ചരിത്രനേട്ടവുമായി മുബദല; വാര്‍ഷിക വരുമാനം 36 ശതമാനം ഉയര്‍ന്ന് 72 ബില്യണ്‍ ദിര്‍ഹമായി
1 min readജിയോയില്‍ കഴിഞ്ഞ വര്‍ഷം മുബദല 4.3 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചിരുന്നു
അബുദാബി: അബുദാബിയുടെ തന്ത്രപ്രധാന നിക്ഷേപക സ്ഥാപനമായ മുബദല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ 36 ശതമാനം വളര്‍ച്ച. ഇക്വിറ്റി, ഫണ്ട് നിക്ഷേപങ്ങളിലുള്ള വര്‍ധനയും വിവിധ മേഖലകളിലായുള്ള ആസ്തികളിലുള്ള വളര്‍ച്ചയുമാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. 2019ലെ 53 ബില്യണ്‍ ദിര്‍ഹത്തെ അപേക്ഷിച്ച് കമ്പനിയുടെ ആകെയുള്ള വരുമാനം 72 ബില്യണ്‍ ദിര്‍ഹമായി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിതെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ഷിക അവലോകന റിപ്പോര്‍ട്ടല്‍ മുബദല വ്യക്തമാക്കി.
2020 തുടക്കത്തില്‍ പ്രകടമായ മാക്രോഇക്കോണമിക് സാഹചര്യങ്ങളിലെ തകര്‍ച്ചയ്ക്ക് ശേഷം മൂലധന നിക്ഷേപത്തിന്റെ വേഗത വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയും അങ്ങനെ വര്‍ഷവാസാനത്തോടെ റെക്കോഡ് വളര്‍ച്ചയും ലാഭവും കമ്പനി സ്വന്തമാക്കിയെന്നും മുബദലയുടെ ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവും മാനേജിംഗ് ഡയറക്ടറുമായ ഖല്‍ദൂണ്‍ അല്‍ മുബാറക് പറഞ്ഞു. കൂടുതല്‍ ദൃഢവിശ്വാസമുള്ള മേഖലകളിലാണ് കഴിഞ്ഞ വര്‍ഷം കമ്പനി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയത്. പ്രത്യേകിച്ച് കഴിഞ്ഞ വര്‍ഷം ലോകത്തിന് ഏറ്റവും കൂടുതല്‍ ആവശ്യം വന്ന സാങ്കേതികവിദ്യ, ലൈഫ് സയന്‍സ് മേഖലകളില്‍. ആ മേഖലകളില്‍ ആഴത്തിലുള്ള നിക്ഷേപത്തിന് വലിയ അവസരങ്ങളാണ് കമ്പനിക്ക് നല്‍കിയതെന്നും മുബാറക് കൂട്ടിച്ചേര്‍ത്തു.
കമ്പനിക്ക് കീഴിലുള്ള ആസ്തികളുടെ മൂല്യം 5 ശതമാനം ഉയര്‍ന്ന് 894 ബില്യണ്‍ ദിര്‍ഹത്തിലെത്തി. പ്രധാനമായും യുഎഇയിലും അമേരിക്കയിലുമാണ് മുബദലയ്ക്ക് ഏറ്റവുമധികം ആസ്തികളുള്ളത്. ഇന്ത്യയിലെ പുതിയ നിക്ഷേപങ്ങള്‍ക്ക് പുറമേ സോവറീന്‍ നിക്ഷേപ പങ്കാളിത്തങ്ങളിലൂടെ ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലും കഴിഞ്ഞ വര്‍ഷം മുബദല നിക്ഷേപം നടത്തി. മുബദലയുടെ നിക്ഷേപക പോര്‍ട്ട്‌പോളിയോയുടെ ഏകദേശം 34 ശതമാനവും നേരിട്ടോ അല്ലാതെയോ ഉള്ള സ്വകാര്യ ഇക്വിറ്റി നിക്ഷേപങ്ങളും 29 ശതമാനം പബ്ലിക് മാര്‍ക്കറ്റുകളിലും 14 ശതമാനം റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകളിലുമാണ്.
