November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ടൊയോട്ട അഗ്യാ ഹാച്ച്ബാക്കിന് ഡിസൈന്‍ പാറ്റന്റ്

ഒരു വര്‍ഷം മുമ്പ് ഇന്തോനേഷ്യയില്‍ ടൊയോട്ട അഗ്യാ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. ഇതേ സ്‌റ്റൈലിംഗ് ലഭിച്ച രൂപകല്‍പ്പനയോടെയാണ് ഇന്ത്യയില്‍ പാറ്റന്റിന് അപേക്ഷിച്ചത്  

ന്യൂഡെല്‍ഹി: ടൊയോട്ട തങ്ങളുടെ അഗ്യാ ഹാച്ച്ബാക്കിന് ഇന്ത്യയില്‍ ഡിസൈന്‍ പാറ്റന്റ് നേടി. ഫേസ്‌ലിഫ്റ്റ് ചെയ്ത ടൊയോട്ട അഗ്യാ ഒരു വര്‍ഷം മുമ്പ് ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചിരുന്നു. ഇതേ സ്‌റ്റൈലിംഗ് ലഭിച്ച രൂപകല്‍പ്പനയോടെയാണ് ഇന്ത്യയില്‍ പാറ്റന്റിന് അപേക്ഷിച്ചത്. ടൊയോട്ടയുടെ ഉപകമ്പനിയായ ഡൈഹാറ്റ്‌സുവിന്റെ എയ്‌ല കോംപാക്റ്റ് ഹാച്ച്ബാക്ക് റീബാഡ്ജ് ചെയ്തതാണ് യഥാര്‍ത്ഥത്തില്‍ അഗ്യാ. 2012 മുതല്‍ ഇന്തോനേഷ്യയില്‍ ഡൈഹാറ്റ്‌സു എയ്‌ല വിറ്റുവരുന്നു. ഭാവിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി ഇന്ത്യയില്‍ അഗ്യാ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ പാറ്റന്റിന് അപേക്ഷിച്ചതായി വിലയിരുത്തപ്പെടുന്നു.

വലിയ ഓപ്പണിംഗ് സഹിതം ഹെക്‌സാഗണല്‍ ഗ്രില്‍, ത്രികോണാകൃതിയുള്ള ഫോഗ് ലാംപ് ഹൗസിംഗ്, സ്ലീക്ക് ഹെഡ്‌ലാംപുകള്‍, അലോയ് വീലുകള്‍, മൊത്തത്തില്‍ കോംപാക്റ്റ് പ്രൊഫൈല്‍ എന്നിവ ലഭിച്ചതാണ് ടൊയോട്ട അഗ്യാ ഹാച്ച്ബാക്ക്. സ്‌പോര്‍ട്ടി സ്റ്റാന്‍സ് ലഭിക്കുന്നതിന് ഹാച്ച്ബാക്കിന്റെ താഴ്ഭാഗത്ത് കറുപ്പ് സാന്നിധ്യം നല്‍കിയിരിക്കുന്നു. പിറകില്‍ നിവര്‍ന്ന സിംഗിള്‍ പീസ് ടെയ്ല്‍ഗേറ്റ്, റൂഫില്‍ സ്ഥാപിച്ച സ്‌പോയ്‌ലര്‍, എല്‍ ആകൃതിയുള്ള ഗ്രാഫിക്‌സ് സഹിതം ടെയ്ല്‍ലാംപുകള്‍, അഗ്രസീവ് ബംപര്‍, ക്രോം അലങ്കാരം എന്നിവ ലഭിച്ചു.

ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറേജ്, ഇബിഡി സഹിതം എബിഎസ്, സ്റ്റിയറിംഗില്‍ നല്‍കിയ കണ്‍ട്രോളുകള്‍ എന്നിവ അകത്തെ വിശേഷങ്ങളാണ്.

മലേഷ്യന്‍ വാഹന നിര്‍മാതാക്കളായ പെറോദുവയുടെ ആക്‌സിയ ഹാച്ച്ബാക്കിന്റെ ഇന്ത്യാ സ്‌പെക് വേര്‍ഷനാണ് ടൊയോട്ട അഗ്യാ. 1.0 ജി, 1.2 ജി, 1.2 ജി ടിആര്‍ഡി തുടങ്ങിയ വേരിയന്റുകളിലാണ് പെറോദുവ ആക്‌സിയ വില്‍ക്കുന്നത്. ഇവയില്‍ 1.0 ജി വേരിയന്റിന് കരുത്തേകുന്നത് 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, വിവിടി ഐ എന്‍ജിനാണ്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 67 പിഎസ് കരുത്തും 4,400 ആര്‍പിഎമ്മില്‍ 89 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മറ്റെല്ലാ വേരിയന്റുകളും ഉപയോഗിക്കുന്നത് 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഡുവല്‍ വിവിടി ഐ എന്‍ജിനാണ്. ഈ മോട്ടോര്‍ 6,000 ആര്‍പിഎമ്മില്‍ 88 പിഎസ് കരുത്തും 4,200 ആര്‍പിഎമ്മില്‍ 108 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Maintained By : Studio3