പഠനറിപ്പോര്‍ട്ട് : വസ്ത്ര വിപണിയിലെ വില താണനിലയില്‍ തുടരും
1 min readന്യൂഡെല്‍ഹി: രാജ്യത്തെ ടെക്സ്റ്റൈല്‍സ് വിപണി തിരിച്ചുവരവിന്‍റെ പാതയില്‍ ആണെങ്കിലും 2020-21-ന്‍റെ രണ്ടാം പകുതിയിൽ വസ്ത്രങ്ങളുടെ വില മൃദുവായി തുടരുമെന്ന് ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട്. ഉത്സവ, വിവാഹ സീസൺ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ 2020 നവംബറിൽ വസ്ത്രവ്യാപാര വിഭാഗത്തിന്‍റെ മൊത്ത വില സൂചിക കൊറോണയ്ക്ക് മുമ്പുള്ള തലത്തിലേക്ക് എത്തിയിരുന്നു. എന്നിരുന്നാലും, സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയിൽ പൊതുവേ വസ്ത്രങ്ങളുടെ വില താഴ്ന്ന നിലയിലായിരിക്കും എന്ന് ഇന്‍ഡ്-റാ വിലയിരുത്തുന്നു.
നവംബറിൽ വ്യത്യസ്ത തുണിത്തരങ്ങളുടെ ആവശ്യകത വീണ്ടെടുത്തതായും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. ചില്ലറ വിൽപ്പന ശാലകളും മാളുകളും തുറക്കുന്നതിന്‍റെ ഫലമായി ആവശ്യകയിലുണ്ടാകുന്ന വര്‍ധന ഉല്‍പ്പാദനത്തിലും പ്രതിഫലിക്കുന്നുണ്ട്.
നവംബറിൽ കോട്ടണ്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചെങ്കിലും സ്കൂൾ വസ്ത്രങ്ങൾക്കും ഫോര്‍മലുകള്‍ക്കും വേണ്ടിയുള്ള ആവശ്യകത കുറവായതിനാൽ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയത്.