കമ്പനിയുടെ പുതിയ മൂലധന നിക്ഷേപം 2019ലെ 68 ബില്യണ്‍ ദിര്‍ഹത്തില്‍ നിന്നും 108 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നതായും കമ്പനി വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ജിയോ പ്ലാറ്റ്‌ഫോമിലെ 4.3 ബില്യണ്‍ ദിര്‍ഹം നിക്ഷേപം ഉള്‍പ്പടെയാണിത്. ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ സില്‍വര്‍ ലെയ്ക്കിലെ 2.7 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം, ഇന്ത്യയിലെ റിലയന്‍സ് റീറ്റെയ്‌ലില്‍ നടത്തിയ 3 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം, ആഗോള മരുന്ന് വിതരണ സേവന കമ്പനിയായ പിസിഐ ഫാര്‍മയിലെ 2.2 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപം എന്നിവയാണ് കഴിഞ്ഞ വര്‍ഷം മുബദല നടത്തിയ ശ്രദ്ധേയമായ മറ്റ് നിക്ഷേപങ്ങള്‍. ഇവ കൂടാതെ, സിവിസി, സിറ്റാഡെല്‍, ഐസ്‌ക്വാര്‍ഡ് കാപ്പിറ്റല്‍, അപെക്‌സ് പാര്‍ട്‌ണേഴ്‌സ് എന്നീ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ 7.5 ബില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപങ്ങളും കഴിഞ്ഞ വര്‍ഷം കമ്പനി നടത്തി.
കാലാവധിയെത്തിയ ആസ്തികളിലൂടെയും സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളില്‍ നിന്നുള്ള വിഹിതത്തിലൂടെയും കഴിഞ്ഞ വര്‍ഷം 104 ബില്യണ്‍ ദിര്‍ഹത്തിന്റെ വരുമാനമാണ് മുബദല സ്വന്തമാക്കിയത്. ബൊറീലിസിലെ 39 ശതമാനം ഓഹരികള്‍ ഒഎംവിക്ക് വിറ്റ് നേടിയ 16.7 ബില്യണ്‍ ദിര്‍ഹം ഉള്‍പ്പടെയാണിത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ ഇടപാടാണിത്. നിക്ഷേപകരെന്ന നിലയില്‍ വളരെ വേഗം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കമ്പനിയുടെ ശേഷിക്ക് തെളിവാണ് ശക്തമായ ഈ പ്രകടനമെന്ന് മുബദലയുടെ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കാര്‍ലോസ് ഒബെയ്ദ് പറഞ്ഞു. 2020ല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശനിരക്കുകളും തങ്ങള്‍ നേട്ടമാക്കി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണ വ്യവസായത്തെ കൂടാതെ അബുദാബിയുടെ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളുടെ നെടുതൂണാണ് മുബദല. എയറോസ്‌പേസ്, വിവര സാങ്കേതികവിദ്യ, ആശയ വിനിമയ സാങ്കേതികവിദ്യ, സെമികണ്ടക്ടറുകള്‍, ലോഹങ്ങള്‍, ഖനനം, പുനരുപയോഗ ഊര്‍ജം, എണ്ണ, വാതകം, പെട്രോകെമിക്കലുകള്‍ തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപങ്ങളുമായി അഞ്ചോളം വന്‍കരകളില്‍ മുബദലയുടെ സാന്നിധ്യമുണ്ട്.
യുഎഇയില്‍ എമിറേറ്റ്‌സ് ഗ്ലോബല്‍ അലൂമിനിയം,ഗ്രീന്‍-എനര്‍ജി കമ്പനിയായ മസ്ദര്‍, എയറോസ്‌പേസ് കമ്പനിയായ സ്ട്രാറ്റ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ യഹ്‌സത്, മുബദല പെട്രോളിയം എന്നീ കമ്പനികളില്‍ മുബദലയ്ക്ക് നിക്ഷേപമുണ്ട്. സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടിലെ ആങ്കര്‍ നിക്ഷേപകരാണ് മുബദല. അടുത്ത അഞ്ച് വര്‍ഷങ്ങളിലായി ബ്രിട്ടനിലെ ലൈഫ് സയന്‍സ് വ്യവസായ മേഖലയില്‍ 800 മില്യണ്‍ പൗണ്ട് നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. യുഎഇയും യുകെയും തമ്മിലുള്ള 1 ബില്യണ്‍ പൗണ്ടിന്റെ സോവറീന്‍ നിക്ഷേപ പങ്കാളിത്തത്തിന്റെ ഭാഗമാണിത്. സാങ്കേതികവിദ്യ, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്, അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി എന്നീ മേഖലകളിലും കമ്പനിക്ക് നിക്ഷേപങ്ങളുണ്ട്. എന്നാല്‍ കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സംശുദ്ധ ഊര്‍ജം, ലൈഫ് സയന്‍സ്, സഞ്ചാരം, ഓട്ടോമേഷന്‍, റോബോട്ടിക്‌സ്, കണക്ടിവിറ്റി എന്നീ മേഖലകളിലുള്ള നൂതന കണ്ടുപിടിത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനികളിലെ നിക്ഷേപങ്ങള്‍ക്ക് ഊന്നല്‍ നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
വരുംനാളുകളില്‍ ഇന്ത്യ, ചൈന തെക്ക് കിഴക്കന്‍ ഏഷ്യയിലെ മറ്റ് വിപണികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.