വിദേശ വാക്സിനുകളുടെ ഇറക്കുമതിക്ക് സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും അനുവദിച്ചേക്കും
1 min readവിദേശ വാക്സിനുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നതിന് കമ്പനികള്‍ അനുമതി തേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയും ഇതിനായി ചട്ടങ്ങളില്‍ ഇളവു വരുത്തുകയും ചെയ്തിരുന്നു
ന്യൂഡെല്‍ഹി: കോവിഡ് 19 വാക്സിനുകളുടെ ക്ഷാമം ഒഴിവാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കും വിവിധ സ്ഥാപനങ്ങള്‍ക്കും വിദേശത്തു നിന്ന് വാക്സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വിദേശത്തു നിന്ന് വാക്സിനുകള്‍ ഇറക്കുമതി ചെയ്യാന്‍ ആലോചിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ആഭ്യന്തര വാക്സിന്‍ നിര്‍മാതാക്കളെ പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അവരില്‍ നിന്ന് വാക്സിനുകള്‍ വാങ്ങുന്നത് ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ഡോസുകള്‍ വിതരണം ചെയ്യുന്നതിന് ഈ മാസം ആദ്യം മുന്‍കൂറായി ഇന്ത്യന്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് പണം നല്‍കിയിട്ടുണ്ട്. രാജ്യത്ത് 45 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭ്യമാക്കുമെന്നാണ് 18 വയസിനു മുകളിലുള്ള മറ്റുള്ളവര്‍ സ്വകാര്യ മേഖലയെ ആശ്രയിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനുള്‍പ്പടെ കമ്പനികള്‍ നിശ്ചയിച്ച ഉയര്‍ന്ന വിലയും സാര്‍വത്രികമായി സൗജന്യ വാക്സിന്‍ ഉണ്ടാകില്ലായെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വ്യാപക എതിര്‍പ്പ് നേരിടുകയാണ്. കോവിഷീല്‍ഡിന് ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ താരതമ്യപ്പെടുത്തിക്കൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നു.
സാമൂഹികമായി ആര്‍ജിതപ്രതിരോധ ശേഷിയില്‍ എത്തുന്നതിന് പരമാവധി പേരിലേക്ക് എത്രയും വേഗം വാക്സിനുകള്‍ എത്തിക്കണമെന്നും ഇതിന് വാക്സിനുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്നുമാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സ്വന്തം നിലയ്ക്ക് വാക്സിന്‍ വാങ്ങിക്കുന്നത് വേഗത്തിലാക്കി എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിദേശ വാക്സിനുകളായ ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവ കൂടി ഇന്ത്യയില്‍ ലഭ്യമാക്കുന്നതിന് കമ്പനികള്‍ അനുമതി തേടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയും ഇതിനായി ചട്ടങ്ങളില്‍ ഇളവു വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്രം നേരിട്ട് ഇറക്കുമതി നടത്തേണ്ടതില്ലാ എന്നാണ് ഇപ്പോഴുള്ള തീരുമാനം.
കോവിഡ് രണ്ടാം തരംഗം ഏറെ നാശം വിതച്ച മഹാരാഷ്ട്ര വാക്സിന്‍ ഇറക്കുമതിക്ക് ആഗോള ടെണ്ടര്‍ വിളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക നിലയുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാല്‍ കേന്ദ്ര സഹായമില്ലാതെ വാക്സിനുകള്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം പല സംസ്ഥാനങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.