ഇന്ത്യന്‍ റിഫൈനറികള്‍ എണ്ണ ഇറക്കുമതിയും സംസ്കരണവും കുറയ്ക്കുന്നു
1 min readന്യൂഡെല്‍ഹി: വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 മഹാമാരി ഇന്ധന ഉപഭോഗം വെട്ടിക്കുറച്ചതിനാല്‍ ഇന്ത്യയിലെ മുന്‍നിര റിഫൈനറികള്‍ പ്രോസസ്സിംഗ് റണ്‍, ക്രൂഡ് ഇറക്കുമതി എന്നിവ കുറയ്ക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ റിഫൈനറായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പ് തങ്ങളുടെ പ്രോസസ്സിംഗ് ശേഷിയുടെ ശരാശരി 85 – 88 ശതമാനത്തിലേക്ക് സംസ്കരണം കുറച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു.
ചില പ്ലാന്‍റുകള്‍ ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങള്‍ കൂടുതലായി സംഭരിക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ ഇത് ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ട്. ഐഒസിയുടെ റിഫൈനറികള്‍ ഏപ്രില്‍ അവസാനത്തോടെ അവയുടെ ശേഷിയുടെ 95 ശതമാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് ആദ്യ തരംഗത്തിലെ വ്യാപന സമയത്ത് എണ്ണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശേഷിയുടെ 65-70 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഇല്ലാത്തതിനാല്‍ നിലവില്‍ ആ സാഹചര്യമില്ലെന്നാണ് കമ്പനി പറയുന്നത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെ ക്രൂഡ് ഇറക്കുമതി മേയില്‍ ഒരു ദശലക്ഷം ബാരല്‍ കുറച്ചതായും ജൂണിലെ വാങ്ങല്‍ 2 ദശലക്ഷം ബാരല്‍ വരെ കുറയ്ക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഏപ്രിലിനെ അപേക്ഷിച്ച് ഇന്ത്യയുടെ ഇന്ധന ഉപഭോഗം മേയില്‍ 5 ശതമാനം ഇടിവ് പ്രകടമാക്കുമെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ സുരന പ്രതീക്ഷിക്കുന്നത്.ഏപ്രില്‍ ഇന്ധന വില്‍പ്പന മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരുന്നതിന്‍റെ 90 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു.