അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ 20% ഓഹരി ടോട്ടല്‍ ഏറ്റെടുക്കുന്നു
അഹമ്മദാബാദ്: അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡില്‍ (എജിഎല്‍) 20 ശതമാനം ന്യൂനപക്ഷ ഓഹരി സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് കമ്പനി ടോട്ടല്‍. എജിഎല്ലില്‍ അദാനി പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ ഇന്ത്യയുടെ സുസ്ഥിര ഊര്‍ജ്ജ വിപണിയിലെ തങ്ങളുടെ തന്ത്രപരമായ ഇടം ശക്തമാക്കാനാണ് ടോട്ടല്‍ തയാറെടുക്കുന്നത്.
എല്‍എന്‍ജി ടെര്‍മിനലുകള്‍, ഗ്യാസ് യൂട്ടിലിറ്റി ബിസിനസ്സ്, ഇന്ത്യയിലുടനീളമുള്ള പുനരുപയോഗ ഊര്‍ജ്ജ നിക്ഷേപങ്ങള്‍ എന്നിങ്ങനെ വിപുലമായ തലത്തില്‍ അദാനി ഗ്രൂപ്പും ടോട്ടലും തമ്മിലുള്ള തന്ത്രപരമായ സഖ്യത്തിന്റെ മറ്റൊരു ഘട്ടമാണ് എജെഎല്ലിലെ നിക്ഷേപം. അദാനി ഗ്യാസ് ലിമിറ്റഡ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ബിസിനസ്, അനുബന്ധ എല്‍എന്‍ജി ടെര്‍മിനല്‍ ബിസിനസ്, ഗ്യാസ് മാര്‍ക്കറ്റിംഗ് ബിസിനസ്സ് എന്നിവയില്‍ നിക്ഷേപം നടത്തിക്കൊണ്ട് 2018ലാണ് ടോട്ടല്‍ അദാനി ഗ്രൂപ്പുമായുള്ള പങ്കാളിത്തം ആരംഭിച്ചത്.
അദാനി ഗ്യാസ് ലിമിറ്റഡിലെ മൊത്തം 37.4 ശതമാനം ഓഹരികളും ധമ്ര എല്‍എന്‍ജി പദ്ധതിയിലെ 50 ശതമാനം ഓഹരികളും ടോട്ടല്‍ ഏറ്റെടുത്തിട്ടുണ്ട്. സുസ്ഥിര ഊര്‍ജ്ജ മേഖലയിലെ കൂടുതല്‍ പങ്കാളിത്തത്തിനുള്ള സന്നദ്ധത ഇരു കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്.