യാത്രയായി ഗ്രീന്‍ ഹീറോ…ബഹുഗുണയ്ക്ക് അന്ത്യാഞ്ജലി
1 min read- സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു
- യാത്രയായത് ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്
- കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു
ന്യൂഡെല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്‍റെ പരമോന്നത നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പതിറ്റാണ്ടുകളായി പോരാട്ടം നടത്തിയ അനന്യസാധാരണനായ വ്യക്തിയാണ് വിട പറഞ്ഞത്.
ഉത്തരാഖാണ്ഡിലെ ടെഹ്രിയില്‍ ജനിച്ച സുന്ദര്‍ലാല്‍ ബഹുഗുണ പ്രകൃതിയെ അനശ്വര സമ്പത്തായിട്ടാണ് കണ്ടത്. ഹിമാലയത്തെ രക്ഷിക്കുക എന്ന സന്ദേശവുമായി 1970കളിലാണ് സുന്ദര്‍ലാല്‍ ബഹുഗുണ ചിപ്കോ പ്രസ്ഥാനവുമായി മുന്നോട്ട് വന്നത്. ഹിമാലയന്‍ മേഖലയില്‍ വനനശീകരണം രൂക്ഷമായപ്പോള്‍ അത് ചെറുക്കുകയായിരുന്നു ലക്ഷ്യം. അഹിംസാ മാര്‍ഗത്തിലൂടെയായിരുന്നു എല്ലാവിധ സമരങ്ങളും. ഹിമാലയം ധനസമ്പാദത്തിനുള്ളതല്ലെന്നും വെള്ളത്തിനുള്ളതാണെന്നും അദ്ദേഹം സമൂഹത്തെ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമായി ആ പ്രദേശത്തെ മരം മുറിക്കുന്നത് 15 വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിടുകയും ഉണ്ടായി. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു.
താന്‍ ജനിച്ചുവളര്‍ന്ന ഉത്തരാഞ്ചലിലെ ട്രെഹിയില്‍ സ്ഥാപിക്കുന്ന അണക്കെട്ടിനെതിരെയും അദ്ദേഹം പോരാടി. ഈ പ്രശ്നത്തില്‍ സുന്ദര്‍ലാല്‍ ബഹുഗുണ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രധാനമന്ത്രി നരസിംഹറാവുവിന്‍റെ ഇടപെടല്‍ ഉണ്ടാകുകയും അദ്ദേഹം ഉപവാസം അവസാനിപ്പിക്കുകയും ചെയ്തു.
സുന്ദര്‍ലാല്‍ ബഹുഗുണയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. ശ്രീ സുന്ദര്‍ലാല്‍ ബാഹുഗുണ ജിയുടെ ദേഹവിയോഗം നമ്മുടെ രാജ്യത്തിന് ഒരു വലിയ നഷ്ടമാണ്. പ്രകൃതിയുമായുള്ള ഇണക്കമെന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാര്‍മ്മികത അദ്ദേഹം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്‍റെ ലാളിത്യവും ദീനാനുകമ്പയും ഒരിക്കലും മറക്കില്ല. എന്‍റെ ചിന്തകള്‍ അദ്ദേഹത്തിന്‍റെ കുടുംബത്തോടും നിരവധി ആരാധകരോടുമൊപ്പമാണ്. ഓം ശാന്തി- പ്രധാനമന്ത്രി പറഞ്ഞു.