യുഎസില്‍നിന്ന് ഇന്ത്യയിലേക്കും സിംഗപ്പൂരിലേക്കും ഗൂഗിള്‍ പേ വഴി പണമയയ്ക്കാം
വെസ്‌റ്റേണ്‍ യൂണിയന്‍, വൈസ് എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ഗൂഗിള്‍ പേ ആപ്പ് വഴി ഗൂഗിള്‍ പുതിയ സേവനം ലഭ്യമാക്കുന്നത്
ന്യൂഡെല്‍ഹി: യുഎസില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഇന്ത്യയിലെയും സിംഗപ്പൂരിലെയും തങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണമയയ്ക്കാന്‍ കഴിയും. ഇതോടെ പുതിയ സേവന മേഖലയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുകയാണ് ടെക് ഭീമന്‍. വെസ്‌റ്റേണ്‍ യൂണിയന്‍, വൈസ് എന്നിവയുമായി പങ്കാളിത്തം സ്ഥാപിച്ചാണ് ഗൂഗിള്‍ പേ ആപ്പ് വഴി ഗൂഗിള്‍ പുതിയ സേവനം ലഭ്യമാക്കുന്നത്.
തുടക്കത്തില്‍ ഇന്ത്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തിയെങ്കിലും ഈ വര്‍ഷം ആഗോളതലത്തില്‍ 280 ഓളം രാജ്യങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. പുതിയ അപ്‌ഡേറ്റ് വന്നതോടെ അമേരിക്കയിലെ വലിയൊരു വിഭാഗം പ്രവാസികള്‍ക്കിടയില്‍ ഗൂഗിള്‍ പേ കൂടുതല്‍ ആകര്‍ഷകമാകും.
ജൂണ്‍ 16 വരെ ഗൂഗിള്‍ പേ വഴി പണം അയയ്ക്കുമ്പോള്‍ അണ്‍ലിമിറ്റഡ് സൗജന്യ ട്രാന്‍സ്ഫറുകളാണ് വെസ്‌റ്റേണ്‍ യൂണിയന്‍ നല്‍കുന്നത്. അതേസമയം, വൈസ് വഴി 500 യുഎസ് ഡോളര്‍ വരെ അയയ്ക്കുന്ന പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യ ട്രാന്‍സ്ഫര്‍ സൗജന്യമായിരിക്കും.
വ്യക്തികള്‍ക്ക് മാത്രമായിരിക്കും ഗൂഗിള്‍ പേ വഴി ഇത്തരത്തില്‍ വിദേശത്തുനിന്ന് പണം അയയ്ക്കാന്‍ കഴിയുന്നത്. അതായത്, യുഎസില്‍നിന്ന് നിങ്ങള്‍ക്ക് ഇന്ത്യയിലെയോ സിംഗപ്പൂരിലെയോ ബിസിനസുകള്‍ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല. മാത്രമല്ല, ഇന്ത്യയില്‍ ഗൂഗിള്‍ പേ ഉപയോഗിക്കുന്നവര്‍ക്ക് യുഎസിലേക്ക് പണം അയയ്ക്കാനും കഴിയില്ല.