കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്ല
1 min read-
ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരും
-
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കില്ല
-
കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി. തിങ്കളാഴ്ച്ച ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് ധാരണയായത്. അതേസമയം ശനി, ഞായര്‍ ദിവസങ്ങളിലെ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസമായ മേയ് രണ്ടിന് ആഹ്ലാദ പ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കില്ലെന്നും സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി.
കടകളുടെ പ്രവര്‍ത്തനം രാത്രി 7.30 വരെയെന്നത് തുടരും. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള രാത്രികാല കര്‍ഫ്യൂ തുടരുമെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനദിവസത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം. അണികളെ പാര്‍ട്ടി നേതാക്കള്‍ നിയന്ത്രിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി.
കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രണ്ടാഴ്ച്ച ലോക്ക്ഡൗണ്‍ വേണമെന്ന് നേരത്തെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നും നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ മതിയെന്നുമായിരുന്നു പൊതുവെ രാഷ്ട്രീയ കക്ഷികളുടെ നിലപാട്. സാധാരണക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കും ലോക്ക്ഡൗണെന്ന കാര്യത്തില്‍ സര്‍ക്കാരിന്‍റെ തീരുമാനത്തോടൊപ്പമായിരുന്നു പ്രതിപക്ഷ നേതാക്കളുടെയും നിലപാട്.
ഞായറാഴ്ച്ച രാത്രി ചേര്‍ന്ന കോവിഡ് വിദഗ്ധ സമിതിയുടെ യോഗത്തിലാണ് രണ്ടാഴ്ച്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ സംസ്ഥാനത്ത് വേണമെന്ന നിര്‍ദേശം വന്നത്. കൊറോണ വൈറസിന്‍റെ യുകെ വകഭേദം അതിവേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ കേരളം കടുത്ത ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തിയിരുന്നു.
അന്തര്‍സംസ്ഥാന യാത്രികരുടെ വരവ് കേരളത്തിലേക്ക് ശക്തമായാല്‍ മഹാരാഷ്ട്രയിലെ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിലെത്തി കനത്ത നാശം വിതച്ചേക്കുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഈ വൈറസിന്‍റെ വ്യാപനം ചെറുക്കണമെങ്കില്‍ രണ്ട് ആഴ്ച്ചയെങ്കിലും ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണമെന്നതാണ് വിദഗ്ധതി സമിതിയുടെ നിലപാട്. ഇതിനാണ് അവര്‍ രണ്ടാഴ്ച്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണും ശുപാര്‍ശ ചെയ്തത്.
സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നാല്‍ സംസ്ഥാനത്തിന്‍റെയും ജനങ്ങളുടെയും സാമ്പത്തിക അവസ്ഥ അതിഭീകരമായ രീതിയില്‍ മോശമാകുമെന്നാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണില്‍ വിവിധ മേഖലകള്‍ തകര്‍ന്ന് തരിപ്പണമായത് അനുഭവസാക്ഷ്യമായി കിടക്കുന്നു എന്നതും ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടിലേക്ക് സര്‍ക്കാരിനെ എത്തിച്ചു. അതേസമയം നിയന്ത്രണങ്ങളില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയും വേണ്ടെന്ന നിലപാടാകും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊള്ളുക.
ഒരാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് വേണമെന്നായിരുന്നു ഐഎംഎയും ആവശ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ നിര്‍ദേശം.