September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കുടിയേറ്റ തൊഴിലാളികളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിച്ചേരണം: സുപ്രീം കോടതി

ന്യൂഡെല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങള്‍ അവരിലേക്ക് കൃത്യമായി എത്തിച്ചേരുന്നതില്‍ പ്രധാന പരിഗണന നല്‍കണമെന്ന് സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെയും അസംഘടിത മേഖലകളില്‍ ജോലി ചെയ്യുന്നവരുടെയും രജിസ്ട്രേഷന്‍ വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. നിലവില്‍ അവരുടെ രജിസ്ട്രേഷന്‍ പ്രക്രിയ വളരെ മന്ദഗതിയിലാണെന്നും കോടതി നിരീക്ഷിച്ചു.

‘നിങ്ങളുടെ (കേന്ദ്രത്തിന്‍റെ) സത്യവാങ്മൂലം ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചുവെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷനെക്കുറിച്ച് ഒന്നും തന്നെയില്ല അതില്‍,’ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു. റേഷന്‍ കാര്‍ഡ് ഇല്ലാത്ത തൊഴിലാളികള്‍ക്ക് എങ്ങനെ റേഷന്‍ നല്‍കുമെന്നും കോടതി ആരാഞ്ഞു.

  ബ്രെയില്‍ ലിപിയില്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ച് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

അസംഘടിത മേഖലയിലെ തൊഴിലാളികളെക്കുറിച്ച് ദേശീയ തലത്തില്‍ വിവരങ്ങള്‍ ഇല്ലാത്തത് എന്തുകൊണ്ടാണ്. ലോക്ക്ഡൗണ്‍ സമയത്ത് ആനുകൂല്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തുമെന്ന് ഉറപ്പാക്കാന്‍ ഡാറ്റയും പോര്‍ട്ടലും അനിവാര്യമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത യോജിച്ചു. ഇത് മറ്റ് ആനുകൂല്യങ്ങള്‍ക്ക് പുറമെ അവരുടെ എക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ ഗുണഭോക്താക്കളിലേക്ക് എത്തുമെന്ന് എങ്ങനെ ഉറപ്പാക്കുന്നുവെന്ന് ആരാഞ്ഞ കോടതി ഈ ആനുകൂല്യങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചേരുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

  ക്രോസ് ലിമിറ്റഡ് ഐപിഒ സെപ്തംബര്‍ 09 മുതല്‍

“കടലാസില്‍, സര്‍ക്കാര്‍ ആയിരക്കണക്കിന് കോടി ചെലവഴിച്ചു, പക്ഷേ അത് ആവശ്യക്കാരില്‍ എത്തുന്നുണ്ടോ എന്നതാണ് ആശങ്ക,” ജസ്റ്റിസ് ഷാ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് കൃത്യമായി ആനുകൂല്യം എത്തുന്നതിന് രജിസ്ട്രേഷന്‍ വേഗത്തിലാക്കണം.

കുടിയേറ്റ തൊഴിലാളികള്‍ എന്നാല്‍ നിര്‍മാണത്തൊഴിലാളികള്‍ മാത്രമല്ല, പകര്‍ച്ചവ്യാധി മൂലം ഗുരുതരമായി ബാധിക്കപ്പെട്ട റിക്ഷാ തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍, തെരുവ് കച്ചവടക്കാര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നുവെന്നും ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. അവര്‍ക്ക് സഹായം നല്‍കുന്നതിന് നേരിട്ടുള്ള പണ കൈമാറ്റം അനിവാര്യമാണെന്ന് ഭൂഷണ്‍ സമര്‍പ്പിച്ചു. എന്നാല്‍ പണം നേരിട്ട് കൈമാറുന്നത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമായതിനാല്‍ ഇക്കാര്യത്തില്‍ ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

  ഗ്രിറ്റ്സ്റ്റോണ്‍ ടെക്നോളജീസ് ടെക്നോപാര്‍ക്കില്‍
Maintained By : Studio3