November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ്

പരിഷ്‌കരിച്ച ടിഗ്വാന്‍ ഓള്‍സ്‌പേസ് ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യം ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചിട്ടില്ല  

ഫേസ്‌ലിഫ്റ്റ് ചെയ്ത ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. പരിഷ്‌കരിച്ച സ്റ്റൈലിംഗ്, കൂടുതല്‍ സുരക്ഷാ സാങ്കേതികവിദ്യ, കൂടുതല്‍ ഫീച്ചറുകള്‍, മെച്ചപ്പെട്ട ഇന്‍ഫൊടെയ്ന്‍മെന്റ് എന്നിവയോടെയാണ് 7 സീറ്റര്‍ എസ്‌യുവി വരുന്നത്.

ഫേസ്‌ലിഫ്റ്റ് ചെയ്ത 5 സീറ്റര്‍ ടിഗ്വാന്‍ പോലെ, ഓള്‍സ്‌പേസ് മോഡലിന് പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗം ലഭിച്ചു. ഇല്യുമിനേറ്റഡ് സ്ട്രിപ്പുകള്‍ സഹിതം കൂടുതല്‍ പ്രാധാന്യത്തോടെ ഗ്രില്‍, റീഡിസൈന്‍ ചെയ്ത ഫോക്‌സ്‌വാഗണ്‍ എംബ്ലം എന്നിവ മുന്നില്‍ കാണാം. എസ്‌യുവിയുടെ ഹെഡ്‌ലൈറ്റുകള്‍ പരിഷ്‌കരിച്ചു. 24 എല്‍ഇഡി ഡയോഡുകള്‍ ഉള്‍പ്പെടുന്ന ഇന്ററാക്റ്റീവ് ‘ഐക്യു ലൈറ്റ്’ എല്‍ഇഡി ലൈറ്റുകളാണ് പുതുതായി നല്‍കിയത്. വ്യത്യസ്ത ഡ്രൈവിംഗ് സാഹചര്യങ്ങള്‍ അനുസരിച്ച് ഭാഗികമായി ഓട്ടോമാറ്റിക്കായി ഈ ലൈറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയും. പിറകില്‍, ടെയ്ല്‍ഗേറ്റിന്റെ മധ്യത്തിലായി ‘ടിഗ്വാന്‍’ ബാഡ്ജ് മാറ്റിസ്ഥാപിച്ചു. ടെയ്ല്‍ലൈറ്റുകള്‍ പുതിയതാണ്.

‘ഐക്യു ഡ്രൈവ് ട്രാവല്‍ അസിസ്റ്റ്’ സിസ്റ്റം പുതുതായി നല്‍കി. മണിക്കൂറില്‍ 210 കിമീ വരെ വേഗതകളില്‍ ലെവല്‍ 2 ഓട്ടോണമസ് ഡ്രൈവിംഗ് അസിസ്റ്റ് ഫംഗ്ഷനുകള്‍ നല്‍കുന്നതാണ് ഈ സംവിധാനം. കാല്‍നടയാത്രക്കാരെ നിരീക്ഷിക്കുന്നതോടൊപ്പം ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി), ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, പിറകില്‍ ട്രാഫിക് അലര്‍ട്ട്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് ഐക്യു ഡ്രൈവ് ട്രാവല്‍ അസിസ്റ്റ് സിസ്റ്റം.

വാഹനത്തിനകത്തെ പരിഷ്‌കാരങ്ങള്‍ പരിശോധിച്ചാല്‍, ഓഡിയോ സ്‌പെഷലിസ്റ്റായ ഹാര്‍മന്‍ കാര്‍ഡണുമായി ചേര്‍ന്ന് പുതിയ സൗണ്ട് സിസ്റ്റം വികസിപ്പിച്ചു. ടച്ച് പാനലുകള്‍, സ്ലൈഡറുകള്‍ എന്നിവ സഹിതം കമ്പനിയുടെ പുതിയ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം ലഭിച്ച ഏറ്റവും പുതിയ ഫോക്‌സ്‌വാഗണ്‍ മോഡലാണ് ഓള്‍സ്‌പേസ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ഫോക്‌സ്‌വാഗണിന്റെ ‘വീ കണക്റ്റ് സിസ്റ്റം’ എന്നിവ സഹിതം പരിഷ്‌കരിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ സവിശേഷതകളാണ്.

ആഗോളതലത്തില്‍ മൂന്ന് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലും രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളിലുമാണ് 2021 ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് വരുന്നത്. 150 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിന്‍, 190 എച്ച്പി, 245 എച്ച്പി എന്നിങ്ങനെ പുറപ്പെടുവിക്കുന്ന ഒരു ജോടി 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ എന്‍ജിനുകള്‍ എന്നിവയാണ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. 150 എച്ച്പി, 200 എച്ച്പി എന്നിങ്ങനെ കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഒരു ജോടി 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളും ഓപ്ഷനുകളാണ്. ഫ്രണ്ട് വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ലഭിക്കും. ടിഗ്വാന്‍ 5 സീറ്ററിനായി പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റ്, 320 എച്ച്പി പുറത്തെടുക്കുന്ന ഹൈ പെര്‍ഫോമന്‍സ് ആര്‍ വേര്‍ഷന്‍ എന്നിവ ഫോക്‌സ്‌വാഗണ്‍ ഈയിടെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഓള്‍സ്‌പേസ് 7 സീറ്ററിന് ഈ രണ്ട് വേരിയന്റുകളും നല്‍കുന്നില്ല.

ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ കൊണ്ടുവരുന്ന കാര്യം ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2020 മാര്‍ച്ച് മാസത്തിലാണ് ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയായിരുന്നു. നിലവില്‍ 34.20 ലക്ഷം രൂപ മുതലാണ് ടിഗ്വാന്‍ ഓള്‍സ്‌പേസ് 7 സീറ്ററിന് ഇന്ത്യ എക്‌സ് ഷോറൂം വില.

ഇതേസമയം, ഫേസ്‌ലിഫ്റ്റ് ചെയ്ത ടിഗ്വാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഫോക്‌സ്‌വാഗണ്‍. ഇന്ത്യാ സ്‌പെക് മോഡല്‍ ഇതിനകം അനാവരണം ചെയ്തിരുന്നു. പൂര്‍ണമായും പുതിയ ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ മിഡ് സൈസ് എസ്‌യുവിയാണ് ഇന്ത്യന്‍ വിപണി കാത്തിരിക്കുന്ന ഒരു പ്രധാന ലോഞ്ച്. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം വികസിപ്പിച്ച ഈ എസ്‌യുവി, ഇന്ത്യയ്ക്കായി ഭേദഗതി വരുത്തിയ എംക്യുബി എ0 ഐഎന്‍ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമാക്കുന്നത്.

Maintained By : Studio3