കോവിഡ് രണ്ടാം തരംഗം സമ്പദ് വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്നു
1 min read- ഇലക്ട്രോണിക്, ഫോണ്‍ കമ്പനികള്‍ വരെ വന്‍ പ്രതിസന്ധിയില്‍
- മേയ് മാസത്തിലെ വില്‍പ്പന പൂജ്യത്തിനടുത്തെത്തിയതിന്‍റെ ഷോക്കില്‍ വ്യവസായലോകം
- തദ്ദേശീയ പ്ലാന്‍റുകള്‍ പൂട്ടുന്നു, ഉല്‍പ്പാദനം കുറയ്ക്കുന്നു
മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ആകെ പിടിച്ചുലയ്ക്കുന്നു. പല മേഖലകളിലും സെയ്ല്‍സ് ക്രാഷ് പ്രകടമായിത്തുടങ്ങി. ഇലക്ട്രോണിക്, ഫോണ്‍ കമ്പനികള്‍ എല്ലാം തന്നെ അഭിമുഖീകരിക്കുന്നത് വന്‍ പ്രതിസന്ധിയാണ്. രാജ്യത്തെ വന്‍കിട ഇലക്ട്രോണിക്, സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ആഭ്യന്തര വിപണി ലക്ഷ്യമിട്ടുള്ള തങ്ങളുടെ ഉല്‍പ്പാദനം വന്‍ തോതില്‍ കുറയ്ക്കുകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ വന്നതും ഓണ്‍ലൈന്‍ വില്‍പ്പന അവശ്യ സാധനങ്ങള്‍ക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തിയതുമാണ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് വിനയായത്. നിലവില്‍ ഫോണ്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താലും ഉപഭോക്താവിന് ലഭിക്കാത്ത അവസ്ഥയാണ്.
ഇതിന് പുറമെ ഉല്‍പ്പാദന പ്ലാന്‍റുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് ബാധയേല്‍ക്കുന്നതും കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കി. എല്‍ജി, പാനസോണിക്, കാരിയര്‍ മിഡിയ, വിവോ, ഒപ്പോ, ഹയര്‍, ഗോദ്റെജ് അപ്ലയന്‍സസ് തുടങ്ങിയ കമ്പനികളെല്ലാം തങ്ങളുടെ പ്ലാന്‍റുകള്‍ പൂട്ടുകയോ ഉള്‍പ്പാദനം വന്‍തോതില്‍ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
തദ്ദേശീയ വിപണികളെ ലക്ഷ്യമിട്ടുള്ള ഉല്‍പ്പാദനം പല ബ്രാന്‍ഡുകളും പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. ആപ്പിള്‍, സാംസംഗ് പോലുള്ള വന്‍കിട സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പാദന ശേഷിയില്‍ 25 മുതല്‍ 40 ശതമാനം വരെ കുറവ് വരുത്തിക്കഴിഞ്ഞു. കയറ്റുമതിക്കുള്ള ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് നിര്‍മിക്കുന്നത്. ലോക്ക്ഡൗണ്‍ നീളുകയും കോവിഡ് വ്യാപനത്തിന്‍റെ തീവ്രത ശമിക്കാതിരിക്കുകയും ചെയ്താല്‍ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിസന്ധിയായിരിക്കും ഇന്ത്യന്‍ വ്യവസായ മേഖലയിലുണ്ടാകുക.
പ്രതീക്ഷകളിലും വിള്ളല്‍
രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ സാമ്പത്തിക വളര്‍ച്ച കോവിഡ് പൂര്‍വ അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്ന എല്ലാ പ്രതീക്ഷകളും തല്‍ക്കാലത്തേക്കെങ്കിലും നഷ്ടമായിരിക്കുകയാണ്. 2021ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 13 ശതമാനമാകുമെന്നായിരുന്നു ജെപി മോര്‍ഗന്‍ നേരത്തെ പറഞ്ഞിരുന്നത്. അതില്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നു അവര്‍. 11 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതേമയം മൂഡീസ് നേരത്തെ പങ്കുവെച്ച രാജ്യത്തിന്‍റെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 13.7 ശതമാനമായിരുന്നു. അവരുടെ പുതിയ പഠനം അനുസരിച്ച് അത് 9.3 ശതമാനമായി കുറയും.
സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ മാത്രം രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 73.5 ലക്ഷം പേര്‍ക്കാണ്. ഇതില്‍ 28.4 ലക്ഷം പേരും ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ശമ്പളക്കാരായിരുന്നു. ഗ്രാമീണ മേഖലകളിലെ ഉപഭോഗത്തില്‍ വമ്പന്‍ തിരിച്ചടി സംഭവിക്കുമെന്ന സൂചനയാണ് ഈ കണക്ക്.
ആവശ്യകതയിലുണ്ടാകുന്നത് വലിയ തളര്‍ച്ചയാണ്. ഏപ്രില്‍ മാസത്തില്‍ മാത്രം വാഹനവില്‍പ്പനയിലുണ്ടായത് 30 ശതമാനം കുറവാണ്, മുന്‍ മാസത്തെ കണക്കുകള്‍ വെച്ച് താരതമ്യം ചെയ്യുമ്പോള്‍. ട്രാക്റ്റര്‍ വില്‍പ്പനയില്‍ വരെ വലിയ ഇടിവുണ്ടായത് ഗ്രാമീണ മേഖലയിലെ പ്രതിസന്ധി അടിവരയിടുന്നു. ഇ-വേ ബില്ലുകളുടെ എണ്ണം മാര്‍ച്ച് മാസത്തെ ഏഴ് കോടിയില്‍ നിന്ന് ഏപ്രിലില്‍ 5.8 കോടിയായി കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ ചരക്ക് നീക്കത്തിന്‍റെയും സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെയും നിര്‍ണായക സൂചകമാണ് ഇ-വേ ബില്‍.