ലക്ഷണമില്ലാത്ത രോഗികള്‍ ഇന്ത്യയില്‍ കാട്ടുതീ പോലെ വൈറസ് പടര്‍ത്തുന്നു
1 min readരാജ്യമൊന്നാകെ രോഗശയ്യയിലാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
രണ്ടാം കോവിഡ് തരംഗം നിര്‍ദാക്ഷണ്യം പിടിമുറുക്കിയപ്പോള്‍ ഓക്‌സിജനും മറ്റ് ചികിത്സാ സൗകര്യങ്ങളും ഇല്ലാതെ ആളുകള്‍ മരണത്തിന് കീഴടങ്ങുന്ന കാഴ്ച നിസ്സഹായരായി കണ്ടുനില്‍ക്കേണ്ട ഗതികേടിലാണ് ഇന്ന് രാജ്യം. യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാത്ത ആയിരക്കണക്കിന് കോവിഡ് രോഗികള്‍ രോഗവ്യാപന നിരക്ക് കൂടിയ വൈറസ് വകഭേദങ്ങളെ അതിവേഗത്തില്‍ മറ്റുള്ളവരിലേക്ക് പടര്‍ത്തുന്നു. ഈ സ്ഥിതിവിശേഷം ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ രാജ്യമൊന്നാകെ രോഗശയ്യയിലാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇരട്ട വ്യതിയാനവും ട്രിപ്പിള്‍ വ്യതിയാനവും സംഭവിച്ച വകഭേദങ്ങള്‍ക്കൊപ്പം കൂടുതല്‍ അപകടകാരിയായ യുകെ വകഭേദവുമാണ് ഇന്ത്യയിലൊട്ടാകെ ഇപ്പോള്‍ സംഭവിക്കുന്ന രോഗ വ്യാപനത്തിന് പിന്നിലെന്നാണ് ഇവര്‍ കരുതുന്നത്.
ഡെല്‍ഹിയില്‍ മാത്രം 400ലധികം യുകെ വകഭേദങ്ങളും 76ഓളം ഇന്ത്യയിലെ ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) വ്യക്തമാക്കുന്നു. ഇന്ത്യയിലെ പതിനൊന്ന് ശതമാനം സാമ്പിളുകളില്‍ ആശങ്കയ്ക്കിടയാക്കുന്ന വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ 1,644 യുകെ വകഭേദങ്ങളുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 112 ആഫ്രിക്കന്‍ വകഭേദത്തിന്റെ കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദം മൂലമുള്ള 732 കേസുകളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യുകെ വകഭേദമാണ് ഡെല്‍ഹിയില്‍ പകര്‍ച്ചവ്യാധി ഇത്രയധികം രൂക്ഷമാകാനുള്ള കാരണമെന്ന് എന്‍സിഡിസി ഡയറക്ടര്‍ സുജീത് കുമാര്‍ സിംഗ് വ്യക്തമാക്കി. യുകെ വകഭേദവും ഇരട്ട വ്യതിയാനം സംഭവിച്ച വകഭേദവും ഡെല്‍ഹിയില്‍ വ്യാപിക്കുന്നുണ്ട്. അവിടുത്ത അവസ്ഥ സംബന്ധിച്ച കൃത്യമായൊരു രൂപം പുറത്ത് വരാനിരിക്കുന്നതേയുള്ളു. പുതിയ വകഭേദങ്ങളായിരിക്കും ഡെല്‍ഹിയില്‍ രോഗവ്യാപനം കൂടാനുള്ള കാരണമെന്നും സുജീത് കുമാര്‍ സിംഗ് അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയില്‍ ആദ്യമായി കണ്ടെത്തിയ B1617 എന്ന വകഭേദം E484Q, L452R എന്നിങ്ങനെ രണ്ട് വ്യത്യസ്ത വൈറസ് വകഭേദങ്ങളില്‍ സംഭവിച്ച രണ്ട് വ്യതിയാനങ്ങളും കൂടിച്ചേര്‍ന്നവയാണ്. അതോടാപ്പം മൂന്ന് വ്യത്യസ്ത കോവിഡ് വകഭേദങ്ങളും കൂടിച്ചേര്‍ന്ന് ഒരു പുതിയ വകഭേദമായി മാറിയ ട്രിപ്പിള്‍ വ്യതിയാനം സംഭവിച്ച വൈറസും ഇപ്പോള്‍ രാജ്യത്ത് രൂപപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ട് വകഭേദങ്ങളില്‍ ഒന്ന് മഹാരാഷ്ട്ര, ഡെല്‍ഹി, പശ്ചിമ ബംഗാള്‍. ഛത്തീസ്ഗഢ് എ്ന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒന്നാം തരംഗത്തേക്കാളും അപകടകാരിയാണ് ഇന്ത്യയിലെ രണ്ടാം തരംഗമെന്നതില്‍ യാതൊരു സംശയവും ഇല്ലെന്ന് ഹൈദരാബാദിലെ കിംസ് ആശുപത്രിയിലെ മുതിര്‍ന്ന ശ്വാസകോശ രോഗ വിദഗ്ധനായ ഡോ. വി രമണ പ്രസാദ് പറഞ്ഞു. വ്യതിയാനം സംഭവിച്ച വൈറസിന് രോഗവ്യാപന ശേഷി കൂടുതലാണെന്നും അപകടകാരിയാണെന്നും അദ്ദേഹം പറഞ്ഞു. രോഗം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കാനും മരണനിരക്കും ആരോഗ്യപ്രശ്‌നങ്ങളും കൂടാനും അവ കാരണമാകുമെന്ന് രമണ പ്രസാദ് അഭിപ്രായപ്പെട്ടു.
പകര്‍പ്പുകള്‍ ഉണ്ടാകുമ്പോഴും മറ്റൊരാളിലേക്ക് പകരുമ്പോഴും ജനിതകമായി രൂപമാറ്റം നടത്താന്‍ ശേഷിയുള്ളവയാണ് ആര്‍എന്‍എ വൈറസ്. ഇത്തരം രൂപമാറ്റങ്ങള്‍ ചിലപ്പോഴൊക്കെ അന്തരീക്ഷവുമായി കൂടുതല്‍ ഇണങ്ങി കഴിയാനുള്ള ശേഷി വൈറസ് വകഭേദങ്ങള്‍ക്ക് നല്‍കുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് കാരണമാകുന്ന SARS-CoV2 വൈറസ്, ഇന്‍ഫ്‌ളുവന്‍സ, എച്ച്‌ഐവി പോലുള്ള വൈറസുകളെ അപേക്ഷിച്ച് വളരെ പതുക്കെയാണ് രൂപമാറ്റം നടത്തുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ രോഗബാധിതരാകുന്ന സാഹചര്യത്തില്‍ പുതിയ വകഭേദങ്ങള്‍ വളരെ പെട്ടെന്ന് ഉയര്‍ന്നുവരുന്നു. രോഗികളുടെ എണ്ണവും വ്യാപനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രൂപമാറ്റത്തിന് കൂടുതല്‍ അവസരങ്ങളാണ് കൊറോണ വൈറസിന് ലഭിക്കുന്നത്.
പുതിയ വകഭേദങ്ങള്‍ക്ക് രോഗവ്യാപന ശേഷി വളരെ അധികമാണെന്ന് ബെംഗളൂരു അപ്പോളൊ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.സുമന്ത് മന്ത്രി പറഞ്ഞു. ലക്ഷണങ്ങള്‍ ഇല്ലാത്ത നിരവധി പേര്‍ രോഗ വ്യാപനമുണ്ടാക്കുന്നു. മാസക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വരുത്തിയ വീഴ്ചയാണ് ഇപ്പോള്‍ രോഗവ്യാപനം ഉയരാനുള്ള പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച രാജ്യത്ത് 3,46,786 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് ദിവസമായി മൂന്ന് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗ നിരക്ക്. ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടാകുന്നത് ശനിയാഴ്ച പുലര്‍ച്ച വരെ 2,624 മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യം ഇതുവരെ കണ്ടതില്‍ ഏറ്റവും കൂടിയ മരണനിരക്കാണിത്. തുടര്‍ച്ചയായ നാലാം ദിവസമാണ് കോവിഡ്-19 പിടിപെട്ട് മരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം 1,89,544 പേര്‍ക്കാണ് കൊറോണ വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.