും ജിപിഎസ് വിവരങ്ങളും അപഗ്രഥിച്ച് ടൈസണിലെ എഞ്ചിനീയർമാരാണ് വായു മലിനീകരണ തോത് വിലയിരുത്തിയത്. ബാക്ക്പാക്ക് ധരിച്ചിരുന്ന സമയത്ത് നടന്നിരുന്ന എല്ലാ കാര്യങ്ങളും കരുണ രേഖപ്പെടുത്തി വച്ചിരുന്നു.
ശൈത്യകാലം ആരംഭിക്കുന്നതോടെ ഡെൽഹിയിൽ മലിനീകരണം അധികരിക്കുമെന്നും ഇക്കാലത്ത് കണ്ടുവരുന്ന കനത്ത മൂടൽമഞ്ഞിനെ അതിജീവിക്കുക വളരെ പ്രയാസകരമാണെന്നും ഡൈസണൊപ്പം വായു മലിനീകരണത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്ന സന്നദ്ധ പ്രവർത്തകരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയിൽ അംഗമായ കരുണ പറഞ്ഞു.