ഇന്‍ഫ്രാ കമ്പനികളുടെ ഓര്‍ഡറുകളിലും നിര്‍വഹണത്തിലും വളര്‍ച്ച:
1 min readചെലവ് ഉയര്‍ന്നത് ലാഭക്ഷമതയെ ബാധിക്കുമെന്നും വിലയിരുത്തല്‍
ന്യൂഡെല്‍ഹി: 202021 സാമ്പത്തിക വര്‍ഷത്തിന്‍റെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ ഓര്‍ഡറുകളിലും നിര്‍വഹണങ്ങളിലും വീണ്ടെടുപ്പും ഉയര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്യുമെന്ന് ബ്രോക്കറേജ് കമ്പനിയായ നോമുറ വിലയിരുത്തുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ചരക്ക് ചെലവും ചരക്കുനീക്കത്തിലെ നിരക്കുകളും ലാഭക്ഷമതയെ ബാധിക്കുമെന്ന് നിരീക്ഷണമുണ്ട്.
തങ്ങളുടെ നിരീക്ഷണത്തിലുള്ള എല്‍വിടി, കെഇസി ഇന്‍റര്‍നാഷണല്‍ എന്നീ കമ്പനികളും റോഡ് നിര്‍മാണ കമ്പനികളും നാലാം പാദത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ മുന്നേറ്റം നടത്തിയെന്ന് നോമുറ പറഞ്ഞു. കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കുറവായിരുന്നതും തൊഴില്‍ ലഭ്യത മെച്ചപ്പെട്ടതും മറ്റ് സീസണല്‍ ഘടകങ്ങളും അനുകൂലമായിരുന്നതാണ് ഇതിന് കാരണം. സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ കൂടി ഫലമായി ഓര്‍ഡറുകളിലും മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്.
എന്നിരുന്നാലും, കോവിഡ് -19 കേസുകള്‍ കുത്തനെ ഉയര്‍ന്നതിനാല്‍ ഏപ്രിലില്‍ സ്ഥിതിഗതികള്‍ മാറിയിട്ടുണ്ട്. ചില നഗരങ്ങളിലും സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയതും കൊറോണ വൈറസ് ബാധിച്ച സംസ്ഥാനങ്ങളില്‍ നിന്ന് കരാര്‍ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെപ്പോകുന്നതും അടിസ്ഥാന സൗകര്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും.
കുമിന്‍സ് ഇന്ത്യ, എല്‍ ആന്‍ഡ് ടി പോലുള്ള കമ്പനികളെ കോവിഡ് 19 രണ്ടാം തരംഗം കാര്യമായി ബാധിച്ചേക്കും. പുനെയിലെ സ്ഥിതിയാണ് കുമിന്‍സിനെ പ്രതിസന്ധിയിലാക്കുന്നത് എങ്കില്‍ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ശക്തമായ പ്രദേശങ്ങളിലെ പദ്ധതികളില്‍ കാര്യമായ പങ്ക് എല്‍ ആന്‍ഡ് ടി-ക്ക് ഉണ്ട്. കോവിഡ് 19 രണ്ടാം തരംഗം ഏറ്റവുമധികം ബാധിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര.
അസംസ്കൃത ചരക്കുകളുടെ വിലയിലും സമുദ്രമാര്‍ഗമുള്ള ചരക്കുനീക്കത്തിന്‍റെ നിരക്കിലും വന്ന വര്‍ധന കമ്പനികളുടെ ലാഭക്ഷമതയെ ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഉടനീളം ബാധിക്കാനുള്ള സാധ്യതയും നോമുറ പങ്കുവെക്കുന്നു. മൂന്നാം പാദം മുതല്‍ ചരക്കുവിലയില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ടണ്ണിന് 60,000 എന്ന നിലക്കായിരുന്നു നാലാം പാദത്തില്‍ സ്റ്റീലിന്‍റെ വില. മൂന്നാംപാദത്തില്‍ ഇത് 45,000 രൂപയായിരുന്നു വില. കടല്‍ വഴിയുള്ള ചരക്കുനീക്കത്തിന്‍റെ നിരക്കില്‍ മൂന്നു മടങ്ങ് വര്‍ധനയാണ് മൂന്നാം പാദത്തില്‍ ഉണ്ടായത്.